ഇന്നാണ് ജനപ്രിയം...
തിരൂര്‍: കൗമാര കലാവസന്തത്തിന്റെ രണ്ടാം ദിനം തുടങ്ങിയത് ഒന്‍പതാം വേദിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ടോടെയാണ്. പ്രധാന വേദിയിലെ മത്സരങ്ങള്‍ മൂന്നാം വേദിയിലേക്കു മാറ്റിയതിനാല്‍ സംഘഗാനത്തോടെയാണ് ഒന്നാം വേദി ഉണര്‍ന്നത്. വര്‍ണാഭമായ മത്സരങ്ങള്‍ വിരളമായിരുന്ന ഇന്നലെ ജനത്തിരക്കുകാണ്ട് ശ്രദ്ധേയമായത് മാപ്പിളപ്പാട്ട് വേദിയായിരുന്നു.
രാവിലെ മുതല്‍ തിങ്ങിനിറഞ്ഞ സദസ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ആണ്‍, പെണ്‍ വിഭാഗങ്ങളുടെ മുഴുവന്‍ മത്സരങ്ങളും തീരുന്നതുവരെ തുടര്‍ന്നു. മൂന്നാം വേദിയില്‍ പൂരക്കളിയും പരിചമുട്ടുകളിയും മികച്ചുനിന്നപ്പോള്‍ രണ്ടാം വേദി വഞ്ചിപ്പാട്ടില്‍ ഓളംതല്ലി.
ഇന്നാണ് ജനപ്രിയ കലകളുടെ അരങ്ങേറ്റം. ഒപ്പന, കുച്ചുപ്പുടി, ഭരതനാട്യം, അറബനമുട്ട്, നാടകം, മാര്‍ഗംകളി, സംഘഗാനം, ലളിതഗാനം, ദേശഭക്തിഗാനം തുടങ്ങിയവയാണ് ഇന്നു വേദിയിലെത്തുക. വേദി രണ്ടില്‍ ഒപ്പനയാണ് ആദ്യ മത്സരം. പ്രധാന വേദിയില്‍ കുച്ചുപ്പുടിയും നാടോടി നൃത്തവുമാണ് നടക്കുക. മൂന്നാം വേദിയിലാണ് ഭരതനാട്യവും നാടോടി നൃത്തവും. അറബനമുട്ട് മത്സരം നടക്കുക വേദി നാലിലാണ്.
ഇന്നലെ മത്സരം സമാപിച്ചപ്പോള്‍ യു.പി വിഭാഗത്തില്‍ 30 പോയന്റുമായി തിരൂര്‍ ഉപജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. 25 പോയന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തും 24 പോയന്റുമായി കുറ്റിപ്പുറം മൂന്നാം സ്ഥാനത്തുമാണ്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 71 പോയന്റുമായി മലപ്പുറമാണ് ഒന്നാംസ്ഥാനത്ത്. 70 പോയന്റുമായി എടപ്പാള്‍ രണ്ടാം സ്ഥാനത്തും 65 പോയന്റുമായി വേങ്ങര മൂന്നാം സ്ഥാനത്തുമാണ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 52 പോയിന്റുമായി എടപ്പാള്‍ ഒന്നാം സ്ഥാനത്തും 51 പോയന്റുമായി വണ്ടൂര്‍ രണ്ടും 50 പോയന്റുമായി മഞ്ചേരി മൂന്നാം സ്ഥാനത്തുമാണ്. യു.പി വിഭാഗം അറബിക് കലോത്സവത്തില്‍ മലപ്പുറം, പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി, മങ്കട, കുറ്റിപ്പുറം, മഞ്ചേരി, അരീക്കോട് എന്നീ ഉപജില്ലകള്‍ 20 പോയന്റ് വീതം നേടി.
മാപ്പിളപ്പാട്ട് രചനയില്‍ ഫൈസലിന് 'ലൈക്ക് '
തിരൂര്‍: പരമ്പരാഗത എഴുത്തുകാര്‍ കൊടികുത്തിവാഴുന്ന മാപ്പിളപ്പാട്ട് രചനയില്‍ വേറിട്ടുനില്‍ക്കുകയാണ് ഫൈസല്‍. തനതായ ശൈലിയില്‍ ഫൈസല്‍ രചിച്ചു മുഹ്‌സിന്‍ കുരുക്കള്‍ ചിട്ടപ്പെടുത്തിയ 'മക്കബഖൂര്‍ മിക്കഹഖിലതിര്‍പ്പം' എന്നുതുടങ്ങുന്ന ഗാനമാലപിച്ച വി.പി മുഹമ്മദ് ബാദുഷയ്ക്കാണ് മത്സരത്തില്‍ ഒന്നാം സ്ഥാനം.
