നോട്ട് നിരോധനത്തിന് മുന്‍പുള്ള നിക്ഷേപങ്ങളും പരിശോധിക്കും
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചശേഷം നവംബര്‍ ഒന്‍പതു വരെ ബാങ്കുകളില്‍ സേവിംഗ്സ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ കണക്കുകള്‍ ശേഖരിക്കാന്‍ ആദായ നികുതി വകുപ്പ് തീരുമാനിച്ചു. ഈ കാലയളവില്‍ 2.5 ലക്ഷത്തിന് മുകളില്‍ പണം നിക്ഷേപിച്ചവരുടെ വിവരം നല്‍കാനും ആദായ നികുതി വകുപ്പ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ കാലയളവില്‍ 12.5 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചിരുന്നു. ഇതിനൊടൊപ്പം പാന്‍ കാര്‍ഡ്, ഫോം 60 എന്നിവയുടെ വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപാടുകളെ സംബന്ധിച്ച വിവരങ്ങള്‍ ജനുവരി 15നകം നല്‍കാനാണ് നിര്‍ദ്ദേശം.
നിലവില്‍ 50,000 രൂപക്ക് മുകളില്‍ പണം നിക്ഷേപിക്കണമെങ്കില്‍ പാന്‍ കാര്‍ഡ് നല്‍കണം. പാന്‍കാര്‍ഡ് ഇല്ലാത്ത ആളുകള്‍ ഉയര്‍ന്ന ഇടപാടുകള്‍ നടത്തുമ്പോള്‍ നല്‍കുന്നതാണ് ഫോം 60. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് കള്ളപ്പണം കണ്ടെത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന.
പാന്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി യോജിപ്പിക്കാത്ത അക്കൗണ്ട് ഉടമകളോട് ഫെബ്രുവരി 28ന് മുമ്പായി പാന്‍ നമ്പര്‍ ആവശ്യപ്പെടാനും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 15 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ ബാങ്കുകളിലേക്ക് തിരിച്ചെത്തിയതോടെ ബാങ്ക് നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് ശേഖരിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."