വിളിച്ചുവരുത്തി ബന്ദിയാക്കി ആഡംബരക്കാറര്‍ തട്ടിയെടുത്ത കേസില്‍ മൂന്നു പേര്‍ പൊലിസ് പിടിയില്‍
കൊടുങ്ങല്ലൂര്‍: അസാധുവായ പതിനാറര കോടിയോളം വരുന്ന നോട്ടുകള്‍ മാറ്റികിട്ടുന്നതിന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരായ അച്ഛനെയും മകനെയും വിളിച്ചുവരുത്തി ബന്ദിയാക്കി ആഡംബരക്കാറും, മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ കൊടുങ്ങല്ലൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു.
സംഭവത്തിലുള്‍പ്പെട്ട മറ്റ് പതിനഞ്ചോളം പേരെ പിടികൂടാനുണ്ട്.കൊടുങ്ങല്ലൂര്‍ ശൃംഗപുരം സ്വദേശി പണിക്കവീട്ടില്‍ ഷനില്‍ (ഷാനു-36), നിലമ്പൂര്‍ പുളിക്കോട്ടില്‍ അബ്ദുള്‍ നാസര്‍ (41), കോട്ടപ്പുറം കളപ്പുരയ്ക്കല്‍ ലാല്‍കൃഷ്ണദാസ് (25) എന്നിവരെയാണ് കാസര്‍കോഡ് നിന്നും കൊടുങ്ങല്ലൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരായ കോതമംഗലം സ്വദേശി പാറപ്പുറത്ത് തങ്കച്ചന്‍ (58) നെയും മകനെയും കമ്മീഷന്‍ വ്യവസ്ഥയില്‍ പതിനാറ് കോടി നാല്‍പ്പത് ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ കൊടുങ്ങല്ലൂരിലേക്ക് വിളിച്ചുവരുത്തിയത്.
അരൂരില്‍ മത്സ്യ സംസ്‌കരണ ഫാക്ടറി ഉടമകള്‍ എന്ന നിലയില്‍ പലവട്ടം ഇവര്‍ തങ്കച്ചനുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണത്രേ കൊടുങ്ങല്ലൂരില്‍ എത്തിയത്. കൊടുങ്ങല്ലൂരില്‍ എത്തിയ ഇവരെ ലോകമലേശ്വരം ചന്തപ്പുരയിലുള്ള ഒരു വീട്ടില്‍ തടഞ്ഞുവെക്കുകയായിരുന്നു. ഷനില്‍, അബ്ദുള്‍ നാസര്‍ എന്നീ പ്രതികളുടെ കോഴിക്കോട്ടുകാരായ സുഹൃത്തുക്കളുടെ കൈവശമുള്ളതായി പറയുന്ന അസാധുവായ കറന്‍സി നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നല്‍കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇവര്‍ക്ക് ഇത് സാധിക്കാതെ വന്നതോടെയാണ് കഴുത്തില്‍ ആയുധം വെച്ച് പ്രതികള്‍ അച്ഛന്റെയും മകന്റെയും കൈയ്യില്‍ നിന്നും ഇവര്‍ വന്ന നാല്‍പ്പത് ലക്ഷത്തോളം വിലയുള്ള ഫോര്‍ച്യൂണര്‍ കാര്‍ മുദ്ര പേപ്പറില്‍ എഴുതി വാങ്ങുകയായിരുന്നു.
ഇക്കാര്യത്തെക്കുറിച്ച് പൊലിസില്‍ അറിയിക്കരുതെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. യുടെ ചാര്‍ജ് വഹിക്കുന്ന പി. വാഹിദ്, കൊടുങ്ങല്ലൂര്‍ സി.ഐ. പി.സി. ബിജുകുമാര്‍, എസ്.ഐ. മനോജ് കെ. ഗോപി, എസ്.ഐ. മാഹിന്‍കുട്ടി, എ.എസ്.ഐ. ഫ്രാന്‍സിസ്, സിവില്‍ പൊലിസ് ഓഫീസര്‍മാരായ സജയന്‍, സുനില്‍, സന്തോഷ്, ഗോപി, ഷിബു, ജോസഫ്, മനോജ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘം പ്രതികളെ പിടികൂടി.
തട്ടിയെടുത്ത കാറില്‍ ഷനിലും സംഘവും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിന്‍തുടര്‍ന്ന് കാസര്‍കോഡ് ലോഡ്ജില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഷനില്‍ ബി.ജെ.പി. പ്രവര്‍ത്തകനും, നിരവധി കേസുകളിലെ പ്രതിയാണെന്നും പൊലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."