ആളിയാറില്‍ വെള്ളമുണ്ട്; പക്ഷേ തമിഴ്‌നാട് കനിയണം
പാലക്കാട് : പറമ്പികുളത്തെ ഗ്രൂപ്പ് ഡാമുകളിലും അപ്പര്‍ ആളിയാര്‍ ഡാമുകളിലുമായി നാലര സഹസ്ര ദശലക്ഷം ഘനയടി(ടി എം സി ) വെള്ളമുണ്ടായിട്ടും കേരളത്തിന് വെള്ളം നല്‍കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് തമിഴ്‌നാട്‌സര്‍ക്കാരും ഉദ്യോഗസ്ഥരും.
2013ല്‍ ഉണ്ടായ കഠിനമായ വരള്‍ച്ചാ കാലത്തുപോലും കേരളത്തിലേക്ക് അഞ്ചര ടി എംസി വെള്ളംവിട്ടു നല്‍കിയ തമിഴ്‌നാട് ഇപ്പോള്‍ വെള്ളം ഉണ്ടായിട്ടും വിട്ടു നല്‍കാന്‍ തയാറാവാത്തതിന് കാരണം കേരളത്തിന്റെ പിടിപ്പുകേടാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
കഴിഞ്ഞ മാസം പൊള്ളാച്ചിയില്‍ അന്തര്‍ സംസ്ഥാന ജലക്രമീകരണ ബോര്‍ഡ് യോഗത്തില്‍ ആളിയാര്‍ ഡാമില്‍ വെള്ളം കുറവായതു കാരണം കേരളത്തിന് കരാര്‍ പ്രകാരം നല്‍കേണ്ട വെള്ളം മുഴുവന്‍ തരാനാവില്ലെന്നു അറിയിച്ചെങ്കിലും ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ അതുകേട്ട് മടങ്ങി വരികയും സര്‍ക്കാരിനെ ഈക്കാര്യം ബോധിപ്പിക്കുമെന്ന് അറിയിച്ചുവെങ്കിലും ഇതു വരെ കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത് .
പറമ്പിക്കുളം ഡാമില്‍ 2.46 ടി എം സി യും തൂണക്കടവില്‍ 0 .245 ടി എം സിയും പെരുവാരിപ്പള്ളത്തില്‍ 0 .292 ടി എം സിയും വെള്ളമുണ്ട്.
ഈ മൂന്ന് ഡാമുകളും കേരളത്തിലാണ് ഉള്ളത് .ഇവിടത്തെ വെള്ളം കൊണ്ടൂര്‍ കനാലിലൂടെ കൊണ്ടുപോയി തിരുമൂര്‍ത്തി ഡാമില്‍ നിറക്കുന്നതിനോടൊപ്പം അപ്പര്‍ അലിയാറിലേക്കു കൂറ്റന്‍മോട്ടോറുകള്‍ സ്ഥാപിച്ചു വെള്ളം പമ്പുചെയ്തു കൊണ്ടുപോകുന്നു.
കരാറിന് വിരുദ്ധമായി നിര്‍മിച്ച കാടാമ്പാറ വൈദുതി ഉല്‍പാദിച്ചു വെള്ളം താഴേക്ക് ഒഴുക്കി വിടുകയും ചെയ്യുന്നു. അപ്പര്‍ ആളിയാറിലും കാടാംപാറയിലും തമിഴ്‌നാട് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണമില്ലാത്തതിനാല്‍ അവിടെത്തെ വൈദ്യുതിവകുപ്പ് ചീഫ് എന്‍ജിനീയര്‍ക്കാണ് ഈ ഡാമുകളിലെ വെള്ളം എന്ത് ചെയ്യുന്നതെന്ന് തീരുമാനിക്കാന്‍ പറ്റുക.
കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അനുമതി വാങ്ങിച്ചാലും അവിടെ പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
ഈ വെള്ളം ചിറ്റൂര്‍ പുഴയിലൂടെ ഒഴുക്കി വിട്ട് ഭാരതപ്പുഴയില്‍ എത്തണം. മുന്‍ കാലങ്ങളില്‍ കടുത്തവേനലില്‍ കുടിവെള്ള പദ്ധതികള്‍ക്കായി ആളിയാറില്‍നിന്നു വെള്ളം വിട്ടു നല്‍കിയതിന് വ്യക്തമായ കണക്കുകളുണ്ടെങ്കിലും ഇതു പറഞ്ഞ അവിടന്ന് വെള്ളം വാങ്ങിച്ചെടുക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയുന്നുമില്ല.
മാറി വരുന്ന ഭരണാധികാരികള്‍ തമിഴ്‌നാട്ടില്‍നിന്നും കണക്കു പറഞ്ഞു വെള്ളം വാങ്ങിച്ചെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മുന്‍പ് കെ എ ചന്ദ്രന്‍ എം എല്‍ എ ആയിരുന്നപ്പോള്‍ പൊള്ളാച്ചിയില്‍ പി ഏ .പി ഓഫീസില്‍ നടന്ന ഒരു ചര്‍ച്ചായോഗത്തില്‍ കരാര്‍ ലംഘനങ്ങള്‍ അക്കമിട്ട് നിരത്തി വാദിച്ചു. പുറത്തിറങ്ങിയപ്പോള്‍ അവിടത്തെ കര്‍ഷകരും ചില ഉദ്യോഗസ്ഥരും വളഞ്ഞുവച്ചു. അവിടെനിന്ന് തമിഴ്‌നാട് പൊലിസ് അദേഹത്തെ രക്ഷപെടുത്തി അതിര്‍ത്തി കടത്തി വിടുകയായിരുന്നു.
ഇപ്പോള്‍ മലമ്പുഴയിലും വെള്ളം കുറഞ്ഞതോടെ ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികളൊക്കെ പൂട്ടേണ്ടിവരുമെന്ന അവസ്ഥയാണുള്ളത്.പാലക്കാട് ,മലപ്പുറം ,തൃശ്ശൂര്‍ ജില്ലകളിലെ കുടിവെള്ള പദ്ധതികളെല്ലാം ഭാരതപ്പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
മെയ് വരെ 100 ഘനയടി വെള്ളമാണ് തമിഴ്‌നാട് കേരളത്തിലേക്ക് വിട്ടു നല്‍കുന്നത്. കരാര്‍ പ്രകാരം 500 ഘനയടി വെള്ളം വിടണം. കേരളത്തിന് ഇപ്പോള്‍ തമിഴ്‌നാട് വെള്ളം നല്‍കണമെങ്കില്‍ കേരളം ശക്തമായ സമ്മര്‍ദം ചെലുത്തണം. മഴ കിട്ടിയില്ലെങ്കില്‍ തമിഴ്‌നാട് ഇപ്പോള്‍ വിടുന്ന വെള്ളത്തിന്റെ അളവിലും കുറവ് വരുത്തുമെന്ന് തമിഴ്‌നാട്ടിലെ ഒരു ജലസേചന വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."