ഹജ്ജ് കമ്മിറ്റിയുടെ അമരത്ത് നിസ്വാര്‍ഥ സേവനത്തിന്റെ ഉദാത്തമാതൃക
കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റിയുടെ അമരത്ത് നിസ്വാര്‍ഥ സേവനത്തിന്റെ ഉദാത്ത മാതൃക കാണിച്ച് തീര്‍ഥാടകര്‍ക്ക് എന്നും ആശ്വാസവും പുതിയ പരിഷ്‌കാരങ്ങളും ആവിഷ്‌കരിച്ചാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെ വേര്‍പ്പാട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍തന്നെ തുടര്‍ച്ചയായി രണ്ടുതവണ ചെയര്‍മാന്‍ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയാണ് അദ്ദേഹം. കഴിഞ്ഞ അഞ്ചു തവണയാണ് രാജ്യത്തെ മികച്ച ഹജ്ജ് ക്യാംപുകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചത്. ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്നതിലപ്പുറം സാധാരണ വളണ്ടിയറായി കഴിയാനായിരുന്നു അദ്ദേഹത്തിന് താല്‍പ്പര്യം. ഹജ്ജ് ക്യാംപ് ആരംഭിച്ചാല്‍ ഓരോ ഹജ്ജ് വിമാനവും പറന്നുയര്‍ന്നതിനു ശേഷം മാത്രമേ വിമാനത്താവളത്തില്‍ നിന്നു മടങ്ങുകയൂള്ളൂ. ഇത് മുന്‍ ചെയര്‍മാന്‍മാരില്‍നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കി. പലപ്പോഴും പ്രായം ചെന്ന തീര്‍ഥാടകര്‍ ബാപ്പു മുസ്‌ലിയാരോടു പറയും, 'വിമാനം കയറുമ്പോള്‍ നിങ്ങള് ചിരിച്ചുകൊണ്ട് നില്‍ക്കുന്നതു കണ്ടാല്‍തന്നെ ഞങ്ങളുടെ യാത്രയിലെ ഭയം മാറും'.
പി.ടി.എ റഹീമിന്റെ നേതൃത്വത്തിലുള്ള ഹജ്ജ് കമ്മിറ്റിയുടെ കാലാവധിക്കു ശേഷം 2012ലാണ് യു.ഡി.എഫ് ഭരണകാലത്തു കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കു വരുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ക്കാണ് ഹജ്ജ് കമ്മിറ്റി വേദിയായതിനു പിന്നിലും കോട്ടുമല ഉസ്താദിന്റെ പങ്ക് നിസ്തുലമാണ്.
ഹജ്ജ് അപേക്ഷകള്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നേരിട്ട് സ്വീകരിക്കാന്‍ തുടങ്ങിയത് അദ്ദേഹത്തിന്റെ കാലം മുതലാണ്. നേരത്തെ ഹജ്ജ് അപേക്ഷകള്‍ പോസ്റ്റ് ഓഫിസ്, കൊറിയര്‍ വഴിയാണ് സ്വീകരിച്ചിരുന്നത്. ഇത് ഹജ്ജ് അപേക്ഷകള്‍ വര്‍ധിക്കാനും ഇടയാക്കി. കഴിഞ്ഞവര്‍ഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി കൊണ്ടുവന്ന ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷ രീതി നടപ്പിലാക്കിയ ഏക സംസ്ഥാനം കേരളമായിരുന്നു. ഇതിനുള്ള തയാറെടുപ്പുകളും അദ്ദേഹം മുന്‍കൈയെടുത്താണ് നടപ്പില്‍ വരുത്തിയത്.
