ജില്ലയില്‍ പച്ചക്കറി വില കുതിച്ചുയരുന്നു
തിരുവനന്തപുരം: ജില്ലയില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി എല്ലാത്തരം പച്ചകറികള്‍ക്കും ഇരട്ടിയിലധികം വിലയാണ് വിപണിയില്‍.
കിലോഗ്രാമിനു 20 രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ വിപണിയില്‍ 70 രൂപവരെയായി. പച്ചമുളകിനു കിലോഗ്രാമിനു 100 രൂപ വരെ വിലയുയര്ന്നിരിക്കുകയാണ്. കിലോഗ്രാമിനു 20-30 രൂപ വിലയുണ്ടായിരുന്ന വെണ്ടയ്ക്കക്കു ഇപ്പോള്‍ 70 രൂപയാണ് വിപണി വില. ക്യാരറ്റ്, ബീന്‍സ്, വഴുതനങ്ങ, വള്ളിപയര്‍ തുടങ്ങിയ എല്ലായിനം പച്ചക്കറികള്‍ക്കും ഇരട്ടിയിലധികം വില നല്‍കേണ്ട സ്ഥിതിയാണ്.
കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് പച്ചക്കറി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച ഹോര്‍ട്ടികോര്‍പ്പ് വില്‍പ്പനശാലകളിലും വിലയില്‍ കുറവ് വന്നിട്ടില്ല. ഏറെ ആവശ്യക്കാരുളള ബീന്‍സ്, ക്യാരറ്റ്, ബീറ്റ് റൂട്ട്, പയര്‍, തക്കാളി എന്നിവയുടെ വിപണി വിലയും ഹോര്‍ട്ടികോര്‍പ്പിലെ വിലയും തമ്മില്‍ രണ്ടു മുതല്‍ മൂന്നു രൂപയുടെ കുറവ് മാത്രമാണ് കാണുന്നത്.
വേനല്‍ മഴയില്‍ തമിഴ്നാട്ടില്‍ കൃഷിനാശം സംഭവിച്ചതാണ് വില വര്‍ധനവിനു കാരണമെന്നാണ് പച്ചക്കറി മൊത്ത വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ മുമ്പെങ്ങും ഇല്ലാത്ത വിധത്തില്‍ പച്ചക്കറി വില വാണം പോലെ കുതിച്ചുയുയരുന്നതില് അന്തം വിട്ടിരിക്കുകയാണ് ഉപഭോക്താക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."