രാജശേഖരന്‍ പിള്ള; ബഹ്‌റൈന്‍ പ്രവാസികള്‍ക്കിടയിലെ സേവന സാന്നിധ്യം
മനാമ: ബംഗ്ലുരുവില്‍ പ്രവാസി ഭാരതീയ ദിവസില്‍ ഈ വര്‍ഷം പ്രവാസി ഭാരതീയ സമ്മാനം നേടിയ ബഹ്‌റൈനിലെ പ്രവാസി മലയാളിയായ വി.കെ. രാജശേഖരന്‍ പിള്ളയുടെ സേവന പ്രവര്‍ത്തനങ്ങള്‍ പ്രവിശാലമാണ്.
കഴിഞ്ഞ 37 വര്‍ഷമായി സ്വദേശത്തും വിദേശത്തും വിവിധ ബിസിനസ് മേഖലകളിലും സംരംഭങ്ങളിലും തന്റേതായ സാന്നിധ്യവും വ്യക്തി മുദ്രയും പതിച്ച് മുന്നേറുന്ന പിള്ള, തന്റെ വളര്‍ച്ചയുടെ ഉയരങ്ങളില്‍ പോലും സ്വന്തം നാട്ടുകാരെയോ പ്രവാസി സമൂഹത്തെയോ മറക്കുന്നില്ല എന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണ്.
ബിസിനസ് മേഖലകള്‍ തഴച്ചു വളരുമ്പോഴും സ്വാഭാവികമായ തിരക്കുകള്‍ക്കിടയിലും പാവപ്പെട്ടവന്റെ കണ്ണീര്‍ കാണാനും അത് തുടക്കാനും അവര്‍ക്ക് കൈമെയ് മറന്ന് ആവോളം ആശ്വാസം പകരാനും സഹായിക്കാനും അദ്ധേഹം സമയം കണ്ടെത്തുന്നുവെന്നതും ശ്രദ്ധേയമാണ്..
ബഹ്‌റൈനിലെ ഏത് സന്നദ്ധ പ്രവര്‍ത്തനങ്ങളിലും പിള്ളയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത് അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയുടെ നിര്‍ലോഭമായ സ്‌നേഹവായ്പുകള്‍ക്ക് തെളിവാണെന്നതിന് ബഹ്‌റൈനിലെ പ്രവാസികളും സാക്ഷിയാണ്.
ആലപ്പുഴ ജില്ലയിലെ മാന്നാര്‍ കുട്ടമ്പേരൂര്‍ സ്വദേശിയായ രാജശേഖരന്‍പിള്ള നാട്ടില്‍നിന്ന് സ്‌കൂള്‍ പഠന കാലം പത്താം ക്ലാസ്സില്‍ അവസാനിപ്പിച്ചാണ് 1978ല്‍ ബോംബെയിലേക്ക് വണ്ടി കയറിയത്. പിന്നീട് ഭോപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം സ്വന്തമാക്കി. തുടര്‍ന്ന് നാഷണല്‍ അഡ്‌വര്‍ടൈസിംഗ് എന്ന സ്ഥാപനത്തില്‍ 10 വര്‍ഷത്തോളം ജോലി ചെയ്തു. അതിനു ശേഷമാണ് സൌദിയിലെത്തുന്നതും അവിടെ ജോലി ചെയ്തിരുന്ന കമ്പനിയ്ക്ക് കാര്യമായ പുരോഗതി ഇല്ലാതെ വന്നപ്പോള്‍ സ്‌പോണ്‍സറോടൊപ്പം ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങുന്നതും. 'നജിഡ്‌സ് സെന്റര്‍ ഫോര്‍ സെഫ്റ്റി സപ്ലൈസ്' എന്നായിരുന്നു സൗദിയിലെ കമ്പനിയുടെ പേര്. 1990ല്‍ ഇന്റര്‍നാഷണല്‍ ഫയര്‍ പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേഡുകള്‍ നല്‍കുന്ന NFPAയുടെ അംഗീകാരം കൂടി നേടിയതോടെ നജിഡ്‌സിന്റെ വളര്‍ച്ചദൃതഗതിയിലായി. അലാറം വേള്‍ഡ് എന്ന മറ്റൊരു കമ്പനിയും പിന്നീട്‌സൌദിയില്‍ തന്നെ അദ്ദേഹം സ്ഥാപിച്ചു.
