അഖിലേഷും ശിവ്പാലും തമ്മില്‍ കൂടിക്കാഴ്ച; അനുനയന ശ്രമം ഫലം കണ്ടില്ല
ലക്ക്‌നോ: സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നത പരസ്യമായി പുറത്തായതിനു ശേഷം ഇതാദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും പാര്‍ട്ടി സംസ്ഥാനഘടകം അധ്യക്ഷന്‍ ശിവ്പാല്‍ യാദവും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം അഖിലേഷിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
ഫെബ്രുവരി 11ന് ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് ഐക്യത്തോടെ നീങ്ങാനുള്ള ശ്രമങ്ങളാണു നിലവില്‍ പുരോഗമിക്കുന്നത്. കൂടിക്കാഴ്ചയ്ക്കു ശേഷം മുതിര്‍ന്ന പാര്‍ട്ടി നേതാവ് മുലായം സിങ്ങുമായി ശിവ്പാല്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് മുലായം വിളിച്ചിരുന്ന വാര്‍ത്താസമ്മേളനം ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ റദ്ദാക്കി. വാര്‍ത്താസമ്മേളനത്തില്‍ മുലായം അനുനയന ഫോര്‍മുല പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹാരം കണ്ടെത്താനായി സമര്‍പ്പിച്ച ഫോര്‍മുല വിജയം കണ്ടില്ലെന്നാണു ഇരുവിഭാഗവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. മുലായം സിങ്ങുമായി അഖിലേഷ് ഇടയാന്‍ പ്രധാന കാരണക്കാരനായ എസ്.പിയുടെ രാജ്യസഭാ എം.പി അമര്‍സിങ്ങിനെ പാര്‍ട്ടില്‍നിന്നു പുറത്താക്കുക, ശിവ്പാല്‍ യാദവ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍നിന്നു മാറിനില്‍ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അഖിലേഷ് വിഭാഗം മുന്നോട്ടുവച്ചത്. എന്നാല്‍, പാര്‍ട്ടി സംസ്ഥാന ഭാരവാഹിത്വം രാജിവച്ച് നിലവിലെ ദേശീയ ജനറല്‍ സെക്രട്ടറിയും അഖിലേഷിന്റെ ഉറ്റകൂട്ടാളിയുമായി രാംഗോപാല്‍ യാദവിനു പകരക്കാരനാകാന്‍ തയാറാണെന്നാണ് ശിവ് പാല്‍ അറിയിച്ചത്. ഇത് അഖിലേഷ് അംഗീകരിച്ചില്ല. ഇതിനു പുറമെ അമര്‍സിങ്ങിനെ പുറത്താക്കുന്ന കാര്യത്തിലും തീരുമാനമായില്ല.
അതിനിടെ, അഖിലേഷ് ക്യാംപ് കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ്. ഇരു പാര്‍ട്ടികളും ചേര്‍ന്നാല്‍ മൊത്തം 403 സീറ്റുകളില്‍ 300ഉം നേടാനാകുമെന്നാണു പ്രതീക്ഷയെന്നു കഴിഞ്ഞ ദിവസം അഖിലേഷ് വ്യക്തമാക്കിയിരുന്നു. ഉടന്‍ തന്നെ അദ്ദേഹം രാഹുല്‍ ഗാന്ധിയെ കണ്ട് തെരഞ്ഞെടുപ്പ് സഖ്യ ചര്‍ച്ചകള്‍ നടത്തുമെന്നാണ് അറിയുന്നത്.
നേരത്തെ, എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിന്റെ അവകാശവാദവുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ കാണാനായി ഡല്‍ഹിയിലെത്തി മുലായം കമ്മിഷനെ കാണാതെ മടങ്ങി. തിരിച്ച് ലക്ക്‌നോയില്‍ വിമാനമിറങ്ങുമ്പോള്‍ പിതാവിനെ കാണാന്‍ അഖിലേഷ് പദ്ധതിയിട്ടിരുന്നെങ്കിലും മുലായത്തോടൊപ്പം അമര്‍സിങ്ങുമുണ്ടായിരുന്നതിനാല്‍ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഡല്‍ഹിയില്‍നിന്നു മടങ്ങിയെത്തിയ മുലായവുമായി സഹോദരങ്ങളായ അഭയ് റാം യാദവും രാജ്പാല്‍ യാദവും കൂടിക്കാഴ്ച നടത്തുകയും പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ചിഹ്നമടക്കമുള്ള വിഷയങ്ങളില്‍ അവകാശവാദവുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ കാണാനുള്ള ഒരുക്കത്തിലാണ് അഖിലേഷ് ക്യാംപ്. തങ്ങളാണ് യഥാര്‍ഥ എസ്.പി എന്നു തെളിയിക്കുന്ന രേഖകളുമായി ഉടന്‍ തന്നെ ക്യാംപിലെ ഉന്നതര്‍ ഉടന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കാണും. ഉത്തര്‍പ്രദേശിലെ മൊത്തം 229 പാര്‍ട്ടി എം.എല്‍.എമാരില്‍ 212 പേരുടെയും ഒപ്പു തങ്ങള്‍ക്കു ലഭിച്ചതായി അഖിലേഷ് ക്യാംപിന്റെ തലവന്‍ രാംഗോപാല്‍ യാദവ് വാദിച്ചു. 24 എം.പിമാരില്‍ 15 പേരും 5,000ത്തോളം പാര്‍ട്ടി ഭാരവാഹികളും അഖിലേഷിനു പിന്തുണ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."