മലയോര, തീരദേശ ഹൈവേകള്‍: നാറ്റ്പാക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി മലയോര ഹൈവേയും തീരദേശ ഹൈവേയും ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ യാഥാര്‍ഥ്യമാക്കാന്‍ നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. മലയോര, തീരദേശ ഹൈവേകളുടെ നിര്‍മാണം സംബന്ധിച്ച് നാറ്റ്പാക് തയാറാക്കിയ പഠന റിപ്പോര്‍ട്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ആഗസ്റ്റ് 29നാണ് മലയോര, തീരദേശ ഹൈവേകളുടെ നിര്‍മാണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായത്. 650 കി.മീ. ദൈര്‍ഘ്യമുള്ള തീരദേശ ഹൈവേയും 1267 കി.മീ. ദൈര്‍ഘ്യമുള്ള മലയോര ഹൈവേയും നിര്‍മിക്കാനാണ് തീരുമാനമായത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഒന്‍പത് ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശഹൈവേയുടെ പരമാവധി വീതി 12 മീറ്ററും കുറഞ്ഞ വീതി ഏഴു മീറ്ററുമാണ്. അപൂര്‍വം ചില സ്ഥലങ്ങളില്‍ വീതി അഞ്ചരമീറ്ററാക്കി കുറച്ചിട്ടുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ഗതാഗതത്തിരക്കൊഴിവാക്കാന്‍ ഫ്‌ളൈ ഓവറുകള്‍ സ്ഥാപിക്കും. ആലപ്പുഴ ഒഴികെയുള്ള പതിമൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് 1267 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മലയോര ഹൈവേ നിര്‍മിക്കാനുദ്ദേശിക്കുന്നത്. പൊതുമരാമത്ത് വകുപ്പും നാറ്റ് പാക്കും നടത്തിയ സംയുക്ത പരിശോധനയില്‍ മലയോര ഹൈവേക്കായി കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 190 കി.മീ അടിയന്തരമായി ഏറ്റെടുക്കാനാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഈ ഹൈവേയെ ബന്ധിപ്പിക്കുന്ന ഭാഗങ്ങള്‍ നിലവില്‍ വികസിപ്പിക്കുകയോ മറ്റു സ്‌കീമുകളില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഏഴായിരത്തി അഞ്ഞൂറു കോടിയോളം രൂപ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നു. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചാവും നിര്‍മാണപ്രവര്‍ത്തനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."