പാതിവഴിയില്‍ പുസ്തകമുപേക്ഷിച്ചവര്‍ വീണ്ടും വിദ്യാലയമുറ്റത്ത്
കരുളായി: പഠനത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചാണ് കരുളായിയില്‍ പത്താം ക്ലാസ് പഠിക്കാന്‍ പതിനേഴുകാര്‍ മുതല്‍ എഴുപതുവരെയുള്ള ആയിരം പേരെത്തിയത്. കരുളായി ഗ്രാമപഞ്ചായത്തിന്റെയും സന്‍സദ് ആദര്‍ശ് ഗ്രാമയോജനയുടെയും സാക്ഷരതാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സമതയെന്ന പേരില്‍ നടത്തുന്ന എല്ലാവര്‍ക്കും പത്താംക്ലാസെന്ന പദ്ധതിയില്‍ പങ്കാളികളായാണ് കരുളായിയില്‍ ആയിരത്തിലധികം ആളുകള്‍ പത്താംക്ലാസ് പഠിക്കാനെത്തിയത്. വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവര്‍ക്ക് പഠനം തുടരാനായി ഒരു അവസരമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അതുവഴി സമ്പൂര്‍ണ സാക്ഷരതാ പഞ്ചായത്തായിമാറ്റുകയാണ് ലക്ഷ്യം. അറുപതുദിവസത്തെ ക്ലാസിനും തുടര്‍ന്ന് നടക്കുന്ന പരീക്ഷയ്ക്കും ശേഷം കരുളായിയെ ഈ ലക്ഷ്യത്തിലേക്ക് എത്തിക്കാനാവും. പഞ്ചായത്തിലെ പുള്ളിയില്‍ ഗവ.യു.പി സ്‌കൂള്‍, കരുളായി കെ.എം ഹൈസ്‌കൂള്‍, കരുളായി ദേവധാര്‍ എ.എം.എല്‍.പി സ്‌കൂള്‍, മൈലമ്പാറ ട്യൂഷന്‍ സെന്റര്‍ എന്നീ നാല് കേന്ദ്രങ്ങളിലാണ് ക്ലാസുകള്‍ തുടങ്ങിയിട്ടുള്ളത്.
എല്ലാ ഞായറാഴ്ചകളിലും ഈ കേന്ദ്രങ്ങളില്‍ പ്രഗത്ഭരായ അധ്യാപകര്‍ ക്ലാസുകള്‍ നയിക്കും. ആദ്യ ക്ലാസ് ഞായറാഴ്ചയോടെ ഈ കേന്ദ്രങ്ങളില്‍ തുടക്കമായി. പഠിതാക്കളെ പ്രവേശനോത്സവം സംഘടിപ്പിച്ച് ഗ്രാമപഞ്ചായത്തും സാഗി പ്രവര്‍ത്തകരും സമത വാള@ിയര്‍മാരും സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകരും സ്വീകരിച്ചു. കരുളായി കെ.എം സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിശാരിയില്‍ അസൈനാരിന്റെയും ക്ഷോമക്കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.മിനിയുടെയും മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും കിണറ്റിങ്ങല്‍ സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.സുനീറിന്റെയും മറ്റ് ഗ്രമപഞ്ചായത്ത് അംഗങ്ങളുടെയും, പുള്ളിയില്‍ സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷെരീഫയുടെയും മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും, മൈലംമ്പാറയില്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ മനോജ്, ഷീബ പൂഴിക്കുത്ത് എന്നിവരുടെയും മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും ജെ.എസ്.എസ് കോഡിനേറ്റര്‍ വി ഉമ്മര്‍ കോയ, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സജി തോമസ്, ബ്ലോക്ക് കോഡിനേറ്റര്‍ സന്തോഷ് കുമാര്‍, എ.പി ഫൈസല്‍ എന്നിവരുടെയും നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. നാല് കേന്ദ്രങ്ങളിലായി നടക്കുന്ന ക്ലാസുകള്‍ പി.വി അബ്ദുല്‍വഹാബ് എം.പി സന്ദര്‍ശിച്ചു.
സാധാരണ വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് വരുമ്പോള്‍ രക്ഷിതാക്കളുടെ കൈപിടിച്ചാണ് എത്താറുള്ളതെങ്കില്‍ ഇന്ന് രക്ഷിതാക്കള്‍ കുട്ടികള്‍ കൈപിടിച്ചാണ് ക്ലാസ് മുറികളിലെത്തിയത്. ക്ലാസ് മുറിക്കുളിലെത്തിയ മുതിര്‍ന്ന കുട്ടികള്‍ ഇനി വരുന്ന ആറ് മാസക്കാലത്തേക്ക് പതിനഞ്ചുക്കാരുടെ മനസോടെ പഠനത്തിനായി കഴിച്ചുകൂട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."