ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം യുവരാജ് ടീമില്‍
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മഹേന്ദ്ര സിങ് ധോണി പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞതോടെ ഏകദിന, ടി20 ടീമുകളേയും വിരാട് കോഹ്‌ലി തന്നെ ഇന്ത്യയെ നയിക്കും. ധോണി രാജിവച്ച ഒഴിവില്‍ കോഹ്‌ലിയെ ഇരു ടീമിന്റെയും ക്യാപ്റ്റനായി തിരഞ്ഞെടുത്തു. രഞ്ജിയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യുവരാജ് സിങ് ഇടവേളയ്ക്കു ശേഷം ഏകദിന, ടി20 ടീമില്‍ തിരിച്ചെത്തിയതാണു തിരഞ്ഞെടുപ്പിലെ ശ്രദ്ധേയ നീക്കം. ഒപ്പം രഞ്ജിയില്‍ മിന്നും ഫോം പ്രദര്‍ശിപ്പിച്ച ഡല്‍ഹി യുവ താരം റിഷഭ് പന്തും ടി20 ടീമില്‍ ഇടം കണ്ടിട്ടുണ്ട്. വിരലിനു പരുക്കേറ്റ് വിശ്രമത്തിലായിരുന്ന അജിന്‍ക്യ രഹാനെയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ രോഹിത് ശര്‍മയെ പരിഗണിച്ചില്ല. ഓപണര്‍ ശിഖര്‍ ധവാന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. സുരേഷ റെയ്‌ന ടി20 ടീമില്‍ സ്ഥാനം നേടിയപ്പോള്‍ അജിന്‍ക്യ രഹാനെയെ പരിഗണിച്ചില്ല. വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റ ടി20 ടീമിലിടം പിടിച്ചു.
മൂന്നു ഏകദിനവും മൂന്നു ടി20യും അടങ്ങുന്നതാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര. ജനുവരി 15നു പൂനെയിലാണ് ഏകദിന പരമ്പര തുടങ്ങുന്നത്. 19നു കട്ടക്, 22നു കൊല്‍ക്കത്ത എന്നിവടങ്ങളിലാണ് ശേഷിച്ചവ. ടി20 പോരാട്ടം 26നു കാണ്‍പൂരിലാണ് ആരംഭിക്കുന്നത്. 29നു നാഗ്പൂര്‍, ഫെബ്രുവരി ഒന്നിന് ബംഗളൂരു എന്നിവിടങ്ങളിലാണ് പരമ്പരയിലെ ശേഷിക്കുന്ന പോരാട്ടങ്ങള്‍.
35കാരനായ യുരാജ് 2013 ഡിസംബറിലാണ് ഇന്ത്യക്കായി അവസാനമായി ഏകദിനം കളിക്കാനിറങ്ങിയത്. അതേസമയം കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനം നേടാന്‍ യുവിക്കു സാധിച്ചിരുന്നു. നടപ്പു സീസണിലെ രഞ്ജിയില്‍ 672 റണ്‍സ് സ്വന്തമാക്കി മികച്ച ഫോമിലായതാണ് വെറ്ററന്‍ താരത്തെ തുണച്ചത്.
അതേസമയം ഡല്‍ഹി യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത് ആദ്യമായാണ് സീനിയര്‍ ടീമില്‍ ഇടം പിടിക്കുന്നത്. സീസണില്‍ ഡല്‍ഹിക്കായി രഞ്ജിയില്‍ 19കാരനായ താരം 972 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതില്‍ നാലു സെഞ്ച്വറികളും ഉള്‍പ്പെടുന്നു.
പരുക്കേറ്റതിനാല്‍ അക്‌സര്‍ പട്ടേല്‍, ജയന്ത് യാദവ്, മുഹമ്മദ് ഷമി, ധവാല്‍ കുല്‍കര്‍ണി എന്നിവരെ പരിഗണിച്ചില്ല. വിശ്രമം അനുവദിച്ചേക്കുമെന്നു കരുതപ്പെട്ടിരുന്ന സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, ജഡേജ എന്നിവര്‍ ടീമില്‍ തുടരും. യുഷ്‌വേന്ദ്ര ചഹല്‍ ടി20 ടീമില്‍ സ്ഥാനം നേടി. അമിത് മിശ്ര, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ഉമേഷ് യാദവ്, ജസ്പ്രിത് ബുമ്‌റ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.
ഏകദിന ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, എം.എസ് ധോണി, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവരാജ് സിങ്, അജിന്‍ക്യ രഹാനെ, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബുമ്‌റ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.
ടി20 ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), കെ.എല്‍.രാഹുല്‍, മന്‍ദീപ് സിങ്, എം.എസ് ധോണി, യുവരാജ് സിങ്, സുരേഷ് റെയ്‌ന, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, യുഷ്‌വേന്ദ്ര ചഹല്‍, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുമ്‌റ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ.
സഞ്ജു ഇന്ത്യന്‍ എ ടീമില്‍
കൊച്ചി: ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തിനുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരം സഞ്ജു സാംസണെയും ഉള്‍പ്പെടുത്തി. ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണു ടീമിനെ തിരഞ്ഞെടുത്തത്. രഞ്ജിയില്‍ തുടക്കത്തില്‍ മികവിലുണ്ടായിരുന്ന സഞ്ജുവിനു ആ ഫോം തുടരാന്‍ സാധിച്ചില്ലെങ്കിലും യുവ താരത്തിന്റെ കഴിവില്‍ സെലക്ടര്‍മാര്‍ അവിശ്വാസം കാട്ടിയില്ല എന്നതു ശ്രദ്ധേയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."