പ്രത്യാശയുടെ പുതുവര്‍ഷം
മനുഷ്യസമൂഹം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ്. പരിണാമദിശയുടെ വഴിത്തിരിവില്‍ ഇത്രയധികം ഹിംസ്രജന്തുക്കള്‍ കുതിച്ചുചാടുമെന്ന് ആരും പ്രതീക്ഷിച്ചിരിക്കില്ല. ശ്രേഷ്ഠം, മഹത്വം എന്നുച്ചരിച്ചു ശീലിച്ചവയെ മ്ലേഛം, മലിനം എന്നു മുദ്രകുത്തി ഉപേക്ഷിക്കേണ്ടിവരുമെന്ന് ആരും കരുതിയിരിക്കില്ല. മനുഷ്യാവകാശം ഭരണഘടനയില്‍നിന്നു ജനജീവിതത്തിലേക്ക് ഇറിങ്ങിവരുമെന്നു വിശ്വസിച്ചവര്‍ക്ക് തെറ്റുപറ്റി! വഴിതെറ്റിച്ച്, വാണിഭത്തെരുവുകളിലൂടെ, മത-ജാതി വ്യവസ്ഥകളെ പ്രീതിപ്പെടുത്തി, അധികാരത്തിന്റെ ഉരുക്കറയിലേക്ക് അതിനെ കയറ്റിക്കൊണ്ടുപോയി. അടിത്തറയുടെ പശമണ്ണിനേക്കാള്‍ അധികാരത്തിനിഷ്ടം അടിച്ചമര്‍ത്തലിന്റെ ആയുധബലമാണ്. ചെറുതും വലുതുമായ അധികാരപ്രയോഗങ്ങള്‍ മനുഷ്യരാശിയെ ജീവിതാവകാശങ്ങളില്‍നിന്ന് ആട്ടിയോടിച്ചിരിക്കുന്നു.
" കാലത്തിന്റെ പുസ്തകത്തിലെ ഒരു താള്‍കൂടി നാം മറിക്കുകയാണ്. പുതുവത്സരാശംസകള്‍ എന്നു പറയാന്‍ നാവ് വിറയ്ക്കുന്നു. ഓരോ ചെമ്പനീര്‍ പൂവിലും ഉദയതുഷാരം തിളങ്ങുമെന്ന് കരുതി...പക്ഷെ, അനാഥരുടെ കണ്ണീരും ചോരയും വീണ് അവ കലങ്ങി ഉതിര്‍ന്നു പോകുന്നു.. "
കാലത്തിന്റെ പുസ്തകത്തിലെ ഒരു താള്‍കൂടി നാം മറിക്കുകയാണ്. പുതുവത്സരാശംസകള്‍ എന്നു പറയാന്‍ നാവ് വിറയ്ക്കുന്നു. ഓരോ ചെമ്പനീര്‍ പൂവിലും ഉദയതുഷാരം തിളങ്ങുമെന്നു കരുതി... പക്ഷെ, അനാഥരുടെ കണ്ണീരും ചോരയും വീണ് അവ കലങ്ങി ഉതിര്‍ന്നുപോകുന്നു. വെടിയൊച്ചകളുടെ പ്രളയത്തില്‍ പ്രാര്‍ഥനയോടെ തരംഗങ്ങള്‍ അടിച്ചേറില്‍ അമര്‍ന്നുപോകുന്നു. വേദനയുടെ മാപനികള്‍ അമിത സമ്മര്‍ദങ്ങളില്‍ മരവിച്ചു പോയിരിക്കുന്നു. മാനവചിന്തയുടെ കല്‍പകവാടിയില്‍ തീപടരുന്നു. ധനത്തിന്റെ മോഹവളര്‍ച്ചയില്‍ ധ്യാനമരങ്ങള്‍ ഉണങ്ങിപ്പോകുന്നു. ദേവാലയങ്ങളുടെ താഴികക്കുടങ്ങളില്‍ ചിറകുപിണഞ്ഞ് കരുണയുടെ വാനമ്പാടികള്‍ തളര്‍ന്നുവീഴുന്നു. സ്‌നേഹമസൃണമായ ഒരു തഴുകല്‍ വിസ്മരിച്ച വിരലുകള്‍ ലോകത്തിന്റെ വിധിയെഴുതുകയാണ്.
