കൃഷിനശിപ്പിക്കുന്നത് കര്‍ഷകരെ വലയ്ക്കുന്നു
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തിലെ പല ഭാഗങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമാകുന്നു. ചെറുവണ്ണൂര്‍, കൊയിലാണ്ടിപടി, എളങ്കൂര്‍, ചെറുകുളം, ചാരങ്കാവ് എന്നിവിടങ്ങളിലാണ് കാട്ടുപന്നികള്‍ സൈ്വര്യവിഹാരം നടത്തുന്നത്. രാത്രികാലങ്ങളില്‍ പ്രദേശത്തെ ചേന, ചേമ്പ്, വായ, കപ്പ, നെല്ല് തുടങ്ങിയ കൃഷിയിടങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇരുട്ടുമൂടുന്നതോടെ ഇവ കൂട്ടമായി ഇറങ്ങുകയാണ് ചെയ്യുന്നത്. ചെറുവണ്ണൂര്‍ ചെങ്കല്‍ ക്വാറിയില്‍ കഴിഞ്ഞ ദിവസം കാട്ടുപന്നിയെ ചത്തനിലയില്‍ കണ്ടത്തിയിരുന്നു.
വിളവെടുപ്പിന് പാകമായ നെല്ല് പന്നിക്കൂട്ടം ചവിട്ടിയും തിന്നും നശിപ്പിക്കുന്നതു കര്‍ഷകരെ ദുരുതത്തിലാക്കുകയാണ്. വയലുകളില്‍ രാത്രി കാവലിരിക്കാന്‍ നിര്‍ബന്ധിതരായ കര്‍ഷകര്‍ക്ക് ഉറക്കവും നഷ്ടപ്പെടുന്നു. പന്നികളെ പേടിച്ച് കപ്പയും ചേനയും ചേമ്പുമടക്കം ഭക്ഷ്യവിളകള്‍ കൃഷിചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കൃഷിയിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ കപ്പക്കൂടങ്ങള്‍ കുത്തിനിരത്തുന്ന പന്നികള്‍ , ചേമ്പ്, ചേന എന്നിവയുടെ വിത്തും തിന്നുതീര്‍ക്കുന്നു.
നെല്‍കൃഷിയെ പന്നികളില്‍നിന്നു രക്ഷിക്കാന്‍ കര്‍ഷകര്‍ പയറ്റുന്ന പരമ്പരാഗത തന്ത്രങ്ങള്‍ ഏശുന്നില്ല. വയലുകളില്‍ ഇടവിട്ട് നാട്ടുന്ന കോലങ്ങളും നോക്കുകുത്തികളും വെറുതെയാവുകയാണന്നും കര്‍ഷകര്‍ പറയുന്നു. പാട്ടത്തിനു കൃഷിഭൂമിയെടുത്തും വന്‍തുക ലോണെടുത്തുമാണ് പലരും കൃഷിയിറക്കിയിരിക്കുന്നത്. മഴയില്ലാത്തതു കാരണം കൃഷിവിളകള്‍ക്കു നാശം സംഭവിച്ചുകൊണ്ടിരിക്കുന്നതിനിടെ കാട്ടുപന്നികളുടെ ശല്യവും കൂടിയായപ്പോള്‍ ജീവിതോപാധിയായ കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിനു എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഇവര്‍. കാട്ടുപന്നികള്‍ വരുത്തുന്ന നാശത്തിനു കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും കിട്ടാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."