പുനര്‍ജ്ജനി പദ്ധതി സംസ്ഥാനത്തിന് മാതൃക: റോഷി അഗസ്റ്റിന്‍
ചെറുതോണി: നാഷനല്‍ സര്‍വിസ് സ്‌കീം 'യുവത്വം ആസ്തികളുടെ പുനര്‍നിര്‍മാണത്തിന് ' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കുന്ന 'പുനര്‍ജ്ജനി പദ്ധതി' സംസ്ഥാനത്തിനു മാതൃകയാണെന്ന് ക്യാംപ് സന്ദര്‍ശിച്ച റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു.
ജില്ലാ ആശുപത്രിയിലെ കാലഹരണപ്പെട്ട രണ്ടുകോടിയില്‍പരം രൂപയുടെ ആസ്തികള്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള പദ്ധതികളാണു പുനര്‍ജ്ജനിയില്‍ ഉള്‍പ്പെടുന്നത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ മാതൃകയില്‍ ഉപകരണങ്ങളും ആസ്തിയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നവീകരിച്ചാല്‍ ആവശ്യത്തിന് ഉപകരണങ്ങളും സൗകര്യങ്ങളും സജ്ജമാക്കാനാകും. ഓരോ സ്ഥാപനങ്ങളിലും ചെറിയ കേടുപാടുകള്‍ മാത്രം സംഭവിച്ച കസേരകളും മറ്റ് ഉപകരണങ്ങളും വലിച്ചെറിഞ്ഞു പുതിയവ വാങ്ങുന്നതിനു വ്യഗ്രത കാണിക്കുകയാണ്. ഇതുമൂലം ഓഫിസുകളിലെ സ്ഥലവും അന്തരീക്ഷവും മലിനപ്പെട്ടുകിടക്കുകയും ആസ്തികള്‍ കാലഹരണപ്പെടുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാന്‍ പുനര്‍ജ്ജനി പോലുള്ള മാതൃകാപദ്ധതികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ തയാറാകണമെന്നും എം.എല്‍.എ പറഞ്ഞു.
ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുലിനൊപ്പം ക്യാംപിലെത്തിയ അദ്ദേഹം ആശുപത്രി ഉപകരണങ്ങളുടെ പെയിന്റിങ്ങിലും പങ്കാളിയായി. 14 ജില്ലകളില്‍നിന്നുള്ള ഗവ. എന്‍ജിനീയറിങ് കോളജുകളിലെയും പോളിടെക്‌നിക്കുകളിലെയും 140 എന്‍.എസ്.എസ് വോളണ്ടിയര്‍മാരാണ് ഒന്‍പതുദിവസം നീണ്ടുനില്‍ക്കുന്ന ക്യാംപില്‍ പങ്കെടുക്കുന്നത്.
ടെക്‌നിക്കല്‍ സെല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. നിസ്സാം റഹ്മാന്‍, പ്രൊജക്ട് കണ്‍സള്‍ട്ടന്റ് ജെസ്റ്റിന്‍ ജോസഫ്, ആക്റ്റിവിറ്റി റിലേഷന്‍ മാനേജര്‍മാരായ അര്‍ഷദ് ടി.കെ, നസീം ഹാഷ്മി, പ്രോഗ്രാം ഓഫിസര്‍ ഡോ. സുമ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാംപ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."