ചെറുപ്പത്തില്‍ ഒരു കഥ കേട്ടിട്ടുണ്ട്. വേനലിന്റെ പൊള്ളല്‍ സഹിക്കാതെ മണല്‍മുറ്റത്തു പായ വിരിച്ചുകിടന്ന രാത്രിയില്‍ മുത്തശ്ശി പറഞ്ഞുതന്നത്. പണ്ടുപണ്ട് കാട്ടിലെ ഒരു പട്ടിയമ്മ വിശപ്പിനു വകതേടി നടന്നിട്ട് ഒന്നും കിട്ടിയില്ല. അമ്മ നാല് ആണ്‍മക്കളെയും അടുത്തു വിളിച്ച് ഓരോ ചുമതല ഏല്‍പ്പിച്ചു. ഒരാള്‍ കുറച്ചു വെള്ളം കൊണ്ടുവരുക. രണ്ടാമന്‍ വിറക് ശേഖരിക്കുക. മൂന്നാമന്‍ ഇറച്ചി കൊണ്ടുവരുക. നാലാമന്‍ തീതേടി ഗ്രാമത്തിലേക്കു പോവുക. എല്ലാവരും വന്നാല്‍ നമുക്കു പാചകം തുടങ്ങാം.
പോയവരാരും മടങ്ങിവന്നില്ല. തീ തേടി നാട്ടിലെത്തിയ പട്ടിക്കുട്ടിക്ക് ഒരമ്മ ഒരല്‍പം വറ്റും പാലും കൊടുത്തു. ആ സ്‌നേഹസ്വാദില്‍ മയങ്ങി അടുക്കളപ്പുറത്തു തന്നെ തമ്പടിച്ച മൃഗമത്രെ നമ്മുടെ വളര്‍ത്തുനായ! വെള്ളത്തിനു പുഴയിലെത്തിയ കക്ഷി മത്സ്യത്തെ പിടിച്ചുതിന്ന് തെളിവെള്ളം കുടിച്ച് അവിടെത്തന്നെ കൂടി. അതാണുപോലും നീര്‍നായ. വിറകിനുപോയ ആള്‍ മരത്തില്‍ കയറി വിഹരിച്ച് കായ്കനി തിന്ന് തിരിച്ചുപോക്ക് വേണ്ടെന്നുവച്ചു. അയാളാണ് മരപ്പട്ടി. ഇറച്ചിതേടി കാട്ടുപൊന്തയിലെത്തി, വേട്ടയാടിയ മാംസംതിന്ന് മതിമറന്നുറങ്ങിപ്പോയ ആള്‍ ചെന്നായ എന്ന് പേരെടുത്ത് അവിടെത്തന്നെ കഴിച്ചുകൂട്ടി!
കഥകേട്ട് ആകാശത്തേക്കു കണ്ണുംനട്ട് ഞാന്‍ മുത്തശ്ശിയുടെ കൈയില്‍ തഴുകി ചേര്‍ന്നു കിടക്കുമ്പോള്‍ വിരിപ്പായയുടെ അരികില്‍, ആരോ കാലില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നതായി തോന്നി. നേരിയ ഭയത്തോടെ നിലാവിന്റെ നേര്‍ത്ത വെളിച്ചത്തില്‍ സൂക്ഷിച്ചു നോക്കി. പണ്ടുപണ്ട് തീ തേടി നാട്ടിലെ അടുക്കളപ്പുറത്തുവന്ന് അമ്മയുടെ അന്നത്തിലും സ്‌നേഹത്തിലും മയങ്ങിയ ജന്തുവിന്റെ പിന്തുടര്‍ച്ചക്കാരനായി വീട്ടില്‍ വളര്‍ന്ന നായ്ക്കുട്ടനായിരുന്നു അതും.
