വിവാഹ വീടുകളിലെത്തി മദ്യത്തിനെതിരേ ബോധവല്‍ക്കരണം; ഉത്തരവ് മരവിപ്പിച്ചു
തിരുവനന്തപുരം: വിവാഹ വീടുകളിലെത്തി മദ്യത്തിനെതിരേ ബോധവല്‍ക്കരണം നടത്തണമെന്ന ഉത്തരവ് വിവാദമായതോടെ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് മരവിപ്പിച്ചു. എക്‌സൈസ് മന്ത്രി വിശദീകരണം തേടിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ചാണ് സര്‍ക്കുലര്‍ മരവിപ്പിച്ചത്. ഋഷിരാജ് സിങ്ങിന്റെ പേരിലാണ് സര്‍ക്കുലര്‍ ഇറങ്ങിയത്.
എക്‌സൈസ് മന്ത്രിയുടെ മേലെഴുത്തോടെ ലഭിച്ച നിവേദനത്തിന്റെ തുടര്‍നടപടിയാണിതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് വിവാദ സര്‍ക്കുലര്‍ എക്‌സൈസ് ആസ്ഥാനത്തുനിന്ന് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് അയച്ചുകൊടുത്തത്. ലഹരിവിരുദ്ധ ബോധവല്‍കരണത്തിന്റെ ഭാഗമായി വിവാഹ വീടുകളില്‍ നാലുദിവസം മുന്‍പെങ്കിലും പോയി നിയമപരമായ മുന്നറിയിപ്പ് നല്‍കണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്.
ലഹരിവിരുദ്ധ ബോധവല്‍കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ വിമുക്തി പദ്ധതിയുടെ ഭാഗമാണിതെന്നും വ്യക്തമാക്കിയിരുന്നു. വിവാദമായതോടെ എക്‌സൈസ് ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മിഷണറാണ് തനിക്കുവേണ്ടി ഉത്തരവിറക്കിയതെന്നാണ് ഋഷിരാജ് സിങ്ങിന്റെ വാദം.
മറ്റിടങ്ങളിലെ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ സംശയനിവാരണത്തിനായി എക്‌സൈസ് ആസ്ഥാനത്തേക്ക് വിളിച്ചപ്പോഴാണ് സര്‍ക്കുലറിനെ കുറിച്ച് അറിഞ്ഞതെന്നാണ് ഋഷിരാജ് സിങ്ങ് പറയുന്നത്. തന്റെ അറിവില്ലാതെ സര്‍ക്കുലര്‍ പുറത്തിറക്കിയ ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."