കല്ലാച്ചിയില്‍ ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍ കുടുങ്ങും
നാദാപുരം: പൊതുജനാരോഗ്യത്തിന് ഭീഷണിയായ കല്ലാച്ചിയിലെ മുഴുവന്‍ മാലിന്യ നിക്ഷേപവും ഒരു മാസത്തിനകം നിര്‍ത്തലാക്കും. കൈരളി കോംപ്ലക്‌സില്‍ നിന്നും പഞ്ചായത്ത് നിര്‍മിച്ച ഓവുചാലിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ട നടപടിയില്‍ പ്രതിഷേധിച്ച് നടക്കുന്ന യുവജന സമരത്തെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത അനുഞ്ജന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറയാണ് ഇക്കാര്യം അറിയിച്ചത്.
ടൗണിലെ പല ഭാഗങ്ങളിലും സ്വകാര്യ കെട്ടിടങ്ങളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും അനധികൃതമായി മാലിന്യം പൈപ്പുകള്‍ വഴി ഓടകളിലേക്ക് തള്ളുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇവ പരിസരവാസികളുടെ ജല സ്രോതസുകള്‍ മലിനമാക്കുകയും ഗുരുതര ആരോഗ്യ പ്രശ്‌നത്തിനും ഇടയാക്കുകയും ചെയ്യുന്നുണ്ട്. കല്ലാച്ചി മല്‍സ്യ മാര്‍ക്കറ്റ്, പരിസരത്തെ ഹോട്ടലുകള്‍, മറ്റു കച്ചവട സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സ്വന്തമായ മലിനജല നിര്‍മാര്‍ജന സംവിധാനങ്ങളില്ലാതെയാണ് ഇവയിലേറെയും പ്രവര്‍ത്തിക്കുന്നത്.
ഇവിടെ നിന്നുംമാലിന്യങ്ങള്‍ ഓടകളിലൊഴുക്കി അടുത്തുള്ള പുളിക്കൂല്‍ തോട്ടിലേക്ക് തള്ളുകയാണ് പതിവ്. ഇതേ തുടര്‍ന്ന് കല്ലാച്ചി വാണിയൂര്‍ റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നിരവധി വീടുകളില്‍ കിണറുകളിലെ വെള്ളം നിറം മാറിയ നിലയിലാണ്. പരാതി പരിഹരിക്കാന്‍ മല്‍സ്യ മാര്‍ക്കറ്റ് റോഡിലൂടെ കടന്നുപോകുന്ന ഡ്രൈനേജിന്റെ ഇരുവശത്തെയും സ്ലാബുകള്‍ ഇളക്കി മാറ്റി മലിനജലം പുറംതള്ളാന്‍ സ്ഥാപിച്ച അനധികൃത പൈപ്പ് ലൈനുകള്‍ കണ്ടെത്തി നടപടിയെടുക്കും. അതിനിടെ കൈരളി കോംപ്ലക്‌സില്‍ നിന്നും കക്കൂസ് മാലിന്യം പൈപ്പ് വഴി തള്ളിയതായി പരാതി ഉയര്‍ന്ന കെട്ടിടത്തിനോട് ചേര്‍ന്ന ഓവുചാലിലെ മാലിന്യനീക്കം ഇന്നലെയും തുടര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ മാലിന്യനീക്കം പൂര്‍ത്തിയാകാത്തതിനാല്‍ ഇന്നലെയും കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു.
ഇതോടൊപ്പം പരിസരത്തെ ആരാധനാലയത്തില്‍ നിന്നും ആവശ്യം കഴിഞ്ഞ്പുറത്തൊഴുകുന്ന വെള്ളം ഓടയിലേക്ക് തള്ളുന്നത് സ്ലാബുകള്‍ നീക്കിയതിനിടയില്‍ കണ്ടെത്തിയത് വാക്കേറ്റത്തിനിടയാക്കി. പിന്നീട് ഇവയും പൊളിച്ചു മാറ്റുകയായിരുന്നു. കൈരളി കോംപ്ലക്‌സില്‍ നിന്നും വ്യാപകമായ തോതില്‍ കക്കൂസ് മാലിന്യമടക്കമുള്ള വസ്തുക്കള്‍ ഡ്രൈനേജിലേക്ക് തള്ളുന്നതായുള്ള ആക്ഷേപം ഉയരുകയും പ്രതിഷേധക്കാര്‍ക്കൊപ്പം യുവജനസംഘടനകളും രംഗത്തിറങ്ങിയതോടെയാണ് മൂന്നാം ദിനത്തിലും കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം താറുമാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."