ഒളിച്ചുകളിച്ച് വൈദ്യുതി; മഴയെത്തും മുമ്പെ ഹൈറേഞ്ച് ഇരുട്ടിലേക്ക്
നെടുങ്കണ്ടം: മഴയെത്തും മുമ്പേ ഹൈറേഞ്ചില്‍ വൈദ്യുതി മുടക്കം തുടങ്ങി. പതിവു തെറ്റിക്കാതെ മഴക്കാല രാത്രികള്‍ ഇത്തവണയും ഇരുട്ടിലാകും.
രാപകല്‍ വ്യത്യാസമില്ലാതെ വൈദ്യുതി തടസപ്പെടുകയാണ്. ഇതോടെ നിര്‍മാണവ്യാപാരവ്യവസായ മേഖലകള്‍ പ്രതിസന്ധിയിലാകുകയാണ്. ഇടവേളകളിലായി പകലും രാത്രിയും വൈദ്യുതി മുടങ്ങുന്നു.
മഴക്കാലത്തിനു മുമ്പ് വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ മരച്ചില്ലകള്‍ വെട്ടിമാറ്റാറുണ്ടായിരുന്നു. കൂടാതെ അപകടാവസ്ഥയിലായ പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പലയിടത്തും ഇത്തരം ജോലികള്‍ നടന്നിട്ടില്ല. കരാറുകാരാണ് ജോലികള്‍ ചെയ്യുന്നത്. എന്നാല്‍ ഇവ കൃത്യമായി ചെയ്യാറുണ്ടെന്ന് ഉറപ്പുവരുത്താന്‍ പോലും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല.
ചെറിയ കാറ്റു വീശിയാല്‍ പോലും വൈദ്യുതി മുടങ്ങുന്ന ചില മേഖലകളുണ്ട്. പിന്നീട് വൈദ്യുതി പുന:സ്ഥാപിക്കാന്‍ ദിവസങ്ങളോളം വേണ്ടിവരും. ഇതുമൂലം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതോടെ വൈദ്യുതി മുടക്കവും ഏറും.
മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കുന്നത് വ്യാപാര, വ്യവസായ മേഖലകള്‍ക്കു തിരിച്ചടിയാകുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ കട്ടപ്പന, നെടുങ്കണ്ടം സബ് സ്‌റ്റേഷനുകളുടെ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈദ്യുതി മുടങ്ങി. വൈകിട്ട് അഞ്ചിന് പുനസ്ഥാപിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഒരു മണിക്കൂറോളം വൈകിയാണ് വൈദ്യുതി എത്തിയത്.
വൈദ്യുതി മുടങ്ങുന്നത് കുടിവെള്ള വിതരണത്തെയും സാരമായി ബാധിക്കുന്നു. മഴ ശക്തമാകുന്നതോടെ റോഡുവശങ്ങളിലെ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി മുടങ്ങാന്‍ സാധ്യതയേറെയാണ്. മഴക്കാലമെത്തുന്നതോടെ ഇരുള്‍ നിറഞ്ഞ ദിനങ്ങളാണ് ഹൈറേഞ്ചിനെ കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."