ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തെ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൂട്ട അവധിയെടുത്തുള്ള ഒരു വിഭാഗം ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരരൂപത്തെ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണസിരാകേന്ദ്രത്തിന്റെ പ്രധാനികള്‍തന്നെ സമരരൂപം സ്വീകരിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഇക്കാര്യം തന്നെ കണ്ടു സംസാരിക്കാനെത്തിയ ഐ.എ.എസ്. ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്.
വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടാനോ സ്വാധീനിക്കാനോ സര്‍ക്കാര്‍ ശ്രമിക്കില്ല. അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായി നടക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ആദ്യമായല്ല ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് വരുന്നത്. വിജിലന്‍സ് അന്വേഷണം നേരിട്ട നിരവധി ഉദ്യോഗസ്ഥരുണ്ട്. സസ്‌പെന്‍ഷനിലായ സംഭവവും മുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു സമരരൂപം സ്വീകരിക്കുന്നത് ആദ്യമായാണെന്നുതന്നെ പറയാം.
കേസ് വരുമ്പോള്‍ വികാരം സ്വാഭാവികമാണ്. എന്നാല്‍ വികാരവും നടപടിയും രണ്ടാണ്. സര്‍ക്കാരിനെതിരെ ഒരു നീക്കവും നടത്തിയിട്ടില്ലെന്നും അങ്ങനെ തെറ്റിദ്ധരിക്കരുതെന്നും തങ്ങളുടെ ആശങ്കയുടെ ഭാഗമായി എടുത്ത നിലപാടാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. അതും നല്ല മനസോടെ സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."