ദോഹ ബാങ്ക് സി.ഇ.ഒ സീതാരാമന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം
ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും ദോഹ ബാങ്കിനും അംഗീകാരമായി സി.ഇ.ഒ ആര്‍ സീതാരാമന്റെ പ്രവാസി സമ്മാന്‍ പുരസ്‌കാരം. വിദേശ ഇന്ത്യക്കാര്‍ക്കുള്ള ഉയര്‍ന്ന ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ 2017നാണ് അദ്ദേഹം അര്‍ഹനായത്. അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഡോ. ആര്‍ സീതാരാമനെ തേടിയെത്തിയത്.
ബംഗളൂരുവില്‍ നടന്ന പ്രവാസി ഭാട്ട്യ ദിവസ് ആഘോഷ പരിപാടികളുടെ സമാപന ചടങ്ങില്‍ ഇന്ത്യയുടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അവാര്‍ഡ് സമ്മാനിച്ചു. വിദേശ ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാന്‍.
ഖത്തറിലെ കലാ സാംസ്‌കാരിക സാമൂഹിക പരിപാടികളില്‍ വലിപ്പചെറുപ്പമില്ലാതെ സജീവമായി പങ്കെടുക്കുന്ന ഡോ. സീതാരാമന്‍ ദോഹ ബാങ്കിന്റെ വളര്‍ച്ചയിലും കുതിപ്പിലും വലിയ പങ്കാണ് വഹിച്ചത്. സീതാരാമന്റെ നേതൃത്വത്തല്‍ ദോഹ ബാങ്ക് മികച്ച വളര്‍ച്ചയാണ് നേടിയത്. ദോഹ ബാങ്കിന്റെ പ്രവര്‍ത്തനം 12 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനായത് അദ്ദേഹത്തിന്റെ കാലത്താണ്. നിരവധി ആഗോള അംഗീകാരങ്ങളും ഡോക്ടറേറ്റുകളും പുരസ്‌കാരങ്ങളും ബഹുമതികളും സ്വന്തമാക്കിയിട്ടുള്ള സീതാരാമന്റെ നേട്ടങ്ങളുടെ പട്ടികയിലെ ഏറ്റവും ഒടുവിലത്തേതാണ് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം.
ദോഹ ബാങ്ക് ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ കൂടിയാണ് ഈ അംഗീകാരം ലഭിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഡോ. സീതാരാമന്റെ നേതൃത്വത്തില്‍ അടുത്തിടെ കൊച്ചിയില്‍ ദോഹ ബാങ്കിന്റെ ബ്രാഞ്ച് തുറന്നിരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്നതായി ഡോ. സീതാരാമന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധം ശക്തമാക്കുന്നതിലും ഇദ്ദേഹത്തിന് ചെറുതല്ലാത്ത പങ്കാളിത്തമുണ്ട്. ഖത്തറിലെയും ഇന്ത്യയിലെയും ജി.സി.സിയിലെയും ആഗോളതലത്തിലെയും സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള സീതാരാമന്‍ സാമ്പത്തിക മേഖലയിലെ മാറ്റങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ശ്രദ്ധേയമാണ്. ബിസിനസ് മാനേജ്‌മെന്റ് വിഭാഗത്തിലെ മികവാണ് അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രവാസി പുരസ്‌കാരം തേടിയെത്താന്‍ കാരണമായതു ഖത്തറിലെ ഇന്ത്യക്കാര്‍ക്കു ലഭിച്ച വലിയ ബഹുമാനവും അംഗീകാരവുമാണ് സീതാരാമന്റെ നേട്ടമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സന്ദേശം കുറിച്ചു. നേരത്തെ മിഡിലീസ്റ്റ് മേഖലയിലെ രണ്ട് ബാങ്കുകളില്‍ ഉന്നത തസ്തികകളില്‍ ജോലി ചെയ്തിരുന്ന സീതാരാമന്‍ 2002 ലാണ് ദോഹ ബാങ്കിലെത്തിയത്.
