നാട്ടുകാരെ ഭീതിയിലാഴ്ത്തി മതിലുകളില്‍ അടയാളങ്ങള്‍
കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗങ്ങളില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി മതിലുകളില്‍ അടയാളങ്ങള്‍. ഇന്നലെ രാവിലെയാണ് ആള്‍താമസം കുറവായ മേഖലകളില്‍ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീകള്‍ മാത്രം താമസിക്കുന്നതോ, വയോധികര്‍ മാത്രമുള്ളതോ, വിദേശത്ത് താമസിക്കുന്നവരുടെയോ വീടുകള്‍ പ്രത്യേകം തെരഞ്ഞെടുത്താണ് മതിലുകളില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് വ്യത്യസ്ത അടയാളങ്ങള്‍ ഇട്ടിട്ടുള്ളത്. ഇന്നലെ രാത്രി അപരിചിതരായ ചിലര്‍ പ്രദേശത്ത് കാറില്‍ കറങ്ങുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. മതിലകം പൊലിസും, തൃശൂര്‍ റൂറല്‍ എസ്.പിയുടെ കീഴിലുള്ള സ്‌പെഷല്‍ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മതിലുകളില്‍ വരയ്ക്കാന്‍ ഉപയോഗിച്ച പെയിന്റിന്റെ സാമ്പിള്‍ സ്‌ക്വാഡ് ശേഖരിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീനാരായണപുരത്ത് മൂന്ന് വീടുകളില്‍ മോഷണവും അഞ്ചു വീടുകളില്‍ മോഷണ ശ്രമവും നടന്നിരുന്നു. ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഈ സംഭവം. തമിഴ്‌നാട്ടില്‍ നിന്നെത്തിയ നാടോടികള്‍, ആമ പിടിത്തക്കാര്‍ എന്നിവരെ കേന്ദ്രീകരിച്ച് പൊലിസിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടുകളുടെ മതിലില്‍ പ്രത്യേക രീതിയില്‍ പെയിന്റിങ്ങോ മറ്റോ ശ്രദ്ധയില്‍പെട്ടാല്‍ പൊലിസിനെ അറിയിക്കണമെന്ന പത്തനംതിട്ട എസ്.പി ഹരിശങ്കറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെയാണ് പെരിഞ്ഞനം മേലയില്‍ ചില വീടുകളുടെ മതിലുകളില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് പ്രത്യേക അടയാളങ്ങള്‍ വരച്ചത് ശ്രദ്ധയില്‍പെട്ടത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം കേരളത്തില്‍ എത്തിയിട്ടുണ്ടെന്നും മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന വീടുകളുടെ മതിലുകളില്‍ പ്രത്യേക അടയാളങ്ങള്‍ ഇടാറുണ്ടെന്നും ചൈന്നെയില്‍ നിന്നു പിടിയിലായ മോഷണ സംഘത്തില്‍ നിന്നു വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട എസ്.പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."