അക്രമികള്‍ക്ക് താക്കീതായി പള്ളിക്കല്‍ബസാറില്‍ സമസ്ത വിശദീകരണ സമ്മേളനം
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ പള്ളിയില്‍ കാന്തപുരം വിഭാഗത്തിന്റെ അഴിഞ്ഞാട്ടത്തിനെതിരേ പള്ളിക്കല്‍ കോഴിപ്പുറത്ത് ഇന്നലെ നടന്ന സമസ്ത സമ്മേളനം അക്രമികള്‍ക്കുള്ള താക്കീതായി. പള്ളിയുടെ പരിപാലനത്തിനായി വഖ്ഫ് ബോര്‍ഡ് നടത്തിയ തെരഞ്ഞടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട സമസ്തയ്ക്കു കീഴിലുള്ള കമ്മിറ്റിയുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള വിശദീകരണത്തോടുകൂടിയായിരുന്നു സമ്മേളനം.
സത്യം തെളിവുസഹിതം പുറത്തുവന്നാല്‍ സമൂഹം ഒന്നടങ്കം തങ്ങള്‍ക്കെതിരേ തിരിയുമെന്ന ഭയംമൂലം സമ്മേളനം നടന്നാല്‍ അക്രമത്തിനു സാധ്യതയുണ്ടെന്നു പ്രചരിപ്പിച്ചു സമ്മേളനത്തിനുള്ള അനുമതി നിഷേധിക്കാന്‍ ഭരണസ്വാധീനത്തിന്റെ മറവില്‍ കാന്തപുരം വിഭാഗം പൊലിസില്‍ ഏറെ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതുമൂലം നിശ്ചയിച്ച സ്ഥലത്തുനിന്നു പരിപാടി കോഴിപ്പുറത്തേക്കു മാറ്റേണ്ടിവന്നു. ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. 2014ല്‍ കാന്തപുരം വിഭാഗം പള്ളിയില്‍ കമ്മിറ്റിയുമായും മറ്റും പ്രശ്‌നങ്ങള്‍ തുടങ്ങിയതു മുതലുള്ള മുഴുവന്‍ പ്രശ്‌നങ്ങളെ സംബന്ധിച്ചും കൃത്യമായ രേഖകള്‍ വേദിയില്‍ ഹാജരാക്കി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അക്രമികളുടെ നിഗൂഢതകള്‍ തുറന്നുകാട്ടി. സമസ്ത ലീഗല്‍ സെല്‍ കണ്‍വീനര്‍ പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷനായി. അലവി ദാരിമി കുഴിമണ്ണ, കെ.പി മുസ്തഫ തങ്ങള്‍, സി.കെ അബ്ബാസ്, പി. അഷ്‌റഫ് സംസാരിച്ചു. അതിനിടെ, സമസ്ത വിശദീകരണ സമ്മേളനത്തിന് നിയമാനുസൃതം മൈക്ക് പെര്‍മിഷന് അപേക്ഷ നല്‍കിയിട്ടും പരിപാടിക്കു നിശ്ചയിച്ച സ്ഥലത്ത് അനുമതി നല്‍കാതെ സമ്മേളനം നിര്‍ത്തിവയ്പിക്കാന്‍ ശ്രമിച്ച കൊണ്ടോട്ടി സി.ഐയുടെ നടപടി പ്രതിഷേധത്തിനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."