1979ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്വര്‍ണ മെഡലോടെ ബി.കോം ബിരുദം നേടിയ അദ്ദേഹം ചാര്‍ട്ടേഡ് അക്കൗണ്ടന്റായും കണ്‍സള്‍ട്ടന്റായും മികവ് തെളിയിച്ച ശേഷമാണ് ബാങ്കിംഗ് മേഖലയിലേക്ക് പ്രവേശിച്ചത്. മധ്യപൗരസ്ത്യ മേഖലയിലെ ബാങ്കിംഗ് രംഗത്ത് കഴിവും പ്രാഗത്ഭ്യവും തെളിയിച്ച ഡോ. ആര്‍ സീതാരാമന്‍ ലോകാടിസ്ഥാനത്തില്‍ സാമ്പത്തിക വിഷയങ്ങള്‍ വിശകലനം ചെയ്യുന്ന വ്യക്തിത്വമാണ്. സി.എന്‍.എന്‍, ബി.ബി.സി, ഫോക്‌സ്, സി.എന്‍.ബി.സി, സ്‌കൈ ന്യൂസ്, എ.ബി.സി തുടങ്ങി നിരവധി രാജ്യാന്തര ചാനലുകളില്‍ നിരവധി അഭിമുഖങ്ങളും അഭിപ്രായങ്ങളും സംപ്രേഷണം ചെയ്തിട്ടുണ്ട്. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി തവണ അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. വാണിജ്യം, നിക്ഷേപം, സാമ്പത്തികം, പരിസ്ഥിതി, സാമൂഹിത ഉത്തരവാദിത്വം, കാരുണ്യപ്രവര്‍ത്തനം തുടങ്ങിയ വിവിധ മേഖലകളില്‍ സജീവമായി ഇടപെടുന്ന ഡോ. സീതാരാമനെ ലോകത്തെ പ്രമുഖ സര്‍വകലാശാലകള്‍ ഉന്നത ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്.
ജനീവയിലെ ഇക്കണോമിക് സ്‌കൂളായ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി ഡോക്ടര്‍ ഓഫ് സിവില്‍ ലോസ് ബഹുമതിയും അമേരിക്കയിലെ വാഷിംഗ്ടണ്‍ കോളജ് ഡോക്ടറേറ്റും ശ്രീശ്രീ യൂണിവേഴ്‌സിറ്റിയില്‍ ഗ്രീന്‍ ബാങ്കിംഗ് ആന്റ് സസ്‌റ്റെയ്‌നബിലിറ്റിയിലും യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി ഗ്ലോബല്‍ ഗവേണന്‍സിലും പി.എച്ച് ഡിയും നല്‍കി ആദരിച്ചിട്ടുണ്ട്. യൂണിയന്‍ ഓഫ് അറബ് ബാങ്ക്‌സിന്റെ ഗ്രീന്‍ എക്കോണമി വിഷണറി പുരസ്‌കാരം, ദി ബാങ്കര്‍ മിഡിലീസ്റ്റ് പുരസ്‌കാരം തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
നാടകം, സാഹിത്യം എന്നിവയോടു താത്പര്യം പുലര്‍ത്തുന്ന സീതാരാമന്‍ സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പങ്കാളിയാകുന്നതിനും പ്രത്യേക താത്പര്യം പ്രകടിപ്പിക്കാറുണ്ട്. ഇന്ത്യക്കാരുടെ എല്ലാ നല്ല സംരംഭങ്ങളിലും ദോഹ ബാങ്കിന്റെ പങ്കാളിത്തം അദ്ദേഹം ബാങ്കിന്റെ ഉന്നത പദവിയിലെത്തിയ ശേഷമാണുണ്ടായത്. ഭാര്യ: സംഗീത. മക്കള്‍: ശ്വേത, ശ്രുതി. പിതാവ്: ജി രാഘവശര്‍മ. മാതാവ്: ദുര്‍ഗ്ഗാംബാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."