ആ വീട്ടുനായയുടെ വംശപരമ്പര, പെറ്റുപെരുകിപ്പെരുകി, കാട്ടുജന്തുവിന്റെ വീറും വാശിയും കാണിച്ച് മാംസദാഹത്തോടെ പല്ലിളിച്ച് കുതിച്ചുചാടുകയാണ്. മനുഷ്യന്റെ കഴുത്തും മുഖവും കൈയും കാലും അവന്‍ കടിച്ചുകീറുന്നു. അക്രമികളായ നായ്ക്കള്‍ മനുഷ്യവംശത്തിന്റെ മിത്രത ഉപേക്ഷിച്ചിരിക്കുന്നു. ദേശീയതലത്തില്‍ നായ്പ്രശ്‌നം ചര്‍ച്ചയാകുന്നു. കൊല്ലണം, കൊല്ലരുത്... രണ്ടും ആക്രോശങ്ങളാണ്. ഭരണകൂടത്തിന്റെയും നിയമവാഴ്ചയുടെയും ന്യായവാദങ്ങളറിയാതെ നായ്ക്കള്‍ നടുറോഡില്‍ മനുഷ്യനെ കടിച്ചുപറിക്കുന്നു. ജന്തുസ്വഭാവത്തിലെ ഈ വ്യതിയാനം ശാസ്ത്രീയമായി പഠിക്കാന്‍ പക്ഷേ, നമുക്കു വ്യഗ്രതയില്ല. പരിഹാരവും ഇല്ല. തോക്കും വടിയുമായി ചിലര്‍, വാക്കും മരുന്നുകുപ്പിയുമായി മറ്റു ചിലര്‍, വാഗ്വാദങ്ങള്‍ക്കിടയില്‍ വീണ്ടും പ്രാകൃതമായ കുര മുഴങ്ങുന്നു.
ആണും പെണ്ണും അചുംബിതമായ പ്രേമാനുഭൂതി അനുഭവിച്ചതിന്റെ പാരിതോഷികമായി പ്രപഞ്ചം നല്‍കിയതാണ് ജന്മം. ആണില്ലാതെ പെണ്ണും പെണ്ണില്ലാതെ ആണും അപൂര്‍ണമായ ജീവിതം നയിക്കുന്നു. നാളെയുടെ നാന്ദിനാളമായി ഗര്‍ഭസ്ഥ പരാഗണത്തിന്റെ അദൃശ്യലയനം സാധ്യമായില്ലെങ്കില്‍ തലമുറകളുടെ പൊക്കിള്‍കൊടിപ്പാലം എന്നേക്കുമായി വിഛേദിക്കപ്പെടും. എന്നു പറഞ്ഞാല്‍ ജൈവപ്രപഞ്ചം നശിച്ചുപോകുമെന്നര്‍ഥം.
പെണ്ണ് വിചിത്രമായ ഒരു ഉപഭോഗ നിര്‍മിതിയായി ചരിത്രത്തില്‍ എങ്ങനെ രൂപാന്തരപ്പെട്ടുവെന്നു ചിന്തിക്കാന്‍ നമുക്കു സാമൂഹികശാസ്ത്രമില്ല. പിച്ചിച്ചീന്തിയെറിഞ്ഞ ഉടലുകളുടെ ദൃശ്യവിന്യാസവും വ്യപാര വാര്‍ത്തയുമല്ലാതെ അര്‍ധനാരീശ്വരം എന്ന വാക്കിനെ നിര്‍വചിക്കാന്‍ ആരുമില്ല. നിയമവും പൊലിസും കോടതിയും വാദവും വിധിയും മുറപോലെ കോടികള്‍ മുടക്കി കടന്നുപോകുമ്പോള്‍, നീറിയൊടുങ്ങിയ ചിതയും മനസും നിശബ്ദമായിട്ടുണ്ടാകും. ഒറ്റക്കൈയും ഇരട്ടക്കൈയും ചുറ്റിവരിയുന്ന ദൈന്യരൂപങ്ങളുടെ അലമുറകള്‍ക്കിടയില്‍ മഹാസത്യങ്ങളുടെ മിന്നായങ്ങള്‍ ആരുടെ കണ്ണില്‍പെട്ടു?
