ദേവസ്വം ബോര്‍ഡിനെതിരേ ആലങ്ങാട്ടുയോഗം രംഗത്ത്
കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ഗുരതര ആക്ഷേപവുമായി ആലങ്ങാട്ടുയോഗം പേട്ടതുള്ളല്‍ സംഘം. ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് എരുമേലി പേട്ടതുള്ളല്‍ തടസ്സപ്പെടുത്താനും പ്രശ്‌നമുണ്ടാക്കാനും ഒരുവിഭാഗം ശ്രമിക്കുന്നതായി ആലങ്ങാട്ടുയോഗത്തിന്റെ പെരിയോന്‍ എ.കെ. വിജയകുമാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ആലങ്ങാട്ടുയോഗം ശബരിമല സ്വാമി ഭക്തജനസംഘം ഭാരവാഹികളായ എം.എന്‍. രാജപ്പന്‍ നായര്‍, പി. കെ. രാജേഷ് എന്നിവരാണ് ആരോപണവുമായി രംഗത്തെത്തിയത്.
എരുമേലി പേട്ടതുള്ളലിന്റെ നായകത്വം പരമ്പരാഗതമായി ആലങ്ങാട്ടുയോഗം ശബരിമല ഭക്തജനസംഘത്തിനാണെന്ന കോടതി വിധി നിലനില്‍ക്കേ യോഗത്തിന്റെ നേതൃസ്ഥാനങ്ങളും അവകാശവും ലക്ഷ്യമിട്ട് ചില വ്യക്തികളും സംഘടനകളും നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ഹൈക്കോടതി ഉത്തരവുകളെ മറികടന്ന് നിക്ഷിപ്ത താല്പര്യത്തിലുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലിന്റെ പരോക്ഷ പിന്തുണയുള്ളതായും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ദേവസ്വം ബോര്‍ഡിനെ സ്വാധീനിച്ച് പരോക്ഷ പിന്തുണ നേടിയിട്ടുള്ള ഇക്കൂട്ടര്‍ മുന്‍വര്‍ഷങ്ങളില്‍ എരുമേലി പേട്ടതുള്ളല്‍ അലങ്കോലപ്പെടുത്താനും ആലങ്ങാട്ടുയോഗക്കാരെ കയ്യേറ്റം ചെയ്യാനും ശ്രമിക്കുകയുണ്ടായി. എരുമേലി, പമ്പ, ശബരിമല എന്നിവിടങ്ങളില്‍ ആലങ്ങാട്ടുയോഗത്തിന് അനുവദിക്കുന്ന ഷെഡ്ഡുകളില്‍ ഓരോന്ന് എതിര്‍പക്ഷം കയ്യേറുന്നതും പതിവാണെന്ന് സ്വാമി ഭക്തജനസംഘം ഭാരവാഹികള്‍ പറയുന്നു. ആലങ്ങാട്ട്, അയിരൂര്‍, ചെങ്ങമനാട്, പാറക്കടവ്, കോതകുളങ്ങര, മഞ്ഞപ്ര, മലയാറ്റൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആലങ്ങാട്ടു യോഗത്തിന്റെ നേതൃത്വത്തിലുള്ള പേട്ടതുള്ളലില്‍ പങ്കെടുക്കാന്‍ അവകാശം. ആലങ്ങാട്ടുയോഗക്കാര്‍ വ്രതാനുഷ്ഠാനങ്ങളോടെ നടത്തുന്ന പേട്ടതുള്ളല്‍ മുറപ്രകാരം മുന്നോട്ടു കൊണ്ടുപോകാന്‍ ബന്ധപ്പെട്ടവര്‍ നടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."