കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്ക് താക്കീതായി കോണ്‍ഗ്രസ് ഉപരോധം
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധം ജനരോഷത്തിന്റെ നേര്‍സാക്ഷ്യമായി. എ.ഐ.സി.സി ആഹ്വാനപ്രകാരം സംസ്ഥാനത്താകമാനം നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഉപരോധം സംഘടിപ്പിച്ചത്.
ഉപരോധം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ സാമ്പത്തികമായി തകര്‍ക്കുന്ന സര്‍ജിക്കല്‍ അറ്റാക്കാണ് നരേന്ദ്ര മോഡിയുടെ നോട്ടുനിരോധനമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ രോഷം പ്രതിഫലിപ്പിക്കും വിധത്തിലുള്ള പ്രക്ഷോഭമാണ് കോഴിക്കോട് നടന്നതെന്ന് എ.ഐ.സി.സി നിരീക്ഷകന്‍ ഡി മാധേവ് ഗൗഡ അഭിപ്രായപ്പെട്ടു. പൊലിസ് സ്ഥാപിച്ച ബാരിക്കേഡ് തള്ളിനീക്കി പോസ്റ്റ് ഓഫിസ് വളപ്പിനുള്ളില്‍ കയറാനുള്ള പ്രവര്‍ത്തകരുടെ ശ്രമം സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
സമരം ഉദ്ഘാടനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തി രംഗം ശാന്തമാക്കുകയായിരുന്നു. പിന്നീട് പ്രവര്‍ത്തകര്‍ ഏറെനേരം റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതിനാല്‍ നഗരത്തില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അധ്യക്ഷനായി. എം.ഐ ഷാനവാസ് എം പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം സുരേഷ്ബാബു, എന്‍ സുബ്രഹ്മണ്യന്‍, സെക്രട്ടറിമാരായ അഡ്വ. കെ പ്രവീണ്‍കുമാര്‍, അഡ്വ. കെ ജയന്ത്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, മുന്‍ ഡി.സി. സി പ്രസിഡന്റ് കെ.സി അബു, എ.ഐ.സി.സി അംഗങ്ങളായ പി.വി ഗംഗാധരന്‍, അഡ്വ. എം.ടി പത്മ സംസാരിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ മോഹനന്‍ പാറക്കടവ് സ്വാഗതവും ഐ.പി രാജേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."