മോയിന്‍കുട്ടി വൈദ്യര്‍, ഒ.എം കരുവാരകുണ്ട്, ഹംസ നാരോക്കാവ്, മച്ചിങ്ങലകത്ത് മൊയ്തീന്‍കുട്ടി, ഹസന്‍ നെടിയനാട് തുടങ്ങിയ പ്രഗല്‍ഭരുടെ ഈരടികളുമായി മത്സരത്തിനെത്തിയ ഇരുപതോളം മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് ഫൈസലിന്റെ രചനയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ബാദുഷ ഒന്നാമതെത്തിയത്.
ഒന്നാംസ്ഥാനക്കാര്‍ ഇവരാണ്
ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ അരങ്ങേറിയ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരഇനങ്ങളിലെ ഒന്നാംസ്ഥാനക്കാര്‍:
ശാസ്ത്രീയ സംഗീതം (പെണ്‍)-ദേവിക (ഗവ. എച്ച്.എസ്.എസ് മാറഞ്ചേരി), മാപ്പിളപ്പാട്ട് (ആണ്‍)-കെ. മുഹമ്മദ് ഇര്‍ഷാദ് (എച്ച്.എസ്.എസ് പന്തല്ലൂര്‍), ചെണ്ട, തായമ്പക- എം.എ വിഷ്ണുനാരായണന്‍- പി.സി.എന്‍.ജി.എച്ച്.എസ്.എസ് മൂക്കുത്തല), കഥകളി (ആണ്‍)- നവനീത് രാജ് പി (സെന്റ് പോള്‍സ് ഇ.എം.എച്ച്.എസ്.എസ് കോഹിനൂര്‍ തേഞ്ഞിപ്പലം), കഥകളി (പെണ്‍)-എസ്. അനഘശ്രീ -(ആര്‍.എം.എച്ച്.എസ് മേലാറ്റൂര്‍), പ്രസംഗം ഇംഗ്ലീഷ്- നയന മേരി ബിജു (എസ്.വി.വി.എച്ച്.എസ്.എസ് പാലേമാട്), പൂരക്കളി-പി.ടി പ്രയാഗ് ആന്‍ഡ് ടീം -(എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂര്‍), കഥകളി ഗ്രൂപ്പ്- കെ.സി ശ്രീലക്ഷ്മി നായര്‍ ആന്‍ഡ് ടീം-(പി.കെ.എം.എച്ച്.എസ്.എസ് എടരിക്കോട്), യക്ഷഗാനം- അശ്വതി പത്മകുമാര്‍- (ജി.എം.എച്ച്.എസ്.എസ് സി.യു കാംപസ്), ചവിട്ടുനാടകം-ദീബ പൂക്കാട്ടില്‍ -(സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.എസ് മലപ്പുറം).
ഹയര്‍സെക്കന്‍ഡറി കഥകളി സംഗീതം (ആണ്‍)- പി.കെ സാരംഗ് -( ജി.വി.എച്ച്.എസ്.എസ് നെല്ലിക്കുത്ത്), കഥകളി (പെണ്‍)- എസ്.ഗോപിക-( പി.കെ.എം.എച്ച്.എസ്.എസ് എടരിക്കോട്), കഥകളി ഗ്രൂപ്പ് -(കൃഷ്ണ പി.ആര്‍ ആന്‍ഡ് ടീം -( ഡി.എച്ച്.ഒ.എച്ച്.എസ്.എസ് പൂക്കൊളത്തറ), നങ്ങ്യാര്‍കൂത്ത്- എന്‍. വൈഷ്ണ ദിനേശ് -(പി.എം.എസ്.എ.എച്ച്.എസ് എളങ്കൂര്‍), ചവിട്ടുനാടകം- എം. ഷഹന -(സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.എസ് മലപ്പുറം).
യു.പി ജനറല്‍ അക്ഷരശ്ലോകം- കെ.കെ വിഷ്ണുപ്രിയ- (എ.എല്‍.പി.ബി.എസ് പാറമ്മല്‍ അഴിഞ്ഞിലം), സംഘഗാനം- ആര്‍. ഭാമിനി -(ആര്‍.എം.എച്ച്.എസ് മേലാറ്റൂര്‍).
ന്യൂജന്‍ പരിചമുട്ട്; കാണാനും ന്യൂജന്‍!
തിരൂര്‍: പരമ്പരാഗത ക്രിസ്തീയ കലാരൂപമായ പരിചമുട്ട് ന്യൂജനായതോടെ കാണികളിലേറെയും ന്യൂജനായി. പതിഞ്ഞ താളത്തില്‍ തുടങ്ങി ചുരുക്കം ചില ഭാഗങ്ങളില്‍ മുറുക്കമൊഴിച്ചാല്‍ ഏറെക്കുറെ ഭാഗവും പ്രത്യേക താളത്തില്‍ നീങ്ങുന്ന കളി ഇന്ന് അടിമുടി മാറിയ കാഴ്ചയാണ് മത്സരങ്ങളിലെല്ലാം കണ്ടത്.
