ദേശീയ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസില്‍ മികവുകാട്ടി ലക്ഷദ്വീപ് പെണ്‍കുട്ടികള്‍
കല്പേനി: ലക്ഷദ്വീപ് മണ്ണിന്റെ ഘടനയും കാര്‍ഷിക ക്ഷമതയും പ്രമേയമാക്കിയുള്ള പഠനത്തിലൂടെ മികവുറ്റ കണ്ടുപിടുത്തങ്ങളുമായി ദ്വീപിലെ പെണ്‍കുട്ടികള്‍ ദേശീയ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസില്‍ തിളങ്ങി. ഡിസംബര്‍ 27 മുതല്‍ 30 വരെ മഹാരാഷ്ട്രയില്‍ നടന്ന 24 -ാമത് ദേശീയ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസില്‍ നാലുകുട്ടികളാണ് മികവ് തെളിയിച്ചത്.
ദ്വീപ് തലത്തില്‍ നടത്തിയ മല്‍സരത്തില്‍ വിജയികളായ സ്കൂളുകളുടെ പ്രതിനിധികള്‍ക്കാണ് ദേശീയ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. സുസ്ഥിര വികസനത്തിന് ശാസ്ത്രസാങ്കേതികവിദ്യയും കണ്ടുപിടുത്തവും എന്ന പ്രമേയത്തിലാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.
കവരത്തി ഗവ.സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ അമ്ന ഹമീമയുടെ നേതൃത്വത്തിലുള്ള പ്രൊജക്ടിനാണ് സീനിയര്‍വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്രപരമായ ഘടനയും പ്രധാന കാര്‍ഷികവിളയായ തെങ്ങിന്റെ പരിപാലനവും സംബന്ധിച്ച പഠനമാണ് അഞ്ചംഗസംഘം നടത്തിയത്. ഒറ്റവിള എന്നതില്‍ നിന്നുമാറി പലതരത്തിലുള്ള വിളകള്‍ കൃഷിചെയ്യാന്‍ ലക്ഷദ്വീപില്‍ കഴിയുമെന്നും ഫലപ്രദമായ രീതിയിലുള്ള പരിപാലനത്തിലൂടെ തെങ്ങ് കൃഷിയില്‍ കൂടുതല്‍ വിളവ് ലഭിക്കാന്‍ കഴിയുമെന്ന ഇവരുടെ കണ്ടെത്തലാണ് അവതരിപ്പിച്ചത്. ഒരു മാസം നീണ്ട പര്യവേഷണങ്ങള്‍ നടത്തിയാണ് പദ്ധതി തയാറാക്കിയതെന്ന് പ്ലസ്ടു വിദ്യാര്‍ഥിനിയായ അമ്ന പറഞ്ഞു.
പരിസ്ഥിത സൗഹൃദപേന കണ്ടുപിടിച്ച കട്മത്ത് ഗവ. ഗേള്‍സ് സെക്കന്‍ഡറി സ്കൂളിലെ ആഷിക്കാ ഷെയ്ഖും ടീമുമാണ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത്.
പേപ്പര്‍ ഉപയോഗിച്ച് നിര്‍മിച്ച പേനയില്‍ ഒരു അമരവിത്ത് കൂടി സൂക്ഷിച്ചിട്ടുണ്ട്. പേന ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുമ്പോള്‍ പരിസ്ഥിതിക്ക് കോട്ടമുണ്ടാകില്ലെന്ന് മാത്രമല്ല ആ വിത്ത് മുളച്ച് പ്രകൃതിക്ക് ഗുണകരമായി മാറുമെന്ന ആശയമാണ് ഇവര്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."