ബിപിന്‍ റാവത്ത് ചുമതലയേറ്റു
ന്യൂഡല്‍ഹി: പുതിയ സൈനിക തലവനായി ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു. ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് സ്ഥാനമൊഴിഞ്ഞ സ്ഥാനത്തേക്കാണു പുതിയ നിയമനം. നിലവില്‍ സൈന്യത്തിന്റെ ഉപമേധാവിയായിരുന്നു റാവത്ത്.
മുതിര്‍ന്ന ലഫ്റ്റനന്റ് ജനറല്‍മാരായ പ്രവീണ്‍ ബക്ഷിയെയും പി.എം ഹാരിസിനെയും മറികടന്നാണു രാജ്യത്തിന്റെ 26-ാമത് സൈനിക തലവനായി റാവത്ത് സ്ഥാനമേറ്റത്. ഇന്നലെ വ്യോമസേനാ തലവനായി ബിരേന്ദര്‍ സിങ് ധനോവയും ചുമതലയേറ്റിട്ടുണ്ട്. അനൂപ് രഹാക്കു പകരക്കാരനായാണ് ബിരേന്ദര്‍ പദവി ഏല്‍ക്കുന്നത്.
പിരിഞ്ഞുപോകുന്ന ദല്‍ബീര്‍ സിങ്ങും അനൂപ് രഹയും ഇന്നലെ രാവിലെ ന്യൂഡല്‍ഹിയിലെ ഇന്ത്യാഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയിലെത്തി ആദരവുകളര്‍പ്പിച്ചു. ഇവിടെനിന്ന് ഇരുവരും ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിക്കുകയും ചെയ്തു. സൈനിക ഓപറേഷനുകള്‍ നടത്താന്‍ എല്ലാ സ്വാതന്ത്ര്യവും പിന്തുണയും നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാരിനും നന്ദിപറയുന്നതായി ദല്‍ബീര്‍ സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സൈനികര്‍ക്ക് വണ്‍ റാങ് വണ്‍ പെന്‍ഷന്‍ അനുവദിച്ച സര്‍ക്കാരിനെ അഭിനന്ദിച്ച അദ്ദേഹം രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനായി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികള്‍ക്ക് ആദരവുമര്‍പ്പിക്കുന്നതായും പറഞ്ഞു.
പുതിയ സൈനിക തലവന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി ജനറല്‍ പ്രവീണ്‍ ബക്ഷി പറഞ്ഞു. താന്‍ കിഴക്കന്‍ സൈനിക കമാന്‍ഡിന്റെ ചുമതലയില്‍ തുടരുമെന്നും മറ്റു തരത്തിലുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിച്ചു രാജ്യത്തിന്റെ സൈനിക നന്മക്ക് പരമാവധി സേവനങ്ങളര്‍പ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും കഴിഞ്ഞ ദിവസം വൈകിട്ട് കിഴക്കന്‍ കമാന്‍ഡിലെ സൈനികരോട് നടത്തിയ പ്രസംഗത്തില്‍ പ്രവീണ്‍ ബക്ഷി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."