കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചേക്കും
കൊണ്ടോട്ടി: വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കരിപ്പൂരില്‍ ഡി.ജി.സി.എ സംഘം പരിശോധന തുടങ്ങി. റണ്‍വേക്ക് അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചുളള നീളവും വീതിയും ഇല്ലാത്തതിനാല്‍ ജംമ്പോ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കില്ല. എങ്കിലും വിമാനത്താവളത്തിന് എ-330 ടൈപ്പ് ഇടത്തരം വിമാനങ്ങളെ വഹിക്കാനുള്ള പ്രാപ്തിയുണ്ടെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. ഹജ്ജ് വിമാനങ്ങള്‍ക്ക് അടക്കം ഇത് പ്രതീക്ഷ നല്‍കുന്നുണ്ട്. ജംമ്പോ വിമാനങ്ങള്‍ ഇറങ്ങണമെങ്കില്‍ റണ്‍വേ വീണ്ടും വികസിപ്പിക്കണം. വലിയ ഭാരത്തോടെ വിമാനങ്ങള്‍ ഇറങ്ങുമ്പോള്‍ റണ്‍വേക്ക് പെട്ടെന്ന് ബലക്ഷയമുണ്ടാകുമെന്നും സംഘം വിലയിരുത്തി.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ദക്ഷിണ മേഖലാ ഡയറക്ടര്‍ മനോജ് ബൊക്കാഡെ, എയര്‍പോര്‍ട്ട് അതോറിറ്റി ദില്ലി കേന്ദ്ര കാര്യാലയ ജനറല്‍ മാനേജര്‍ രാഗേഷ് സിംഗ്, സീനിയര്‍ മാനേജര്‍ വിനോദ് ജട്‌ലി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന തുടങ്ങിയത്. പരിശോധന കഴിഞ്ഞ് സംഘം ഇന്ന് മടങ്ങും.
300, 350 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളവയാണ് എ-330 ടൈപ്പ് വിമാനങ്ങള്‍. കരിപ്പൂരില്‍ 2015 മെയ് മുതലാണ് വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയത്. കരിപ്പൂരില്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളം വലിയ വിമാനങ്ങള്‍ക്ക് പ്രാപ്തമാണോയെന്ന് പരിശോധിക്കാന്‍ ഡി.ജി.സി.എ സംഘത്തെ അയക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സംഘം പരിശോധനക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."