നിര്‍മാണം കഴിഞ്ഞിട്ടും കെട്ടിടം തുറന്നില്ല; രോഗികള്‍ക്ക് തീരാദുരിതം
കൊയിലാണ്ടി: താലൂക്ക് ഗവ. ആശുപത്രിക്ക് നിര്‍മിച്ച ആറുനില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജനങ്ങള്‍ക്ക് തുറന്ന് നല്‍കാതെ അടഞ്ഞുകിടക്കുന്നു. ഇടത് സര്‍ക്കാറിന്റെ കാലത്ത് ആരോഗ്യ വകുപ്പ് മന്ത്രി പി.കെ ശ്രീമതിയാണ് ഈ ബഹുനില കെട്ടിടത്തിന്റെ നിര്‍മാണത്തിന് ശിലാസ്ഥാപനം നടത്തിയത്. തുടര്‍ന്ന് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.
എന്നാല്‍ പ്രവര്‍ത്തന സജ്ജമായ കെട്ടിടം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് ഉദ്ഘാടനം നടത്താനാകാതെ നീണ്ടുപോവുകയായിരുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ കെട്ടിടോദ്ഘാടനം നടക്കുമെന്ന് കരുതിയെങ്കിലും ഇതുവരെയായിട്ടും ദേശീയ പാതയിലെ ഈ സര്‍ക്കാര്‍ ആശുപത്രി കെട്ടിടം പ്രവര്‍ത്തനരഹിതമായി കിടക്കുകയാണ്. ഫര്‍ണിച്ചര്‍ പ്രവര്‍ത്തികളും, ലിഫ്റ്റും മറ്റ് സൗകര്യങ്ങളും ഈ കെട്ടിടത്തിനുള്ളില്‍ സജ്ജമാണ്.
ലാബുകളും, എക്‌സ്‌റേ, സ്‌കാനിങ് റൂമുകളും തയാറായതായാണ് വിവരം. കെട്ടിടത്തിന് മുന്നില്‍ അപകട ഭീഷണി ഉയര്‍ത്തി നിന്നിരുന്ന വന്‍മരം മുറിച്ചുമാറ്റി പാര്‍ക്കിങ് സൗകര്യങ്ങളും ഒരുക്കിയെങ്കിലും ഉദ്ഘാടനകര്‍മം നടക്കാത്തതിനാല്‍ ആയിരകണക്കിന് പേരാണ് പഴയ കെട്ടിടത്തിന്റെ അസൗകര്യം മൂലം ചികിത്സാ സൗകര്യമില്ലാതെ പ്രയാസപ്പെടുന്നത്.
നിലവില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികള്‍ കിടക്കാന്‍ ബെഡ് ലഭിക്കാതെ തറയില്‍ കിടക്കേണ്ടി വരുന്നു.
നഗരസഭാ അധികൃതരും, എം.എല്‍.എയും ആശുപത്രി കെട്ടിടം ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പറയുന്നുണ്ടങ്കിലും സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതാണ് ഉദ്ഘാടനം നീളുന്നതെന്നാണ് അറിയുന്നത്.
പ്രതിദിനം മൂന്നായിരത്തിലധികം പേര്‍ ചികിത്സ തേടിയെത്തുന്നുണ്ട്.
വടകരക്കും കോഴിക്കോടിനുമിടയിലെ ഏക സര്‍ക്കാര്‍ ആശുപത്രിയുമാണ്. അപകട സംഭവങ്ങളും ഈ മേഖലയില്‍ നിത്യസംഭവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."