ദ്രുതചലനങ്ങളും കൂടുതല്‍ ഭാഗങ്ങളില്‍ തിരിഞ്ഞുമറിയലുകളും വന്നതോടെ കലാരൂപത്തിന്റെ ഗതിതന്നെ മാറി. മിക്ക മത്സരങ്ങളും പുതിയ താളത്തിനെ ആശ്രയിച്ചായതിനാല്‍ പാരമ്പര്യം മത്സരരാര്‍ഥികളും ഗുരുക്കന്‍മാരും കൈവിട്ടു. ആദ്യകാലങ്ങളിലെല്ലാം വാളും പരിചയും മരംകൊണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാം ഇരുമ്പിലേക്കും അലൂമിനിയത്തിലേക്കും മാറി. ചടുലതാളങ്ങള്‍ മത്സരത്തില്‍ കൂടിയതിനാല്‍ അപകടങ്ങളും പതിലവായതായി പരിശീലകനായ ടോം ചാലക്കുടി പറഞ്ഞു. എന്നിരുന്നാലും മത്സരത്തിന് കാണികള്‍ കൂടുന്നത് പരിചമുട്ടിന്റെ ജനകീയതയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 12 സ്‌കൂളുകള്‍ മത്സരിച്ച ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തില്‍ ഫാതിമമാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് ഒന്നാംസ്ഥാനം.
കുടിവെള്ളത്തിന് കൊടിനിറമില്ല!
തിരൂര്‍: കലോത്സവത്തിനെത്തുന്നവര്‍ക്കു ദാഹശമനിയുമായി മുസ്‌ലിം യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സജീവം. ഒന്നും രണ്ടും വേദികള്‍ ഉള്‍പ്പെടുന്ന ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് ഇരുകൂട്ടരും കുടിവെള്ളമൊരുക്കിയത്. തെക്കുംമുറി യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോളി എം.എസ്.എഫ് പ്രവര്‍ത്തകരാണ് പ്രധാന കവാടത്തിനരികില്‍ കരിങ്ങാലി വെള്ളമൊരുക്കിയത്.
സംഘാടകരൊരുക്കിയ വെയിലത്ത് വാടാതെ മാപ്പിളപ്പാട്ട്!
തിരൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ട് നടക്കുന്ന വേദിയോടു സംഘാടകര്‍ കാണിച്ചതു തികഞ്ഞ അവഗണന. പതിനാറു വേദികളിലാണ് ഇന്നലെ മത്സരങ്ങള്‍ നടന്നത്. അവയില്‍ ഒന്‍പതാം വേദിയായ പോളി ഹോസ്റ്റല്‍ ഗ്രൗണ്ടിലായിരുന്നു മാപ്പിളപ്പാട്ട്.
ഇവിടെ സ്റ്റേജും പ്രേക്ഷകര്‍ക്കായി ഇരിക്കാനൊരുക്കിയ സ്ഥലവും പന്തലും വളരെ സൗകര്യം കുറഞ്ഞതായിരുന്നു. ഇരിക്കാന്‍ സീറ്റില്ലാത്ത അവസ്ഥയും ഒപ്പം നല്ല വെയിലുമായിരുന്നു ഇവിടെ. ഇതൊക്കെ സഹിച്ചാണ് പ്രേക്ഷകര്‍ മത്സരങ്ങള്‍ വീക്ഷിച്ചത്. ഇത് ഏറെ വിമര്‍ശനത്തിനും പ്രതിഷേധത്തിനുമിടയാക്കി.
വൈദ്യുതി കളിച്ചു; വേദിയില്‍ സംഘര്‍ഷം
തിരൂര്‍: കലോത്സവ നഗരിയില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്നു പാതിവഴിയില്‍ മുടങ്ങിയ പരിചമുട്ട് കളി സംഘത്തിനു വീണ്ടും അവസരം നല്‍കുന്നതിനെച്ചൊല്ലി സംഘര്‍ഷം. തിരൂര്‍ ഫാത്തിമ മാതാ സ്‌കൂള്‍ ടീമിന്റെ പരിചമുട്ട് കളി അരങ്ങേറുന്നതിനിടെയാണ് കറന്റ് പോയത്. ഇതോടെ സ്‌കൂള്‍ ടീം കളി നിര്‍ത്തുകയും ചെയ്തു. എന്നാല്‍, കറന്റ് പോകുന്നതിനു മുന്‍പുതന്നെ സംഘത്തിനു താളം പിഴച്ചിരുന്നു. ഇവര്‍ക്കു വീണ്ടും കളിക്കാന്‍ അവസരം നല്‍കി സംഘാടക സമിതി അറിയിപ്പ് നല്‍കിയതോടെ ഇവര്‍ക്കു മുന്‍പു കളിച്ച കല്ലിങ്ങപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധിക്കുകയായിരുന്നു. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. പ്രതിഷേധം സംഘര്‍ഷത്തിലേക്കു നീങ്ങിയതോടെ പൊലിസെത്തി വിദ്യാര്‍ഥികളെ വിരട്ടിയോടിച്ചു. ഇന്നലെ രാവിലെയും മത്സരഇനങ്ങള്‍ അരങ്ങേറുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് താളപ്പിഴയ്ക്കിടയാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായതോടെ പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."