കുറ്റ്യാടി പദ്ധതി അറ്റകുറ്റപ്പണി: ജലസേചന വകുപ്പിന്റേത് ഗുരുതര അനാസ്ഥ- കലക്ടര്‍
കോഴിക്കോട്: കുറ്റ്യാടി ജലസേചന പദ്ധതി അറ്റകുറ്റപ്പണിക്കായി രണ്ടു കോടി രൂപ കൈയിലുണ്ടായിട്ടും ഒരു രൂപ പോലും ചെലവഴിക്കാതെ ജലസേചന വകുപ്പ് ഗുരുതര അനാസ്ഥ കാണിച്ചതായി ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍.
ജലസേചന വകുപ്പിന്റെ ഉത്തരവാദിത്തത്തില്‍പെട്ട കനാലിന്റെ അറ്റകുറ്റപ്പണികള്‍ ഇതുവരെയായിട്ടും നടത്തിയിട്ടില്ല. തൊഴിലുറപ്പ് പദ്ധതി വഴിയുള്ള കനാല്‍ ശുചീകരണമാണ് ആകെ നടന്നത്. എന്നാല്‍ കനാല്‍ ശുചീകരിച്ചതു തന്നെ തൃപ്തികരമല്ലാത്ത രീതിയിലാണ്.
ശുചീകരണ പ്രവൃത്തിയില്‍ ഒന്‍പതു പഞ്ചായത്തുകള്‍ സഹകരിച്ചിരുന്നില്ല. കനാല്‍ ശുചീകരണം നേരത്തെ നടക്കാത്തതിനാല്‍ നിശ്ചയിച്ച തിയതിയില്‍ കനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ ജലസേചന വകുപ്പ് ഒരു താല്‍പര്യവും കാണിച്ചില്ല. വരള്‍ച്ച രൂക്ഷമായിരിക്കെ ജില്ലയോടു പരമാവധി ഉപദ്രവം ജലസേചന വകുപ്പ് ചെയ്തതായും കലക്ടര്‍ പറഞ്ഞു.പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ജലസേചന വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചുചേര്‍ക്കണമെന്നും ജില്ലാ വികസന സമിതി അഭിപ്രായപ്പെട്ടു.
കോവിലകം താഴെ പാലം അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സര്‍വേ അടുത്തയാഴ്ച തന്നെ തീര്‍ക്കുമെന്നു കലക്ടര്‍ അറിയിച്ചു.
അനാറുകണ്ടം ഫൂട്ട് ബ്രിഡ്ജിന്റെ പുതിയ അലൈന്‍മെന്റ് പ്രകാരം നിലവിലെ ഗ്രൗണ്ടിന്റെ ചെറിയ ഭാഗം ആവശ്യമാണെന്നും അതിനായി കൊടുവള്ളി എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ആവശ്യമാണെന്നും പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ബാലുശ്ശേരി മൊടക്കല്ലൂര്‍ പാലം പ്രവൃത്തി ടെന്‍ഡര്‍ നടത്തിയതായും പ്രവൃത്തി ഉടന്‍ തുടങ്ങുമെന്നും കുറ്റ്യാടി ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
യോഗത്തില്‍ എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, ഇ.കെ വിജയന്‍, കെ. ദാസന്‍, സി.കെ നാണു, ജോര്‍ജ് എം. തോമസ്, പാറക്കല്‍ അബ്ദുല്ല, എം.കെ മുനീര്‍, കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, സിറ്റി പൊലിസ് കമ്മിഷണര്‍ ജെ. ജയനാഥ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."