ടെക്‌നീഷ്യന്‍മാരുടെ നിയമനത്തിനു മാനദണ്ഡമില്ല: സ്വകാര്യ ലാബുകളിലെ ഫലങ്ങള്‍ തെറ്റിയാലും നടപടിയെടുക്കാനാകില്ലെന്ന് ആരോഗ്യ വകുപ്പ്
കണ്ണൂര്‍:സ്വകാര്യ മെഡിക്കല്‍ ലാബുകളില്‍ ടെക്‌നീഷ്യന്‍മാരെ നിയമിക്കുന്നതിനു യോഗ്യതാ മാനദണ്ഡമില്ല. നിശ്ചിത യോഗ്യതയില്ലാത്തവരാണ് ഒട്ടുമിക്ക ലാബുകളിലും പരിശോധന നടത്തുന്നത്. യോഗ്യത സംബന്ധിച്ച് മാനദണ്ഡമില്ലാത്തതിനാല്‍ യാതൊരു പരിശോധനയും ആരോഗ്യ വകുപ്പും നടത്തുന്നില്ല. ഫലങ്ങളില്‍ ഗുരുതരമായ വീഴ്ച്ച വന്നാല്‍ സഹിക്കുകയെന്ന അവസ്ഥയിലാണ് രോഗികള്‍. വീഴ്ച്ച വന്നാലും നടപടിയെടുക്കാന്‍ നിര്‍വാഹമില്ലെന്നാണ് ആരോഗ്യ വകുപ്പ് രേഖാമൂലം സമ്മതിക്കുന്നത്.
കണ്ണൂരിലെ ഒരു ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ വീഴ്ച്ച വന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ നടപടിയെടുക്കാനാവില്ലെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ നിലപാട്.
തീരെ അവശയായ യുവതി ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിക്കാന്‍ ഈ ലാബില്‍ എത്തുന്നത്. ഹീമോഗ്ലോബിന്റെ അളവ് അപകടകരമല്ലാത്ത അവസ്ഥയിലാണെന്നായിരുന്നു ഫലം.
ഡോക്ടര്‍ക്ക് സംശയം തോന്നി. മറ്റൊരു ലാബില്‍ പരിശോധിച്ചപ്പോഴാണ് ഹീമോഗ്ലോബിന്റെ അളവ് അപകടകരമായ രീതിയിലാണെന്ന് മനസിലായത്.
ഉടന്‍ ചികിത്സ നല്‍കിയതിനെ തുടര്‍ന്ന് യുവതി രക്ഷപ്പെട്ടു. ഇവരുടെ ഭര്‍ത്താവാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കുന്നത്. അന്വേഷണത്തില്‍ മറ്റൊരു സ്ത്രീയുടെ രക്ത പരിശോധനയുടെ ഫലമാണ് യുവതിക്കു നല്‍കിയതെന്നും ബോധ്യമായി.
സര്‍ക്കാര്‍ ലബോറട്ടറികളില്‍ കൃത്യമായ മാനദണ്ഡത്തോടെയാണ് ടെക്‌നീഷ്യന്‍മാരെ നിയമിക്കുന്നത്.
സ്വകാര്യ ലാബുകളില്‍ യോഗ്യതയില്ലാത്തവര്‍ പരിശോധന നടത്തുന്നതിലൂടെ രോഗികളുടെ ജീവനാണ് അപകടത്തിലാവുന്നത്.
ടെക്‌നീഷ്യന്‍മാരുടെ നിയമനത്തിനു മാര്‍ഗരേഖ ഉണ്ടാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."