കലയുടെ മിഴി തുറന്ന് ഇടുക്കി റവന്യൂ ജില്ലാ കലേത്സവം
കൗമാര കലോത്സവത്തിന് തൊടുപുഴയില്‍ പകിട്ടാര്‍ന്ന തുടക്കം
തൊടുപുഴ: 29 ാമത് ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിന് പകിട്ടാര്‍ന്ന തുടക്കം. നാലുനാള്‍ നീളുന്ന കലോത്സവത്തിന് തൊടുപുഴയില്‍ തിരശീല ഉയര്‍ന്നു. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.എസ്, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്, ജയ്‌റാണി ഇ.എം.എച്ച്.എസ്.എസ്, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ എന്നിവയാണു വേദികള്‍. ആദ്യദിനം ചെണ്ടമേളം, പഞ്ചവാദ്യം, ബാന്റ്‌മേളം, ഭരതനാട്യം, നാടകം, കഥാപ്രസംഗം, തിരുവാതിര എന്നീ മത്സരങ്ങളും രചനാ മത്സരങ്ങളുമാണ് നടന്നത്. മൂവായിരത്തിലധികം കലാപ്രതിഭകര്‍ മാറ്റുരയ്ക്കുന്ന കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. പ്രധാന വേദിയായ ജയ്‌റാണി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈദ്യുതി മന്ത്രി എം.എം മണി രാവിലെ 11ന് കലോത്സവം ഉദ്ഘാടനം ചെയ്യും. പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷനാകും. അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍, മറ്റ് ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സണ്ണി ജോര്‍ജിനെയും സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ലിസിയമ്മ വര്‍ഗീസിനെയും റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആദരിക്കും. കലോത്സവ ലോഗോ പുരസ്‌കാശനം ഇ.എസ് ബിജിമോള്‍ എം.എല്‍.എയും ജില്ലാ കായികമേള ലോഗോ പുരസ്‌കാരദാനം എസ്.രാജേന്ദ്രന്‍ എം.എല്‍. എയും നിര്‍വഹിക്കും.
ആദ്യ ദിനം പിന്നിടുമ്പോള്‍ തൊടുപുഴ ഉപജില്ലയ്ക്ക് മേല്‍കൈ
തൊടുപുഴ: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ആദ്യ ദിനം പിന്നിടുമ്പോള്‍ തൊടുപുഴ ഉപ ജില്ലയ്ക്ക് മേല്‍കൈ.
യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ തൊടുപുഴയാണ് മുന്നില്‍. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 18 ഇങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തൊടുപുഴ സബ് ജില്ലയ്ക്ക് 14 പോയിന്റും രണ്ടാം സ്ഥാനത്തുള്ള അറക്കുളത്തിന് ഒന്‍പതു പോയിന്റും ലഭിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 11 ഇനം പൂര്‍ത്തിയായപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള തൊടുപുഴയ്ക്ക് പത്തും രണ്ടാം സ്ഥാനത്തുള്ള കട്ടപ്പനയ്ക്ക് ഏഴും പോയിന്റാണുള്ളത്. യു.പി വിഭാഗത്തില്‍ മൂന്ന് ഇനങ്ങള്‍ കഴിഞ്ഞപ്പോള്‍ തൊടുപുഴ, അറക്കുളം, അടിമാലി, കട്ടപ്പന ഉപജില്ലകള്‍ രണ്ടു പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. സ്‌കൂള്‍ തലത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കുമാരമംഗലം എം.കെ.എന്‍.എം.എച്ച്.എസ്.എസ് ഏഴു പോയിന്റുമായി മുന്നിലാണ്. തൊട്ടുപിന്നിലുള്ള നങ്കിസിറ്റി എസ്.എന്‍.എച്ച്.എസ്.എസിന് നാലു പോയിന്റാണുള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മുന്നിലുള്ള കുമാരമംഗലത്തിന് അഞ്ചും തൊട്ടുപിന്നിലുള്ള കൂമ്പന്‍പാറ ഫാത്തിമ മാതാ, മൂലമറ്റം എസ്.എച്ച്.ഇ.എം.എച്ച്.എസ്.എസ്, കട്ടപ്പന ഓസാനം, അട്ടപ്പള്ളം സെന്റ് തോമസ്് എന്നിവര്‍ക്ക് രണ്ടു പോയിന്റുണ്ട്. യു.പി വിഭാഗത്തില്‍ രണ്ടു പോയിന്റുമായി മൂലമറ്റം എസ്.എച്ച്ഇ.എം.എച്ച്്.എസ്.എസാണ് മുന്നില്‍. തൊട്ടുപിന്നിലുള്ള കുഞ്ചിത്തണ്ണി ജി.എച്ച്.എസ്.എസ്, പോത്തിന്‍കണ്ടം എസ്.എന്‍.യുപി.എസ്, ആയിരംഏക്കര്‍ ജി.ജെ.യു.പി.എസ്, നെടുമറ്റം ജി.യു.പി.എസ്, മറയൂര്‍ എസ്.എ.ംയുപി.എസ്, അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ്, കുമാരമംഗലം എം.കെഎന്‍.എം.എച്ച്.എസ്.എസ്, കാഞ്ചിയാര്‍ എസ.്എം.യു.പി.എസ്, മേരികുളം എസ്.എം.യു.പി.എസ് എന്നിവര്‍ക്ക് ഒരു പോയിന്റുണ്ട്.
