ബന്ധുക്കളായ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ പാറമടയില്‍ മുങ്ങി മരിച്ച നിലയില്‍
പോത്തന്‍കോട്: ബന്ധുക്കളായ എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികളെ വിജനമായ പാറമടയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൗഡിക്കോണം കാഞ്ഞിക്കല്‍ പൂരാശ്വതിയില് സുരേഷ് ശര്‍മ്മിള ദമ്പതികളുടെ മകന് കിരണ്‍ എസ്. സുരേഷ്, (19) പൗഡിക്കോണം ആവുക്കുളം അദ്വൈതത്തില്‍ പ്രദീപ് സുജ ദമ്പതികളുടെ മകന് വിവേക് (19) എന്നിവരാണ് മരിച്ചത്. കിരണ്‍ കാട്ടായിക്കോണം സെന്റ് തോമസ് എന്‍ജിനിയറിങ് കോളജിലെയും വിവേക് നെടുമങ്ങാട് മോഹന്‍ദാസ് എന്‍ജിനിയറിങ് കോളജിലെയും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. ചേങ്കോട്ടുകോണം കല്ലടിച്ചവിള മാത്തുപൊയ്കയിലെ വിജനമായ പാറമടയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
കിരണിന്റെ പിതാവ് സുരേഷിന്റെ സഹോദരി സുജയുടെ മകനാണ് വിവേക്. ഇരുവരും വെള്ളിയാഴ്ച തുടങ്ങുന്ന പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു . ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കിരണിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് പഠിക്കുന്നതിനെന്നു പറഞ്ഞ് ഇരുവരും സ്കൂട്ടറില്‍ വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.
രാത്രി വൈകിയും മടങ്ങി വരുകയോ ഫോണ്‍ എടുക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ശ്രീകാര്യം പൊലിസില്‍ പരാതി നല്‍കിയിരുന്നു. രാത്രിയില്‍ തന്നെ പൊലിസ് മൊബൈല്‍ ടവര്‍ നിരീക്ഷിച്ചപ്പോള്‍ ആദ്യം തൃപ്പാദപുരം പിന്നീട് കാട്ടായിക്കോണവും ടവര്‍ ലൊക്കേഷനാണ് ലഭിച്ചിരുന്നത്. ഇന്നലെ രാവിലെ എട്ടു മണിക്ക് പാറമടയില്‍ നിന്നും ടാങ്കര്‍ ലോറിയില്‍ വെള്ളമെടുക്കാനെത്തിയവരാണ് പാറമടയ്ക്കുള്ളില്‍ സ്കൂട്ടറും കുറേ ദൂരെ മാറി രണ്ട് ബാഗും,വസ്ത്രങ്ങളും മൊബൈല്‍ ഫോണും ഇരിക്കുന്നത് കണ്ടത്. ഇവര്‍ പറഞ്ഞതനുസരിച്ച് നാട്ടുകാര്‍ പോത്തന്‍കോട് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലിസും കഴക്കൂട്ടത്ത് നിന്നെത്തിയ ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലില്‍ പാന്‍സും ഷര്‍ട്ടും ധരിച്ച നിലയില്‍ കിരണിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് തിരുവനന്തപുരത്തെ ഫയര്‍ഫോഴ്സ് യൂനിറ്റില്‍ നിന്നും സ്കൂബ ഡൈവിങ് ടീമെത്തി മുങ്ങി നടത്തിയ തിരച്ചിലിലാണ് , അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ വിവേകിന്റെ മൃതദേഹം കണ്ടെത്തിയത്. വിവേക് കുളിക്കാനിറങ്ങി മുങ്ങിത്താണപ്പോള്‍ രക്ഷിക്കാനായി കിരണ്‍ പാറമടയിലേയ്ക്ക് ഇറങ്ങിയതാകാമെന്നാണ് കരുതുന്നത്.
സ്ഥലവാസികളായ ആരും കുളിക്കാനോ മറ്റോ പോകാത്ത ഈ പാറമടയില്‍ റോഡില്‍ നിന്നും വളരെ ഉള്ളിലേയ്ക്ക് ഇവര്‍ സ്കൂട്ടര്‍ വച്ചിരുന്നതും, വിജനമായ സ്ഥലത്ത് കുളിക്കാനിറങ്ങിയതും ദുരൂഹമാണ്. ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാര്‍, റൂറല്‍ എസ്.പി. യുടെ ചുമതലയുള്ള ഡി.സി.പി. ശിവകുമാര്‍, പോത്തന്‍കോട് സര്‍ക്കിള്‍ ഇന്‍സ്പെ്കടര്‍ ഷാജി, എസ്.ഐ. കെ.ആര് ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസും, കഴക്കൂട്ടം ഫയര്‍ഫോഴ്സ് യൂനിറ്റിലെ ജിഷാദ്, മധു, ജോര്‍ജ്ജ്, സന്തോഷ്, ബാലചന്ദ്രന്, സുജയന്‍, എന്നിവരും, സ്കൂബ ടീമിലെ ബിയോയ് വിശ്വം, സജന് ലാല്‍, പ്രേംകുമാര്‍, സുഭാഷ് എന്നിവരും മൃതദേഹം പുറത്തെടുക്കുന്നതിന് നേതൃത്വം നല്കി. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം കുടുംബവീടായ കാഞ്ഞിക്കല്‍ സുരേഷ് ഭവനില്‍ എത്തിച്ച് അടുത്തടുച്ച് ചിതയൊരുക്കി രാത്രി 8.30 ന് സംസ്കരിച്ചു. മരിച്ച കിരണിന്റെ സഹോദരന് കാര്‍ത്തിക് എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. വിവേകിന്റെ സഹോദരന് വിശാഖ് സിംഗപ്പൂര്‍ ഏവിയേഷനിലും പിതാവ് പ്രദീപ് റെയില്‍വേ ജീവനക്കാരനുമാണ
2.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."