ലഷ്‌കര്‍ ഭീകരന്‍ ബഹാദുര്‍ അലിക്കെതിരേ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണത്തിനു ഗൂഢാലോചന നടത്തിയ പാക് പൗരന്‍ ബഹാദുര്‍ അലിക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആക്രമണം നടത്താനായി ലഷ്‌കറെ ത്വയ്ബ പ്രത്യേകം പരിശീലനം നല്‍കിയ ഭീകരവാദികളെ രാജ്യത്ത് എത്തിച്ചതിന്റെ വ്യക്തമായ തെളിവുകളടങ്ങുന്നതാണ് 50 പേജുകളുള്ള കുറ്റപത്രം.
രാജ്യാതിര്‍ത്തിയിലൂടെ ലഷ്‌കര്‍ തീവ്രവാദികളെ എത്തിച്ചതിനു വ്യക്തമായ തെളിവുകള്‍ കുറ്റപത്രത്തിലുണ്ടെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ അലോക് മിത്തല്‍ പറഞ്ഞു. പാകിസ്താനില്‍ പരിശീലനം ലഭിച്ച ബഹാദുര്‍ രാജ്യത്തെത്തുമ്പോള്‍ ആയുധങ്ങളും പാകിസ്താനിലെ ഭീകരതലവന്മാരുമായി സംസാരിക്കാനുപയോഗിച്ച ജി.പി.എസ് സംവിധാനങ്ങളും കൂടെയുണ്ടായിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് 21കാരനായ ബഹാദുറിനെ ജമ്മു കശ്മിരില്‍വച്ച് സൈന്യം അറസ്റ്റ് ചെയ്തത്.
ജൂണ്‍ 12നു ശേഷം രണ്ടു സഹായികള്‍ക്കൊപ്പമാണ് ബഹാദുര്‍ അലി ഇന്ത്യയിലെത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പാകിസ്താനിലെ ലാഹോറിനടുത്തുള്ള റായ്‌വിന്ദുകാരനാണ് ബഹാദുര്‍.
കശ്മിരില്‍ അശാന്തി പടര്‍ത്താനായി പാക് സൈന്യവും ലഷ്‌കറും തന്നെ പരിശീലിപ്പിച്ചതായി ബഹാദുര്‍ തുറന്നുപറയുന്ന എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ശേഷം കശ്മിര്‍ താഴ്‌വരയില്‍ നിലനിന്ന സംഘര്‍ഷാവസ്ഥ മുതലെടുത്ത് നാട്ടുകാര്‍ക്കിടയില്‍ നുഴഞ്ഞുകയറി കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ലഷ്‌കര്‍ നേതാക്കള്‍ തന്നോട് നിര്‍ദേശിച്ചതായും അതിനുള്ള പരിശീലനങ്ങള്‍ നല്‍കിയതായും വിഡിയോയില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."