സൂക്ഷിക്കുക... ഇത് കടലാസ് കൊണ്ടുള്ളതാണ്
കൊച്ചി: മുസിരിസ് ബിനാലെയില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ച് ദിയ മേത്ത ഭൂപലിന്റെ കടലാസ് കൊണ്ടുള്ള 'ശുചിമുറി'. ഇളം നീല നിറത്തിലുള്ള ഈ മുറി സൂക്ഷിച്ചുനോക്കിയാല്‍ മാത്രമേ കടലാസ് കൊണ്ടുള്ളതാണെന്ന് മനസ്സിലാകൂ. സൂപ്പര്‍ മാര്‍ക്കറ്റ്, ക്ലിനിക്കിലെ വെയിറ്റിങ് റൂം, പുസ്തകശാല, വിമാനത്തിന്റെ ഉള്‍വശം എന്നിവയും ദിയ നിര്‍മിച്ചിട്ടുണ്ട്. ഇവയുടെ ഫോട്ടോകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പത്രക്കടലാസ്, മാസികകള്‍ എന്നിവ കൊണ്ടാണ് നിര്‍മാണം. വളരെ വലുപ്പമുള്ള നിര്‍മിതികള്‍ക്ക് വര്‍ഷങ്ങളോളമെടുക്കുമെന്ന് ദിയ പറയുന്നു. സൃഷ്ടി പൂര്‍ണമായാല്‍ ഫോട്ടോയെടുത്ത ശേഷം ഇളക്കിമാറ്റുകയാണ് രീതി. ഫോട്ടോയെടുത്തതിനുശേഷം സൃഷ്ടി പ്രദര്‍ശനത്തിന് വയ്ക്കുന്നത് കൊച്ചി ബിനാലെയിലാണ്. 'ബാത്ത്‌റൂം' എന്ന സൃഷ്ടിയുടെ ഭിത്തിയില്‍ 3,500 ടൈലുകളാണ് കടലാസ് കൊണ്ട് തീര്‍ത്തിരിക്കുന്നത്. ഓരോ ടൈലും 350 കടലാസ് ചുരുളുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ബാത്ത്‌റൂമിന്റെ തറയില്‍ 250 ടൈലും മുകള്‍ഭിത്തിയില്‍ 138 ടൈലും ഉണ്ട്. ഒന്നേകാല്‍ വര്‍ഷത്തെ പരിശ്രമത്തിലൂടെയാണ് ഇത് നിര്‍മിച്ചത്. ദൈനംദിന ജീവിതം, തൊഴില്‍ എന്നിവയിലെ അസാധാരണത്വമാണ് തന്റെ പ്രചോദനമെന്നും അവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."