തീര്‍ഥാടകരുടെ ബാഗേജുകള്‍ ക്യാംപുകളില്‍ നിന്നുതന്നെ നേരിട്ട് വിമാനക്കമ്പനികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതും ഇദ്ദേഹത്തിന്റെ കാലത്താണ്. ബാഗേജുകളില്‍ ഏകീകൃത സ്റ്റിക്കര്‍ സംവിധാനം നടപ്പാക്കാനായതും ഹാജിമാര്‍ക്ക് ഉപകാരപ്പെട്ട പരിഷ്‌കാരമായിരുന്നു. കഴിഞ്ഞവര്‍ഷം സ്റ്റിക്കറുകളില്‍ താമസസ്ഥലത്തെ കെട്ടിടനമ്പറുകളടക്കം ഉള്‍പ്പെടുത്താനും തുടങ്ങി.
ക്യാംപ് വളണ്ടിയര്‍മാരെ ഹജ്ജ് കമ്മിറ്റി നേരിട്ട് തിരഞ്ഞെടുക്കാന്‍ തുടങ്ങിയതും ഇദ്ദേഹത്തിന്റെ കാലത്താണ്. ഹജ്ജ് ക്യാംപ് സേവനത്തിനു താല്‍പ്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തിയാണ് ഇപ്പോള്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നത്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഹജ്ജുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാനും അപേക്ഷകളും രേഖകളും കൃത്യമായി എത്തിക്കാനും ട്രെയിനര്‍മാരെ നിയമിക്കപ്പെട്ടതും ബാപ്പു മുസ്‌ലിയാരുടെ സുദീര്‍ഘവീക്ഷണമാണ്. ഈ വര്‍ഷത്തെ ട്രൈയിനര്‍മാരെ കണ്ടെത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിയോഗം. ഹജ്ജ് ക്യാംപില്‍ തീര്‍ഥാടകര്‍ 24 മണിക്കൂറിനു മുന്‍പ് എത്തിച്ചേരണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിര്‍ദേശം.
ഇത് എട്ടു മണിക്കൂറായി കുറച്ച് ക്യാംപില്‍ മുഴുവന്‍ സൗകര്യങ്ങളുമൊരുക്കി.കേരളത്തില്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അവസരം ലഭിക്കാന്‍ കേന്ദ്രത്തില്‍ ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ഹജ്ജ് കമ്മിറ്റി സംഘം നടത്തിയ ശ്രമത്തെ ചെറുതായി കാണാനാകില്ല. തുടര്‍ച്ചയായി അപേക്ഷിക്കുന്ന അഞ്ചാം വര്‍ഷക്കാര്‍ക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിച്ചത് ഈ ശ്രമത്തിന്റെ ഫലമാണ്. ഏറ്റവും കൂടുതല്‍ അപേക്ഷകരുണ്ടായതും കൂടുതല്‍പേര്‍ക്കു ഹജ്ജിന് പോകാനും അദ്ദേഹത്തിന്റെ കാലത്തു കഴിഞ്ഞിട്ടുണ്ട്.
ഹജ്ജ് കമ്മിറ്റിയില്‍ വിവിധ സംഘടനകളില്‍പെട്ടവരായ അംഗങ്ങളാണെങ്കിലും ഏവരുമായി സൗഹൃദത്തിലും ചേര്‍ന്നും പ്രവര്‍ത്തിക്കുന്ന രീതി സഹപ്രവര്‍ത്തകരാല്‍ പ്രശംസിക്കപ്പെട്ടു.
കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലെ ഹജ്ജ് ക്യാംപുകളില്‍ അപസ്വരങ്ങളില്ലാതായതും ഇതുമൂലമാണ്. കേരള ഹജ്ജ് കമ്മിറ്റി ചരിത്രത്തില്‍ പുതിയ ലളിതമായ പരിഷ്‌കാരങ്ങളും തീര്‍ഥാടക സേവനങ്ങളാല്‍ മികവുറ്റ പ്രവര്‍ത്തന രീതിയും നടപ്പില്‍ വരുത്തിയ ബാപ്പു മുസ്‌ലിയാരുടെ വിയോഗം അപരിഹാര്യമായ വിടവാണ് വരുത്തിത്തീര്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."