ബ്രസീലിലെ ജയിലില്‍ കലാപം; 50 പേര്‍ കൊല്ലപ്പെട്ടു
മാനോസ്: ബ്രസീലിലെ മാനോസ് നഗരത്തിലെ ജയിലിലുണ്ടായ കലാപത്തില്‍ 50 ലേറെ പേര്‍ കൊല്ലപ്പെട്ടു. തടവുകാര്‍ തമ്മിലുള്ള കലഹത്തില്‍ മരണസംഖ്യ ഇനിയും കൂടുമെന്ന് ആമസോണ്‍ സ്‌റ്റേറ്റ് സുരക്ഷാ തലവന്‍ സെര്‍ജിയോ ഫോന്‍ഡ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഞായറാഴ്ച വൈകിയാണ് കലഹം തുടങ്ങിയതെങ്കിലും തിങ്കളാഴ്ച രാവിലെയോടെയാണ് നിയന്ത്രണ വിധേയമായത്. കലാപത്തിനിടയില്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചില തടവുകാര്‍ പൊലിസിനു നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങിയതോടെയാണ് കലഹത്തിനു തുടക്കമായത്. ഇതോടെ സുരക്ഷാ സേനയും പൊലിസും ചേര്‍ന്ന് തിരിച്ചും ആക്രമിച്ചു.
ജയിലിലും കലാപമോ?
രാജ്യത്തെ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലാണ് ആമസോണ്‍ സിറ്റിയിലേത്. ബ്രസീലിലെ ശക്തരും പ്രബലരുമായ പ്രദേശിക ലഹരി മരുന്ന് മാഫിയയാണ് ഈ ജയിലില്‍ അടക്കപ്പെട്ടിരിക്കുന്നത്. വടക്കന്‍ കുടുംബം എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇതിനു മുന്‍പും ബ്രസീലില്‍ സമാനമായ ജയില്‍ കലഹങ്ങള്‍ നടന്നിട്ടുണ്ട്.
1992 ലാണ് ഇതിനു മുന്‍പ് വലിയൊരു കലഹം നടന്നത്. സാവോ പോളോയിലെ കരാന്ദിരു ജയിലിലായിരുന്നു അത്. അന്ന് 111 പേര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ഒക്ടബോറിലും സമാനമായ ജയില്‍ കലഹം റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ് ഏറ്റവും കൂടുതല്‍ തടവുകാരുള്ള രാജ്യം ബ്രസീലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."