കലോത്സവം: അഴിമതിക്കാരെ പിടിച്ചുകെട്ടാന്‍ വിജിലന്‍സ്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ അഴിമതി തടയാന്‍ ഇത്തവണ വിജിലന്‍സും. വിധികര്‍ത്താക്കളെ നിരീക്ഷിക്കാനാണ് വിജിലന്‍സ് നീക്കം. അഴിമതിക്കുള്ള നീക്കം നടക്കുന്നു എന്ന ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയിന്മേല്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നു എന്ന പരാതി ലഭിച്ച സാഹചര്യത്തിലാണ് വിധി നിര്‍ണയം കര്‍ശനമായി നിരീക്ഷിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ഇടനിലക്കാരും വിധികര്‍ത്താക്കളും നടത്തുന്ന നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. അഴിമതി നടത്താന്‍ ഏതെങ്കിലും തരത്തിലുള്ള പ്രവൃത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ആരോപണം ഉയര്‍ന്ന വിധികര്‍ത്താക്കളെ നിരീക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഫലപ്രഖ്യാപനത്തിലെ ഇടപെടല്‍ ഒഴിവാക്കാനാണ് നീക്കം.
ഇടനിലക്കാരുടെ വിലപേശലില്‍ കോടികള്‍ കുമിഞ്ഞു കൂടുന്നു എന്ന് പരാതിയില്‍ ആരോപിക്കുന്നു. ഇടനിലക്കാരുടെ പേരും ഫോണ്‍ നമ്പറും സഹിതമാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചത്. ഒരേ ആളുകളെ തന്നെ എല്ലാ വര്‍ഷവും വിധികര്‍ത്താക്കളാക്കുന്നതും അന്വേഷിക്കണമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
വിധികര്‍ത്താക്കള്‍ കൈക്കൂലി വാങ്ങുന്നുവെന്ന ആക്ഷേപം വര്‍ഷങ്ങളായുണ്ട്. സബ്ജില്ലാ, റവന്യൂ ജില്ലാ കലോത്സവങ്ങളിലാണ് കൂടുതല്‍ പരാതിയുള്ളത്. പലയിടത്തും സ്ഥിരം വിധികര്‍ത്താക്കളെത്തുന്നത് അഴിമതിക്ക് കളമൊരുങ്ങുന്നു.
അനര്‍ഹര്‍ ഉയര്‍ന്ന തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അര്‍ഹരായ കുട്ടികള്‍ ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. ഇതു പല വേദികളിലും കൈയാങ്കളിക്ക് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."