ബഗ്ദാദ് സ്‌ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു
ബഗ്ദാദ്: ബഗ്ദാദിലെ തിരക്കേറിയ നഗരമായ സദറിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. 57ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തൊഴിലാളികളെ കൊണ്ടു പോകാനെത്തിയ ട്രക്ക് മാര്‍ക്കറ്റിലേക്ക് ഓടിച്ചു കയറ്റിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. മാര്‍ക്കറ്റിലെ ജോലിക്കാരെ ഇടിച്ചിട്ട വാഹനം പൊലിസ് ചെക്ക് പോയിന്റ് തകര്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒന്‍പതു പേര്‍ സ്ത്രീകളാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് സ്‌ഫോടനം നടന്ന സമയത്ത് മാര്‍ക്കറ്റിലൂടെ കടന്നു പോകുകയായിരുന്നു.
ചെക്ക് പോയിന്റില്‍ ജോലി ചെയ്തിരുന്നു മൂന്നു പൊലിസുകാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. മരിച്ച മറ്റുള്ളവരെല്ലാം സാധാരണക്കാരാണെന്ന് പൊലിസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. ഐ.എസ് അനുകൂല വാര്‍ത്താ ഏജന്‍സിയായ അമാഖിലൂടെയാണ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അവര്‍ അവകാശപ്പെടുന്നത്.
മാര്‍ക്കറ്റില്‍ തൊഴിലാളികളെ കൊണ്ടു പോകാന്‍ ദിവസവും ട്രക്ക് വരാറുണ്ടെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു. തൊഴിലാളികള്‍ കയറിയ ഉടനെ ട്രക്ക്് പൊട്ടിത്തെറിച്ചെന്നും അദ്ദേഹം പറഞ്ഞു. ഭീകരര്‍ അവരുടെ നഷ്ടങ്ങള്‍ക്ക് കണക്ക് തീര്‍ക്കുന്നത് സാധാരണക്കാരെ കൊലപ്പെടുത്തിയാണ്. എന്നാല്‍ തീവ്രവാദത്തെ ഇല്ലാതാക്കുന്നതുവരെ വിശ്രമമില്ലെന്ന് അബാദി കൂട്ടിച്ചേര്‍ത്തു.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാദുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അബാദി മാധ്യമങ്ങളോട് പ്രതികരിച്ചത്. നേരത്തെ ഇറാഖി തീവ്രവാദ വിരുദ്ധ സര്‍വിസ് അക്കാദമി സന്ദര്‍ശിച്ച ഒലാദ് ഫ്രഞ്ച് സൈനികരോട് ഐ.എസിനെതിരായ പോരാട്ടത്തില്‍ ഇറാഖിനൊപ്പം ചേരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം ശീഈ വിഭാഗം കൂടുതലുള്ള പ്രദേശമായതിനാലാണ് സദറില്‍ ആക്രമണം നടത്തിയതെന്നും അഭ്യൂഹമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."