ഞാറയ്ക്കല്‍ ആക്രമണം: പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ പിടിയില്‍
കൊച്ചി: പെട്രോള്‍ പമ്പില്‍വച്ച് യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേരെ ഞാറയ്ക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തു. എറണാകുളം നായരമ്പലം കല്ലുമഠത്തില്‍ ഷൈലേഷ് കുമാര്‍, ആലുവ കീഴുമാട് വൈലോപ്പിള്ളി വീട്ടില്‍ ഷൈന്‍ എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ പ്രതികളായ സരുണ്‍, ലതീഷ്, വികാസ് എന്നിവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കികൊടുത്തത് ഇവരാണെന്ന് പൊലിസ് പറഞ്ഞു. ഇവരുടെ ബൈക്കുകളും ഓട്ടോറിക്ഷയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വല്ലാര്‍പാടം പള്ളിക്കല്‍ വീട്ടില്‍ നിഖില്‍ ജോസ് (26) ആണ് അക്രമണത്തിനിരയായത്. ഭാര്യയ്ക്കും ഒന്നരവയസുള്ള മകനുമൊപ്പം ജീപ്പില്‍ സഞ്ചരിക്കുമ്പോള്‍ പിന്നാലെ ബൈക്കിലെത്തിയ മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് എടവനക്കാട് ഇല്ലത്തുപടിയിലെ പെട്രോള്‍ പമ്പില്‍വച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിനുശേഷം ബൈക്കില്‍ രക്ഷപെട്ട ഇവര്‍ ഷൈനിന്റെ ആലുവയിലെ വീട്ടിലാണ് ഒളിവില്‍ താമസിച്ചതെന്ന് പൊലിസ് പറഞ്ഞു. ബൈക്കിനു സൈഡ്‌കൊടുത്തില്ലെന്ന കാരണം പറഞ്ഞായിരുന്നു ആക്രമണം. നിഖില്‍ ആക്രമണം തടയാന്‍ ശ്രമിച്ചപ്പോള്‍ കൈയില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമായിട്ടും അക്രമികളെ പിടികൂടിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. പ്രതികളെ പിടികൂടാന്‍ ഗുണ്ടാവിരുദ്ധ സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. പ്രതികള്‍ കേരളത്തിന് പുറത്തേക്ക് രക്ഷപെട്ടതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."