കാടും നാടും വിറപ്പിച്ച് കാട്ടാനക്കൂട്ടം
പേപ്പാറ : കാട്ടിലെന്നതിനു പുറമേ നാട്ടിലും ഭീഷണിയായി കാട്ടാനകൂട്ടം. കഴിഞ്ഞ ദിവസം ഒരു ഈറ്റ വെട്ട് തൊഴിലാളിയെ കൊന്നതിന് പിന്നാലെ ഇന്നലെ കാട്ടിലും നാട്ടിലുമായി കാട്ടാനക്കൂട്ടം വന്‍ കൃഷി നാശവും വരുത്തി. ഇന്നലെ കാട്ടിലെ കൊമ്പൈക്കാണിയില്‍ പത്തോളം വരുന്ന കാട്ടാനകള്‍ എത്തി മരങ്ങള്‍ പിഴുതെറിഞ്ഞു. ആദിവാസികള്‍ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പിന്തിരിയാതെ മണിക്കൂറുകളോളം ഇവിടെ തങ്ങിയാണ് അവ മടങ്ങിയത്. കഴിഞ്ഞ ദിവസം വാഴപ്പള്ളി മേഖലയിലാണ് കൃഷിനാശം വരുത്തിയത്. വാഴ, കപ്പ, തെങ്ങ് തുടങ്ങിയ വിളകള്‍ ആനക്കൂട്ടം നശിപ്പിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് പ്രദേശത്തെ കൃഷിക്കാര്‍ക്ക് ഉണ്ടായത്.
അതികഠിനമായ വരള്‍ച്ചയില്‍ വനത്തിനുള്ളില്‍ വെള്ളം കിട്ടാതായതോടെ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി നാശം വിതയ്ക്കുന്നതു പതിവായിരിക്കുകയാണ്. കാട്ടുമൃഗങ്ങളുടെ ആക്രമണം തടയാന്‍ വനാതിര്‍ത്തിയില്‍ വൈദ്യുതവേലികളും കിടങ്ങുകളും സ്ഥാപിക്കണമെന്ന നിരന്തര ആവശ്യം വനംവകുപ്പധികൃതര്‍ ഇതുവരെയും തയാറായിട്ടില്ല.
ഒരുമാസമായി ഇവിടെ കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവമാണ്. സന്ധ്യമയങ്ങിയാല്‍ ആന ശല്യം കാരണം പുറത്തിറങ്ങാനാകില്ലെന്ന് ആദിവാസികള്‍ പറയുന്നു. ഉപജീവനത്തിനായുള്ള കാര്‍ഷികവിഭവങ്ങളും, തെങ്ങ്, കമുക്, റബര്‍ തുടങ്ങിയവയെല്ലാം കാട്ടാനകള്‍ നശിപ്പിക്കുകയാണ്. നിരവധി വീടുകളും തകര്‍ത്തു.
പഞ്ചായത്തില്‍ കാട്ടാന ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് പൊടിയക്കാലയിലാണ്. വെള്ളിയാഴ്ച പട്ടാപ്പകല്‍ ഇവിടെയാണ് സോമന്‍ എന്ന ആദിവാസിയെ കാട്ടാന വകവരുത്തിയത്. അഞ്ചു വര്‍ഷം മുമ്പും സമാന സംഭവം അരങ്ങേറിയിരുന്നു. അന്ന് പൊടിയക്കാല നിന്ന് നടന്ന് വിതുരയിലേക്ക് പോയ അപ്പുക്കുട്ടന്‍ കാണിയെയാണ് കാട്ടാന കുത്തിക്കൊന്നത്. മുപ്പത് വര്‍ഷത്തിനിടെ പേപ്പാറ, പൊടിയക്കാല, കുട്ടപ്പാറ മേഖലയില്‍ ഇരുപതോളം പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അവരുടെ കുടുംബങ്ങള്‍ ഇന്നും ദുരിതത്തിലാണ്.
പൊടിയക്കാലയില്‍ ഇന്ന് താമസിക്കുന്നവര്‍ മുപ്പത് വര്‍ഷം മുമ്പ് പേപ്പാറയിലാണ് താമസിച്ചിരുന്നത്. ഡാം നിര്‍മിക്കുന്നതിനായി ഇവരെ പൊടിയക്കാലയിലേക്ക് കുടിയൊഴിപ്പിക്കുകയായിരുന്നു. അന്ന് മുപ്പതോളം കുടുബങ്ങളെയാണ് കുടിയിറക്കിയത്. ഇന്നിവിടെ നൂറോളം കുടുംബങ്ങളുണ്ട്. പൊടിയക്കാലയിലേക്ക് കുടിയിറക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടില്ലെന്ന് ആദിവാസികള്‍ പറഞ്ഞു. അഞ്ചേക്കര്‍ഭൂമി, മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍, വീട്, വെള്ളം, വൈദ്യുതി, റോഡ്, സ്‌കൂള്‍ എന്നിവയായിരുന്നു വാഗ്ദാനങ്ങള്‍. ഇതില്‍ ഭൂരിഭാഗവും കടലാസിലുറങ്ങുകയാണ്. തങ്ങളുടെ അവകാശങ്ങള്‍ക്കായി പൊടിയക്കാല നിവാസികള്‍ ധാരാളം സമരങ്ങള്‍ നടത്തിയിട്ടുണ്ട്. എല്ലാം ശരിയാക്കാമെന്ന മറുപടിയല്ലാതെ മറ്റൊന്നും നടന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."