സിനിമാ പ്രതിസന്ധി: തിയേറ്റര്‍ ഉടമകള്‍ തീരുമാനത്തില്‍ ഉറച്ചുതന്നെ
കൊച്ചി: സിനിമാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. ഇന്നലെ കൊച്ചിയില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളുമായി നടത്തിയ രഹസ്യ ചര്‍ച്ചയിലും സമവായത്തിലെത്താന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് വൈകിട്ട് നാലിനു ഫിലിം ചേമ്പറില്‍ നടന്ന യോഗത്തില്‍ നിന്ന് നിര്‍മാതാക്കളും വിതരണക്കാരും വിട്ടു നിന്നു. തിയേറ്റര്‍ വിഹിതം 50 ശതമാനമായി ഉയര്‍ത്തി നല്‍കുന്നതില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും ഒരുക്കമല്ലെന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കിയതോടെ ചര്‍ച്ച അലസി പിരിയുകയായിരുന്നു. വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്നോട്ടു പോകുന്നതാണു ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എം ഹംസ പറഞ്ഞു.
50 ശതമാനം വിഹിതം നല്‍കാനാവില്ലെന്ന നിലപാട് അറിയിച്ചപ്പോള്‍ തിയറ്റര്‍ ഉടമകള്‍ യോഗത്തില്‍ നിന്നു ഇറങ്ങിപ്പോവുകയായിരുന്നെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും ഭാഗത്തു നിന്നുമുള്ള നിഷേധ മനോഭാവം കൊണ്ടാണു പ്രതിസന്ധി രൂക്ഷമാകുന്നതെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി ഷാജു അക്കര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."