സഊദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
റിയാദ്: രാജ്യത്തിന്റെ വിവിധയിടങ്ങളിലായി വന്‍ മയക്കു മരുന്ന് വേട്ട. അഞ്ഞൂറ് കിലോയിലധികം മയക്കു മരുന്നുകളും ലക്ഷക്കണക്കിന് മയക്കു മരുന്നു ഗുളികളുമാണ് പിടി കൂടിയത്.
ജിസാന്‍ തുറമുഖത്തു നടന്ന മയക്കു മരുന്ന് വേട്ടയില്‍ അഞ്ഞൂറു കിലോയിലധികം ഹാഷീഷ് പിടിച്ചെടുത്തതായി സമുദ്രാതിര്‍ത്തി രക്ഷാ സേന വ്യക്തമാക്കി. മത്സ്യബന്ധന ബോട്ടില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഹഷീഷ് ആണ് പിടികൂടിയതെന്ന് സമുദ്രാതിര്‍ത്തി രക്ഷാ സേന വക്താവ് കേണല്‍ സഹര്‍ ബിന്‍ മുഹമദ് അല്‍ ഹര്‍ബി പറഞ്ഞു. സംശയം തോന്നി പരിശോധന നടത്തിയ ബോട്ടില്‍ നിന്നും മൂന്ന് യമന്‍ പൗരന്‍മാരെ സമുദ്രാതിര്‍ത്തി രക്ഷാ സേന കസ്റ്റഡിയിലെടുത്തു.
കൂടാതെ ജിസാനില്‍ നിന്ന് തന്നെ അന്താരാഷ്ട്ര വിപണിയില്‍ ഒരു മില്യണിലധികം വിലവരുന്ന മയക്കു മരുന്ന് ഹൈവേ പൊലിസ് കാര്‍ പരിശോധനയില്‍ പിടികൂടിയതായും ഒരാളെ അറസ്റ്റ് ചെയ്തതായും ജിസാന്‍ പൊലിസ് ഡയറക്റ്റര്‍ മേജര്‍ ജനറല്‍ നാസര്‍ അല്‍ ദുവൈസി പറഞ്ഞു.
റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ ഒരു കിലോഗ്രാം കലര്‍പ്പില്ലാത്ത ഹെറോയിന്‍ പിടികൂടി. യാത്രക്കാരന്‍ ഉദരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് രണ്ടു ലക്ഷം ഡേളറിലധികം വില വരും. 90 കാപ്‌സ്യൂളുകളില്‍ ഒളുപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതെന്ന് എയര്‍പോര്‍ട് കസ്റ്റംസ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ ഫഹീദ് പറഞ്ഞു.
കൂടാതെ, സഊദി ഈജിപ്ത് സുരക്ഷാ സേനകള്‍ പരസ്പര സഹകരണത്തോടെ സഊദിയിലേക്ക് കടത്താന്‍ ശ്രമിച്ച ഏഴു മില്യനിലധികം വരുന്ന മയക്കു മരുന്നുകള്‍ പിടികൂടിയതായി സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ചതിന് പിന്നിലുള്ള അഞ്ചു പേരെയും അധികൃതര്‍ പിടികൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."