തുടര്‍ന്ന് 2002ലാണ് അദ്ദേഹം ബഹ്‌റൈനിലെത്തിയത്. ബഹ്‌റൈനില്‍ ആദ്യമായി ചെയ്തത് 'നാഷണല്‍ ഫയര്‍ ആന്റ് സേഫ്റ്റി' എന്ന ഒരു സ്ഥാപനം ആരംഭിക്കുകയായിരുന്നു. പിന്നീട് 'നാഷണല്‍ ഫയര്‍ ഫൈറ്റിംഗ് കമ്പനി' എന്ന മറ്റൊരു സ്ഥാപനവും തുടങ്ങി. ഇന്ന് ബഹ്‌റൈനിലെ ഫയര്‍ ഫൈറ്റിംഗ് രംഗത്തെ പകരക്കാരില്ലാത്ത സ്ഥാപനമാണ് നാഷണല്‍. ബഹ്‌റൈനിലെ എല്ലാ പ്രമുഖ വ്യാവസായിക മേഖലകളിലും നാഷണല്‍ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്. അഥവാ ബഹ്‌റൈനിലെ വ്യാവസായിക മേഖലകളെല്ലാം ഇന്ന് മുന്നോട്ടു പോകുന്നത് 'നാഷണല്‍ ഫയര്‍ ഫൈറ്റിംഗ് കമ്പനിയുടെ സുരക്ഷയിലാണ് എന്ന് വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ശരി.
ഇപ്രകാരം മിഡില്‍ ഈസ്റ്റില്‍നിന്ന് ഇന്ത്യയിലേയ്ക്കും പിന്നീട് സിംഗപ്പൂര്‍ അടക്കമുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കുമുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയും ബിസിനസ് സാമ്രാജ്യത്തിന്റെ ഉയര്‍ച്ചയും അസൂയാവഹമായിരുന്നു. ഇതോടൊപ്പം ബഹ്‌റൈനില്‍ തന്നെ പ്രശസ്തമായ അല്‍ ഹയാത് ദെന്തല്‍ സെന്ററും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ആധുനിക സംവിധാനങ്ങളും മികച്ച സേവനവും മിതമായ നിരക്കുകളും കൊണ്ട് ഇതിനകം തന്നെ അല്‍ ഹയാത് ബഹ്‌റൈന്‍ നിവാസികള്‍ക്കിടയില്‍ സുപരിചിതമാണ്.
ബഹ്‌റൈനിനു പുറമെ യു.എ.ഇ. കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്വാലിറ്റി ഗാര്‍നെറ്റ്, ഗ്ലോബല്‍ ട്രെയിഡിംഗ്, സിങ്കപ്പൂരില്‍ സ്ഥാപിച്ച എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍ സിങ്കപ്പൂര്‍, ഗ്ലിറ്റ്‌സ് ഐ.ടി. സൊലൂഷന്‍ എന്നിവയും അദ്ദേഹത്തിന്റെ ബിസിനസ് വളര്‍ച്ചയുടെ പൊന്‍തൂവലുകളാണ്. വിദേശ രാജ്യങ്ങള്‍ക്ക് പുറമേ സ്വന്തം നാട്ടിലും രാജശേഖരന്‍ പിള്ള അദ്ദേഹത്തിന്റെ ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. സാം!രഗി റിസോര്‍ട്ട്, നാഷണല്‍ ടൂര്‍സ് ആന്റ് ട്രാവത്സ്, ഗ്ലോബല്‍ മീഡിയ റിസേര്‍ച്ച് സെന്റര്‍, നാഷണല്‍ സിമന്റ് പ്രൊഡക്റ്റ്‌സ് എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.
