തൃണമൂല്‍ എം.പിയുടെ അറസ്റ്റ്: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി
ന്യൂഡല്‍ഹി: റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സുദീപ് ബന്ദോപാധ്യായയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ എം.പിമാര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. പശ്ചിമ ബംഗാളില്‍നിന്നുള്ള 36ഓളം എം.പിമാരാണ് മോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഇവരെ 7 ലോക് കല്യാണ്‍ മാര്‍ഗിലെത്തുന്നതിനു തൊട്ടുമുന്‍പ് തടഞ്ഞ് പൊലിസ് കസ്റ്റഡിയിലെടുത്തു.
സമാധാനപരമായി മാര്‍ച്ച് നടത്തിയ തങ്ങളെ പൊലിസ് അറസ്റ്റ് ചെയ്ത് കൈകാര്യം ചെയ്തതായി തൃണമൂല്‍ നേതാവ് സൗഗതാ റോയ് ആരോപിച്ചു.
60,000 കോടി രൂപയുടെ റോസ് വാലി ചിട്ടി തട്ടിപ്പുകേസില്‍ സുദീപ് ബന്ദോപാധ്യായയെ കഴിഞ്ഞ ദിവസമാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന രണ്ടാമത്തെ തൃണമൂല്‍ നേതാവാണ് സുദീപ്. കഴിഞ്ഞയാഴ്ച മറ്റൊരു തൃണമൂല്‍ എം.പിയായ തപസ് പാലിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, തൃണമൂലിനു പിന്തുണയുമായി കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ ഘടകം രംഗത്തെത്തിയിട്ടുണ്ട്. മമത രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിട്ടതിന് ബി.ജെ.പി സര്‍ക്കാര്‍ തൃണമൂലിനെതിരേ പകവീട്ടുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
എന്നാല്‍, അറസ്റ്റിനെ കുറിച്ച് മമതക്ക് അറിവുണ്ടായിരുന്നെന്നും ഇതു മുന്‍കൂട്ടിക്കണ്ട് അറസ്റ്റിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ വേണ്ടിയാണ് മമത നോട്ടുനിരോധനത്തിനെതിരേ ഉച്ചത്തില്‍ പ്രതിഷേധിച്ചതെന്നും സി.പി.എം ആരോപിച്ചു.
സി.ബി.ഐയെയും ഇന്‍കം ടാക്‌സിനെയും എന്‍ഫോഴ്‌സ്‌മെന്റിനെയും ഉപയോഗിച്ച് നോട്ടുനിരോധനത്തിനെതിരേ ശബ്ദമുയര്‍ത്തിയവരെ അടിച്ചമര്‍ത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും കഴിഞ്ഞ ദിവസം അറസ്റ്റിനോട് പ്രതികരിക്കവെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."