എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ മുങ്ങി മരണം: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ്
തിരുവനന്തപുരം: ബന്ധുക്കളായ രണ്ട് എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളെ ഉപയോഗശൂന്യമായ പാറമടയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധികൃതരില്‍ നിന്നും വിശദീകരണം തേടി.
ചീഫ് സെക്രട്ടറിയും റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ഉപയോഗശൂന്യമായ പാറമടകളില്‍ മൂങ്ങി മരണം നിത്യസംഭവമാണെന്ന് പരാതിപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി. കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അപകടം ഒഴിവാക്കാന്‍ പാറമടകളില്‍ സുരക്ഷാ വേലികള്‍ നിര്‍മിക്കണമെന്നും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും നിയമമുള്ളപ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ മരിച്ച ചേങ്കോട്ടുകോണം കല്ലിടിച്ചാന്‍ വിളയിലെ പാറമടയില്‍ ഏഴ് വര്‍ഷത്തിനിടെ പൊലിഞ്ഞത് ആറുപേരാണ്.
മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. സംസ്ഥാനത്തെ പാറമടകള്‍ക്ക് കരുതല്‍ വേലികള്‍ നിര്‍മിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."