ഷാള്‍ അലസമായിട്ടും ഹെല്‍മറ്റില്ലാതെയും അപകടം വിളിച്ചുവരുത്തി സ്ത്രീകളുടെ യാത്ര
കൊല്ലം: ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍ ചുരിദാറിന്റെ ഷാളും സാരിയുടെ മുന്താണിയും ചക്രത്തില്‍ കുടുങ്ങിയും മറ്റും അപകടത്തില്‍പ്പെടുന്ന നിരവധി വാര്‍ത്തകള്‍ നാം കേട്ടുകഴിഞ്ഞു. ഷാള്‍ അലസമായിട്ടും ഹെല്‍മറ്റ് ഇല്ലാതെയും യാത്ര ചെയ്യുന്ന യുവതികള്‍ ഈ മരണം കാണാതെ പോകരുത്. രക്ഷിക്കാന്‍ ആരുമെത്താതെ അപകടത്തില്‍പ്പെട്ട് രക്തംവാര്‍ന്ന് റോഡരികില്‍ കിടന്നുള്ള മരണങ്ങളും ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ തലയ്ക്ക് പരിക്കേല്‍ക്കുന്നത് മരണകാരണമാകുന്നതും പലകുറി കണ്ടു. ഇതില്‍നിന്നൊന്നും പാഠം പഠിക്കുന്നില്ലെന്നു വ്യക്തമാക്കുന്ന അപകടമാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ ചവറ ടൈറ്റാനിയം- ശാസ്താംകോട്ട റോഡില്‍ വടുതല ജങ്ഷന് സമീപം ഉണ്ടായത്.
ദാരുണമായ അപകടത്തില്‍ ചുരിദാറിന്റെ ഷാള്‍ സ്‌കൂട്ടറില്‍ കുരുങ്ങി വീണ് കെ.എം.എം.എല്‍ ജീവനക്കാരിയും കരാട്ടേ പരിശീലകയുമായ എരുമേലി ഇടകടത്തി അരയാഞ്ഞിലിമണ്ണ് പ്ലാന്തോട്ടത്തില്‍ സി.കെ.അജിതയാ(37)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇരട്ടകളായ കുട്ടികളില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഗവിക്ക് സമീപം പച്ചക്കാനത്ത് ഫോറസ്റ്റ് സ്‌റ്റേഷനില്‍ ഗാര്‍ഡും റാന്നി സ്വദേശിയുമായ രമേഷിന്റെ ഭാര്യയാണ് അജിത.
മകളായ അമൃതയെ (10) ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം. അമൃതയെ കൂടാതെ മറ്റൊരു മകളായ അര്‍ച്ചനയും ഒപ്പം ഉണ്ടായിരുന്നു. അമൃത തെറിച്ച് വീണ് ഗുരുതര പരുക്കേറ്റപ്പോള്‍ അര്‍ച്ചന നിസാര പരുക്കുകളോടെ രക്ഷപെട്ടു.
ഇന്നലെ പുലര്‍ച്ചെ 4.30നാണ് ശാസ്താംകോട്ട ടൈറ്റാനിയം റോഡില്‍ വടുതല ജംഗ്ഷന് സമീപം അപകടം ഉണ്ടായത്. പരുക്കേറ്റ് ഏറെ നേരം റോഡില്‍ രക്തംവാര്‍ന്ന് കിടന്ന യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകി. തലക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തും മുമ്പുതന്നെ യുവതി മരിച്ചിരുന്നു. ഇടുക്കി കുളമാവിലെ സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ പന്മന നടുവത്ത് ചേരിയിലെ വാടക വീട്ടില്‍നിന്നും ഇരട്ട പെണ്‍മക്കളുമായി പോകുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള യാത്രയില്‍ ചുരിദാറിന്റെ ഷാള്‍ സ്‌കൂട്ടറിന്റെ ചക്രത്തില്‍ കുരുങ്ങി നിയന്ത്രണം വിട്ട് റോഡരുകിലെ മരത്തിലിടിച്ച് തെറിച്ച് ഓടയിലേക്ക് വീഴുകയായിരുന്നു. കുറേനേരം കഴിഞ്ഞ് അപകടംകണ്ട നാട്ടുകാര്‍ വിവരമറിയിച്ചെത്തിയ ആംബുലന്‍സില്‍ കുട്ടികളെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്കും കൊണ്ടു പോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."