മനുഷ്യചേതനയെ മാരകമായ പല്ലിനും നഖത്തിനും വിട്ടുകൊടുത്ത് കരുണയുടെ ലോകമേ, നീ എന്തു ചെയ്യുകയാണ്? ആണ്‍കോയ്മയുടെ കൊമ്പിനും കുളമ്പിനുമിടയില്‍ ഞെരിഞ്ഞമര്‍ന്ന സ്‌ത്രൈണത എന്തു പാപമാണ് ചെയ്തത്. പ്രകൃതിദത്തമായ ഉടലിനെ വര്‍ണിച്ചു വഷളാക്കിയ നാണംകെട്ട നാഗരികരോ, പെറ്റ തള്ളയുടെ അവയവമല്ലാതെ മറ്റൊന്നും ഭൂമിയിലാര്‍ക്കുമില്ലെന്ന ബോധം എങ്ങനെയാണ് നഷ്ടപ്പെടുത്തിയത്?
രാഷ്ട്രീയമായ പ്രത്യയശാസ്ത്രത്തിനും വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്കും സ്വാതന്ത്ര്യത്തിന്റെ പോരാട്ടങ്ങള്‍ക്കും പിടികൊടുക്കാതെ ഏതോ പുരുഷമൃഗം സ്ഥാനം തെറ്റിയ അവയവങ്ങളുമായി കുതറിയോടുന്നുണ്ട്. നരകതുല്യമായ പീഡനങ്ങളുടെ കഥയെഴുതിയ വിമോചനപുസ്തകം അവന്‍ കണ്ടിട്ടില്ല. ധീരോദാത്തമായ വെല്ലുവിളികളും കഴുമരവും ബലികുടീരവും അവന്റെ ഓര്‍മയിലില്ല. അധ്വാനിച്ച് അഭിമാനത്തോടെ പടുത്തുയര്‍ത്തിയ ജീവിതത്തിന്റെ ചരിത്രേതിഹാസം ആരും അവനെ പഠിപ്പിച്ചിട്ടില്ല.
കൃത്രിമ ഭക്ഷണത്തിന്റെ ചേരുവയില്‍ രാസാഗ്നി പടര്‍ന്നുകയറിയപ്പോള്‍ നീലച്ചെകുത്താന്റെ മനസും ഉടലുമായി ചുറ്റിത്തിരിയുന്ന വന്യപുരുഷന്മാരെ എവിടെയും കാണാം. അവരെ പഠിക്കാന്‍, പരിഹാരം കാണാന്‍ നമുക്കു മാര്‍ഗമില്ല.
ഭക്ഷണം. അതു ജീവന്റെ അമൃതാകുന്നു. ശരീരത്തിന്റെ ഇന്ധനമാകുന്നു. അതിന്റെ വിശുദ്ധിയിലാണു നമ്മുടെ പഞ്ചേന്ദ്രിയ വ്യവസ്ഥ സമചിത്തതയോടെ അത്ഭുതകരമായ സിംഫണി ഒരുക്കുന്നത്. ഹൃദയതാളവും ശ്വാസകോശ ചലനവും വചനരഹസ്യവും രക്തസഞ്ചാര ഗതിയുമെല്ലാം തന്മാത്ര തെറ്റാതെ സംവിധാനം ചെയ്യുന്ന കേന്ദ്രത്തെ തകിടംമറിക്കാന്‍ ലഹരിവസ്തുക്കള്‍ക്കും മായംചേര്‍ത്ത രുചികള്‍ക്കും കഴിയുമെന്നത് ശരീരശാസ്ത്രത്തിന്റെ ഒന്നാം പാഠമാകുന്നു. ഓന്നാം പാഠത്തില്‍ സത്യമില്ലെങ്കില്‍ പത്താം പാഠത്തിലെ മിഥ്യ നിങ്ങള്‍ സൃഷ്ടിച്ചതാണ്. ശുദ്ധിയില്ലാത്തവന്റെ (ഇല്ലാത്തവളുടെ) മേലങ്കിപ്പരിമളങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ സൂചിപ്പിച്ചേക്കാം. ആന്തരികതയുടെ മായാമുദ്രകള്‍ മാത്രമേ സാംസ്‌കാരിക സൗന്ദര്യത്തിന്റെ ചേരുവയായി കാലം സ്വീകരിക്കുകയുള്ളൂവെന്ന് ആശയഭദ്രതയുള്ള ഗ്രന്ഥങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
മായംചേര്‍ന്ന ഭക്ഷണം ശാപമാകുന്നു. മായംചേര്‍ന്ന കല അതിനേക്കാള്‍ വലിയ വിപത്താകുന്നു. രണ്ടുംകൂടി ചേര്‍ന്നു നിര്‍മിച്ച മലിനലോകത്തിന്റെ ചികിത്സയ്ക്കായി നഗരം മുട്ടെ വളര്‍ന്നുപൊന്തിയ ആശുപത്രിക്കൊട്ടാരത്തില്‍ പക്ഷേ, മനുഷ്യവിസര്‍ജ്യം എവിടെയുപേക്ഷിക്കണമെന്നറിയാവുന്ന ശാസ്ത്രജ്ഞരില്ലപോലും! കഷ്ടം...
ഗതികെട്ട ധനമോഹത്തിന്റെ വളര്‍ച്ചയില്‍ സ്വയം മറന്നുപോയ മനുഷ്യന്റെ അധഃപതനം. രാത്രിയുടെ വിജനയാമത്തില്‍ മലമൂത്രവിസര്‍ജ്യം നിറച്ച മാലിന്യംതള്ളി രക്ഷനേടുന്ന ലക്ഷപ്രഭുക്കളുടെ വിദ്യാഭ്യാസം പരിഹാസ്യമാകുന്നു. നീചപ്രവൃത്തി ചെയ്യുന്നവന്‍ കൂലിക്കാരനാണ്. ചെയ്യിക്കുന്നവനാണ് ഒന്നാം പ്രതി. അവന്‍ പക്ഷേ, നിയമപരിരക്ഷയുടെ ഭരണകവചത്തില്‍ സുരക്ഷിതന്‍. നിരപരാധിയായ സാധാരണ മനുഷ്യന്റെ ശാപജീവിതം ഏതു പുരോഗതിപ്പട്ടികയിലാണ് രേഖപ്പെടുത്തുക?
അക്ഷരങ്ങളുടെ സുപ്രഭാതത്തില്‍ അഗ്നിസമുദ്രം കടഞ്ഞവര്‍ക്കു തിരുമധുരം കിട്ടിയ സുപ്രധാന വര്‍ഷമാണിത്. ചിലപ്പോള്‍ കാലം നീതികാണിക്കും. കല്‍പ്പനയുടെ കള്ളികളില്‍നിന്നു തെറിച്ചുവീണ അക്ഷരങ്ങളുടെ ശോഭയ്ക്ക് നാരായമുനയാല്‍ സാക്ഷ്യമെഴുതാതെ കാറ്റിനും കടലിനും അടങ്ങിയിരിക്കാനാവില്ല. ഗ്രാമീണ ജീവിതത്തിന്റെ കതിരാട്ടങ്ങളെയും വിദൂര നക്ഷത്രങ്ങളുടെ കനലാട്ടത്തെയും സമന്വയിപ്പിക്കാന്‍ സര്‍ഗാത്മകതയുടെ തിരുമൂശയില്‍ ഇടമുള്ള വലിയ എഴുത്തുകാര്‍ നമുക്കുണ്ട്. അവരെ നൂറുവട്ടം പ്രണമിക്കുമ്പോള്‍ ഒരക്ഷരമെങ്കിലും സാരസ്വത മുദ്രയോടെ നമുക്കും വീണുകിട്ടും.
