ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങി: മയക്കുവെടിവച്ച് പിടികൂടി
ചുള്ളിയോട്: ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പുള്ളിപ്പുലിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി. ചുള്ളിയോട് തൊവരിമല എസ്‌റ്റേറ്റ് പാടിക്ക് സമീപത്ത് വച്ചാണ് പുള്ളിപ്പുലിയെ പിടികൂടിയത്. ഒരു വയസ്സ് മതിക്കുന്ന ആണ്‍പുലി കുട്ടിയെയാണ് പിടിച്ചത്. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് പുലിയെ നാട്ടുകാര്‍ ആള്‍താമസമില്ലാത്ത പാടിയിലെ ഒരു മുറിയില്‍ കണ്ടത്.
നാട്ടുകാര്‍ കൂടിയതോടെ പുലി സമീപത്തെ കുറ്റിക്കാടിലേക്ക് മറഞ്ഞു. ഇതിനിടെ വിവരം അറിഞ്ഞ് സൗത്ത് വയനാട് ഡി.എഫ്.ഒ അബ്ദുള്‍ അസീസിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലിസും സ്ഥലത്തെത്തി. അതിനിടെ പുലി സമീപത്തെ കടലാസ് പൂച്ചെടികള്‍ക്കുള്ളിലേക്ക് നീങ്ങി. ഇതോടെ പൂച്ചെടികള്‍ക്കുള്ളില്‍ കുടുങ്ങിയ പുലി മറ്റ് ജനവാസകേന്ദ്രങ്ങളിലേക്ക് കയറാതിരിക്കാന്‍ വനംവകുപ്പ് പ്രദേശത്ത് വലയം ചെയ്തു. ഉച്ചയോടെ വൈല്‍ഡ് ലൈഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍സക്കറിയ സ്ഥലത്തെത്തി പുലിയെ മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് മണിയോടെ പുലിയെ മയക്കുവെടി വച്ച് പിടികൂടി. ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉള്ള പുലി മുന്‍പ് കെണിയിലകപ്പെട്ടതായിരിക്കാം എന്ന അനുമാനത്തിലാണ് വനംവകുപ്പ്. അരയില്‍ നിന്നും കമ്പി കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസിലെത്തിച്ച പുലിക്ക് ഇവിടെത്തന്നെ ചികിത്സ നല്‍കുകയാണ്. പുലി അവശനായതിനാലാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയതെന്ന് കരുതുന്നു. തിങ്കളാഴ്ച വരെ മേപ്പാടി റേഞ്ച് ഓഫിസില്‍ ചികിത്സ നല്‍കുന്ന പുലിക്കുട്ടിയെ എന്ത് ചെയ്യണമെന്ന് അതിന് ശേഷം മാത്രമെ തീരുമാനിക്കു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."