ടോള്‍ ഈടാക്കുന്നത് നീതികേട്: മന്ത്രി ജി. സുധാകരന്‍
കൊച്ചി: നികുതി നല്‍കുന്ന ജനങ്ങളില്‍നിന്നു റോഡ് യാത്രയ്ക്കായി ടോള്‍ ഈടാക്കുന്നത് നീതികേടാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. നികുതിപ്പണം കൊണ്ടുള്ള ബജറ്റില്‍ ഉള്‍പ്പെടുത്തി തയാറാക്കുന്ന പാലത്തിലൂടെ യാത്ര ചെയ്യുന്നതിന് വീണ്ടും ചുങ്കം ചുമത്തുന്നതില്‍ അര്‍ഥമില്ല. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ചില കാര്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ നമ്മുടെ ആവശ്യങ്ങള്‍ അനുവദിക്കാതെ വരുമെന്നതിനാലാണ് ചില തെറ്റുകള്‍ അറിഞ്ഞുകൊണ്ടു തന്നെ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എരൂര്‍ മാത്തൂര്‍ റെയില്‍വേ മേല്‍പ്പാലം തുറന്നുകൊടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയപാതയില്‍ നൂറു കോടി രൂപയില്‍ താഴെ ചെലവുള്ള ഭാഗങ്ങളില്‍ ടോള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തിന്റെ സമ്മര്‍ദഫലമായി കഴിഞ്ഞു. മൂന്ന് സംസ്ഥാന റോഡുകളിലും ടോള്‍ ഒഴിവാക്കി. ടോളിന്റെ പേരില്‍ കരാറുകാരും ഉദ്യോഗസ്ഥരും പറയുന്നത് കള്ളക്കണക്കാണ്. കരാറുകാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും പണം വീതിച്ചെടുക്കാനുള്ള ഏര്‍പ്പാടാണ് ടോള്‍ പിരിവ്. ഇതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല.
ടാര്‍ ഉപയോഗത്തിലും വന്‍ അഴിമതിയാണ് നടമാടുന്നത്. കൊച്ചി റിഫൈനറിയില്‍ നിന്നു പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ വാങ്ങുന്ന ടാര്‍ മറിച്ചു വില്‍ക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. തട്ടിപ്പുകാരായ കരാറുകാരെ ഈ രംഗത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന നാലാമത്തെ മേല്‍പ്പാലമാണ് എരൂരിലേത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ തന്നെ റോഡ്, പാലം നിര്‍മാണങ്ങളിലെ കാലതാമസം ഒഴിവാക്കി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം റോഡ് നിര്‍മാണത്തിന് സര്‍ക്കാര്‍ നല്‍കിയ തുകയില്‍ 25,000 കോടി രൂപയെങ്കിലും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വീതിച്ചു കൊണ്ടുപോകുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു.
150 കിലോമീറ്റര്‍ വേഗത്തില്‍ ജനങ്ങളുടെ നെഞ്ചില്‍ക്കൂടി വാഹനം പായിക്കുന്നതല്ല ഭരണത്തിന്റെ വേഗം. തുറസായ സ്ഥലങ്ങളെ വിസര്‍ജന മുക്തമാക്കിയതില്‍ രാജ്യത്ത് ഒന്നാമതെത്തിയ സംസ്ഥാനമാണ് കേരളം. വൈദ്യുതിയില്ലാത്ത ഒരു വീട് പോലും മാര്‍ച്ച് 31നകം സംസ്ഥാനത്ത് ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ നയം. ലഹരിമുക്ത കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങളും മുന്നേറുന്നു. കാറിന്റെ സ്പീഡോമീറ്റര്‍ മാത്രം ശ്രദ്ധിക്കുന്നവര്‍ ഇതൊന്നും മനസിലാക്കിയെന്ന് വരില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അഡ്വ.എം. സ്വരാജ് എം.എല്‍.എ അധ്യക്ഷനായി. പ്രൊഫ.കെ.വി തോമസ് എം.പി, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി, വൈസ് ചെയര്‍പേഴ്‌സണ്‍ ഒ.വി സലിം, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ.ആശ തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."