വര്‍ഷാരംഭത്തില്‍ കവിതയുടെ ഒരാല്‍മരം കടപുഴകി വീണു. ഭൂതലജീവിതത്തിന്റെ വരള്‍ച്ചയില്‍ മനംനൊന്തു ഭൂമിക്ക് ഒരു ചരമഗീതമെന്ന് തലക്കെട്ടിട്ട് ഭൂമിയുടെ ചിരഞ്ജീവിതത്തെ സ്തുതിച്ചു പാടിയ ആ വലിയ കാവ്യസ്തംഭം ഇപ്പോഴും ഓര്‍മയില്‍ എരിയുന്നു.
വര്‍ഷാവസാനം വെള്ളിടിപോലെ വാര്‍ത്തവന്നു. നോട്ടുകള്‍ പിന്‍വലിക്കുന്നു. രാഷ്ട്രീയ സിംഹങ്ങള്‍ മടവിട്ടിറങ്ങി അലറി. ആദര്‍ശത്തിന്റെ വവ്വാലുകള്‍ നട്ടുച്ചയ്ക്കും പറന്നു. സാധാരണ ജനം അരിക്കും പച്ചക്കറിക്കും ചാളയ്ക്കും പണമില്ലാതെ നെട്ടോട്ടമോടി. തൊഴിലാളികള്‍ വലഞ്ഞു. സഹകരണ സംഘങ്ങള്‍ നിശ്ചലമായി. രാജ്യം അതിന്റെ സാമ്പത്തിക കലവറ പുതുക്കിപ്പണിയുന്നു. കള്ളപ്പണത്തിന്റെ രാത്രിഞ്ചരന്മാരെ കെണിവച്ചു പിടിക്കാന്‍ വലിയൊരു പരിഷ്‌കരണ പദ്ധതി.
നിയന്ത്രണങ്ങളുടെ കാണാച്ചരടുകളില്‍ പിടിച്ചും വലിച്ചും വെല്ലുവിളിച്ചും പ്രതിഷേധിച്ചും ദിനങ്ങള്‍ കടന്നുപോകുന്നു. പാര്‍ലമെന്റില്‍ ആക്രോശങ്ങളുടെ മണിക്കൂറുകള്‍. ഈ ലേഖകന്‍ സാമ്പത്തിക വിദഗ്ധനല്ല. അതിനാല്‍ കണക്കുപുസ്തകം തുറക്കാതെ തുറന്നെഴുതാം. പണം മാത്രം കേന്ദ്രീകരിച്ച പരിഷ്‌കാരങ്ങള്‍ക്കു വെറും പണം മാത്രമേ സംരക്ഷിക്കാനാകൂ. ധനം പക്ഷേ ധാന്യവുമായി ബന്ധപ്പെട്ടതാണ്. ധാന്യം കര്‍ഷകന്റെ തഴമ്പുറ്റ കൈകളുടെ ഉല്‍പ്പന്നമാണ്. മണ്ണും മനുഷ്യനും ചേര്‍ന്ന സംസ്‌കൃതിക്കു മാത്രമേ രാജ്യത്തെ രക്ഷിക്കാനാവൂ.
യന്ത്രത്തിന് ഇടപാടുകളുടെ ഇടനിലക്കാരനാവാം. പക്ഷെ, അതിന്റെ വായില്‍ വിത്തും മുളയുമില്ല. കര്‍ഷകന്റെ കണ്ണുനീരല്ല, ധന്യമായ ജീവിതത്തിന്റെ മണ്ണൊരുക്കം മാത്രമാണു രാജ്യത്തിന്റെ മോചനദ്രവ്യം. പണം തിന്നു ശീലിക്കാത്ത മനുഷ്യരാശിയെ അന്നമൂട്ടുന്ന കര്‍ഷകജനതയുടെ ജീവിതത്തെ ഏതൊരു രാജ്യം പരിരക്ഷിക്കുന്നുവോ, ആ രാജ്യത്തിനു മാത്രമാണ് സ്വാതന്ത്ര്യത്തിന്റെ സംഗീതമാസ്വദിക്കാന്‍ കഴിയുക!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."