ബഷീറിന്റെ കഥാപാത്രത്തിന് ജീവന്‍ നല്‍കിയ ആസിഫ് മികച്ച നടന്‍, അര്‍ഷ നടി
തൊടുപുഴ: വിശ്വവിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവമ്പഴത്തിലെ അബ്ദുല്‍ ഖാദറിനെ വേദിയില്‍ അവിസ്മരണയമാക്കി ആസിഫ് യു.പി വിഭാഗം നാടകമത്സരത്തില്‍ മികച്ച നടനായി.
അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസിലെ ഏഴാ ക്ലാസ് വിദ്യാര്‍ഥിയായ ആസിഫ് രണ്ട് വര്‍ഷമായി സബ്ജില്ലാ തലത്തിലെ മികച്ച നടനാണ്. അട്ടപ്പള്ളം പുതുപ്പറമ്പില്‍ അന്‍വര്‍ ഹുസൈന്റെയും സബീനയുടെയും രണ്ടണ്ടാമത്തെ മകനാണ് ആസിഫ്.
അഞ്ചാം ക്ലാസ് മുതല്‍ യുവജനോത്സവങ്ങളില്‍ നാടക മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് ജില്ലാ മത്സരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്നത്. അഭിനയം കൂടുതലായി പഠിക്കണമെന്നും കഴിവുള്ള നടനായി അറിയപ്പെടണമെന്നുമാണ് ഈ കൊച്ചു മിടുക്കന്റെ ആഗ്രഹം.
'കുളം കുട്ടികളോടു പറഞ്ഞത്' എന്ന കഥയിലൂടെ മാലിന്യ വാഹിനിയായ കുളത്തിന്റെ രോദനം അവതരിപ്പിച്ച പോത്തിന്‍കണ്ടം എന്‍ യു.പി സ്‌കൂളിലെ അര്‍ഷാ നൗഷാദാണ് മികച്ച നടി. ഭാര്യ ആമിനയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഭര്‍ത്താവായും ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്ന ഭാര്യയെ പാഠം പഠിപ്പിക്കുന്നവനായും ഉജ്വല പ്രകടനമാണ് ആസിഫ് കാഴ്ച വെച്ചത്.
നാടകത്തിന് ഒന്നാം സ്ഥാനം ലഭിച്ചില്ലെങ്കിലും കൂട്ടുകാരന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മറ്റ് അഭിനേതാള്‍.
നാടകത്തിന് എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. അതുല്‍, ആന്‍ മരിയ, അലീന, ആദിത്യന്‍, അലന്‍, അഷ്മിന്‍, ഹരീഷ്, നെബില്‍, സാന്ദ്ര എന്നിവരാണ് നാടകത്തില്‍ മറ്റു വേഷങ്ങളില്‍ എത്തിയത്.
മികച്ച നടിക്കുള്ള അംഗീകാരം നേടിയ അര്‍ഷയും സംഘവും അവതരിപ്പിച്ച നാടകം മാലിന്യങ്ങള്‍ നിറഞ്ഞ കുളം കുട്ടികള്‍ വൃത്തിയാക്കി എടുക്കുന്നതിന്റെ കഥയ്ക്കാണ് രംഗഭാഷ നല്‍കിയത്. യുപി വിഭാഗത്തിലെ ഒന്നാം സ്ഥാനവും ഇവര്‍ കരസ്ഥമാക്കി. കൂട്ടാര്‍ കൊച്ചുമുറി നൗഷാദ് - നിഷ ദമ്പതികളുടെ മകളായ അര്‍ഷ ജില്ലാ കലോത്സവത്തില്‍ മികച്ച നടിയാവുന്നത് ഇത് ആദ്യമാണ്.
അഭിനയ രംഗത്ത് തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയാണ് വിജയത്തിനു പിന്നിലെന്നും അര്‍ഷ പറഞ്ഞു.
ഒന്നാം സ്ഥാനം നേടിയ നാടകം തയാറാക്കിയത് നാല് ദിവസം കൊണ്ട്
തൊടുപുഴ: നാല് ദിവസം കൊണ്ട് രചനയും സംവിധാനവും നിര്‍വഹിച്ച് ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ യു.പി തലത്തില്‍ തന്റെ നാടകത്തിന് എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് നാടക കളരിയാശാന്‍ ജി. കെ പന്നാകുഴി.