ഇതിനെല്ലാം പുറമെ തന്റെ സേവനപ്രവര്‍ത്തനങ്ങള്‍ അര്‍ഹരായവരിലേയ്ക്ക് കൃത്യമായി എത്തിയ്ക്കുവാനായി രാജശ്രീ ചാരിറ്റബിള്‍ ട്രസ്റ്റും അദ്ദേഹം രൂപീകരിച്ചു. പ്രതിവര്‍ഷം അശരണരുടെ ക്ഷേമത്തിലും പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന സൌകര്യങ്ങള്‍
മെച്ചുപ്പെടുത്തുന്നതിലുമൊക്കെയായി, മാതൃകാപരമായ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഈ ട്രസ്റ്റ് വഴി നടന്നുവരുന്നത്. കൂടാതെ മറ്റാരും അറിയാതെ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വേറെയുമുണ്ട്. ഇതെല്ലാം കൊണ്ടു തന്നെയാണ് 600ലധികം വരുന്ന ബഹ്‌റൈനിലെ സ്വന്തം സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് പുറമെ മറ്റു പ്രവാസി സമൂഹങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും അദ്ദേഹം ഇന്ന് ഏറെ പ്രിയപ്പെട്ടവനാണ്.
നിര്‍ലോഭമായ സ്‌നേഹവും സൗഹൃദങ്ങളുമാണ് രാജശേഖരന്‍ പിള്ളയുടെ മറ്റൊരു വലിയസമ്പാദ്യം. അതില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധിപ്രമുഖര്‍ ഉള്‍ക്കൊള്ളുന്നു. ആരേയും അനാവശ്യമായ ശുപാര്‍ശകള്‍ കൊണ്ട ് ബുദ്ധിമുട്ടിക്കാത്തത് കൊണ്ടാണ് ആ സ്‌നേഹബന്ധങ്ങള്‍ പലതും കാലങ്ങളായി നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ബിസിനസ് രംഗത്ത് മാത്രമല്ല ബഹ്‌റൈന്റെ സാംസ്‌കാരിക രംഗത്തും രാജശേഖരന്‍ പിള്ളയും അദ്ദേഹത്തിന്റെ നാഷണല്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്ന സ്ഥാപനവും സുപരിചിതമാണ്. ബഹ്‌റൈനിലെ ഏതാണ്ട് എല്ലാ പ്രവാസി സംഘടനകളുമായും നേരിട്ടോ അല്ലാതെയോ ബന്ധമുള്ള അദ്ദേഹം ഇതുവരെയും ഒരു സംഘടനയുടെയും നേതൃനിരയിലേയ്ക്ക് എത്തിയിട്ടില്ല എന്നുള്ളതും വളരെ ശ്രദ്ധേയമായൊരു കാര്യമാണ്. 'ഏതെങ്കിലും ഒരു സംഘടനയുടെ നേതൃത്വത്തിലേയ്ക്ക് വരുന്നവര്‍ അതിനു വേണ്ടി വര്‍ക്ക് ചെയ്യാന്‍ സമയം കണ്ടെത്തണം. അതിന് കഴിയാതിരുന്നാല്‍ ആ സംഘടനയോട് ചെയ്യുന്ന തെറ്റാവും അത്.' വശ്യമായ ചിരിയോടെ നിഷ്‌കളങ്കമായി രാജശേഖരന്‍ പിള്ള ബഹ്‌റൈനിലെ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ അക്ഷയ പുസ്തകനിധിയുടെ 2014ലെ മികച്ച വ്യവസായിക്കും സാമൂഹിക പ്രവര്‍ത്തകനുമുള്ള ദേശീയ പുരസ്‌കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയതും അദ്ധേഹത്തിന്റെ ഈ നിഷ്‌കളങ്കമായ സാമൂഹ്യ പ്രതിബന്ധതയാണ്..
മാന്നാര്‍ കുട്ടമ്പേരൂര്‍ സ്വദേശിയായ കൃഷ്ണപണിക്കരുടെയും ശാരദാമ്മയുടെയുംആറ് മക്കളില്‍ മൂന്നാമത്തെ മകനാണ് രാജശേഖരന്‍ പിള്ള. ശ്രീകലയാണ് ഭാര്യ. ബി.എ., ബി.എഡ് ബിരുദദാരിയായ ശ്രീകല നല്ലൊരു ചിത്രകാരികൂടിയാണ്. മൂത്തമകള്‍ രാജശ്രീ, എറണാകുളം എന്‍.ഐ.റ്റിയില്‍ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയാണ്. ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായശ്രീരാജാണ് മകന്‍. പഠനത്തോടൊപ്പം കലാരംഗത്തും ശ്രദ്ധകേന്ദ്രീകരിക്കുന്ന അഞ്ച് വര്‍ഷമായി ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."