29 വര്‍ഷമായി നാടകത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ജി.കെ എഴുതി സംവിധാനം ചെയ്ത നാടകങ്ങള്‍ക്ക് സംസ്ഥാന തലത്തിലും സ്‌കൂള്‍ കോളജ് യുവജനോത്സവങ്ങളിലും നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കുറി യു.പി തലത്തില്‍ തന്റെ നാടകത്തിന് ഒന്നാം സ്ഥാനം ലഭിച്ചതില്‍ ഏറെ സന്തോഷത്തിലാണ് ഇദ്ദേഹം.
അതിന് പ്രത്യേക കാരണവും ഉണ്ട്. കുളം കുട്ടികളോട് പറഞ്ഞ കഥ എന്ന നാടകം നാല് ദിവസം കൊണ്ടാണ് എഴുതി സംവിധാനം ചെയ്ത് കുട്ടികളെ പഠിപ്പിച്ചത്. പോത്തിന്‍കണ്ടം എസ്.എന്‍.
യു.പി സ്‌കൂളിലെ അധ്യാപകര്‍ സബ്ജില്ലാ തലത്തില്‍ കുട്ടികള്‍ക്ക് യുവജനോത്സവത്തില്‍ മത്സരിക്കാന്‍ നാടകം വേണമെന്ന് ആവശ്യപ്പെട്ട് വന്നത് കലോത്സവത്തിന് നാല് ദിവസം മുമ്പാണ്.
പരിസ്ഥിതി ചൂഷണം മൂലം ജല ദൗര്‍ലഭ്യം ഏറെ അനുഭവിക്കുന്ന കാലഘട്ടത്തില്‍ വര്‍ത്തമാന കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം നാടകത്തിന് ഇതിവൃത്തമായി തിരഞ്ഞെടുക്കുകയായിരുന്നു. ഏറെ അഭിനയ പാടവം പ്രകടിപ്പിക്കേണ്ട കഥാപാത്രങ്ങളാണ് നാടകത്തിലുണ്ടായിരുന്നത്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു തന്നെ കുട്ടികള്‍ മികച്ച രീതിയില്‍ നാടകത്തെ ഉള്‍കൊണ്ടുവെന്നും ജി.കെ പറയുന്നു. കുളം എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ഷ മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും ഗുരു സാക്ഷ്യപ്പെടുത്തുന്നു.
നാടകം തപസ്യയാക്കിയ ജി.കെ, ഇതിനകം 60 നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ കോളജ് യുവജനോത്സവങ്ങളില്‍ നാടകം, ഏകാകഭിനയം എന്നീ ഇനങ്ങളില്‍ ജി.കെയുടെ ശിഷ്യര്‍ നിരവധി സമ്മാനങ്ങളാണ് വാരികൂട്ടിയിട്ടുള്ളത്.
കേരളത്തിനകത്തും പുറത്തുമായി നാടക കളരികള്‍ സംഘടിപ്പിച്ച് അന്യം നിന്നു പോകുന്ന നാടകത്തിനെ കൂടുതല്‍ ജനകീയവല്‍ക്കരിക്കാനുള്ള ശ്രമവും നടത്തി വരുന്നു. ജി.കെയുടെ പ്രശസ്തി കടല്‍ കടന്ന് അമേരിക്കയില്‍ എത്തിയിട്ടും വര്‍ഷങ്ങളായി. അമേരിക്കന്‍ മലയാളികള്‍ക്കായി ജി.സി.കെ.എ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി നാടക കളരി വര്‍ഷങ്ങളായി ജി. കെ നടത്തിവരുന്നു. കൂടാതെ ഗള്‍ഫ് രാജ്യങ്ങളിലും മറ്റും സന്ദര്‍ശനം നടത്തിയും നാടക കളരികള്‍ നടത്തുന്നുണ്ട്.
കഥാപ്രസംഗത്തില്‍ കൃഷ്ണപ്രിയ
തൊടുപുഴ: ദാനാ മാജിയുടെ കണ്ണീര്‍കഥ പറഞ്ഞ് കൃഷ്ണപ്രിയ കഥാപ്രസംഗ വേദി കീഴടക്കി. കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം എച്ച്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ കൃഷണപ്രിയ ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് ഒന്നാമതെത്തിയത്. പണം ഇല്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി 12 കിലോമീറ്ററോളം ദൂരം സഞ്ചരിക്കേണ്ടി വന്ന ഒഡിഷ സ്വദേശിയുടെ കണ്ണീരില്‍ കുതിര്‍ന്ന കഥയാണ് ഹൃദയസ്പര്‍ശിയായി കൃഷ്ണപ്രിയ അവതരിപ്പിച്ചത്. വെള്ളിലാംകണ്ടം ജയരാജും കലാകാരനായ കൃഷ്ണപ്രിയയുടെ പിതാവ് ബാബുവും ചേര്‍ന്നാണ് കഥ എഴുതിയതും പഠിപ്പിച്ചതും. ഇത് രണ്ടാം തവണയാണ് കൃഷ്ണപ്രിയ ജില്ലാ തലത്തില്‍ ഒന്നാമതെത്തുന്നത്. കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."