കലയുത്സവത്തിന് ഇന്നു കൊടിയിറക്കം
മംഗല്യ പുതുനാരി
ഇതാ വരുന്നേ....
തൃക്കരിപ്പൂരില്‍ ഉത്സവ പ്രതീതി നിറച്ച കലയുത്സവത്തിനു ഇന്നു കൊടിയിറക്കമാണ്. അവസാനദിനമായ ഇന്ന് ഒപ്പനപ്പാട്ടുമായി മൈലാഞ്ചി ചേലണിഞ്ഞു മൊഞ്ചത്തിമാര്‍ വേദിയിലെത്തും. ഉച്ചയ്ക്ക് 1.30നു യു.പി വിഭാഗം ഒപ്പനയോടെയാണു തുടക്കം.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഒപ്പന മത്സരങ്ങള്‍ പിന്നാലെ നടക്കും. ഇന്നലെ കലോത്സവ നഗരിയിലേക്കു ജനപ്രവാഹമായിരുന്നു. വേദികള്‍ ചിലങ്ക കെട്ടിയപ്പോള്‍ കൗമാര കലയുടെ വസന്തോത്സവത്തെ കലാപ്രേമികള്‍ അക്ഷരാര്‍ഥത്തില്‍ ഏറ്റുവാങ്ങി.
തലയാട്ടി, താളം പിടിച്ച് അവര്‍ പ്രതിഭകളുടെ നടനകാന്തി ആസ്വദിച്ചു.
മോഹിനിയാട്ടത്തിന്റെ ലാസ്യഭാവങ്ങളില്‍ ലയിച്ചിരുന്നു.
ഹൈസ്‌കൂള്‍ നാടകമത്സരവേദിയില്‍ അഭിനയത്തിന്റെ ഭാവി താരങ്ങള്‍ അരങ്ങ് തങ്ങളുടെ കൈയില്‍ ഭദ്രമാണെന്നു അക്ഷരാര്‍ഥത്തില്‍ തെളിയിച്ചു. അറബനമുട്ടും തിരുവാതിരയും സംഘനൃത്തവുമെല്ലാം കലാപ്രേമികള്‍ ആവോളം ആസ്വദിച്ചു.
സമാപന സമ്മേളനം വൈകുന്നേരം നാലിനു പി കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ജില്ലാ കലക്ടര്‍ ജീവന്‍ ബാബു സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസ് അനുമോദനം നിര്‍വഹിക്കും.
ഹൊസ്ദുര്‍ഗ്
മുന്നില്‍
തൃക്കരിപ്പൂര്‍: കാസര്‍കോട് റവന്യു ജില്ലാ കലോത്സവത്തിനു ഇന്നു കൊടിയിറങ്ങാനിരിക്കെ ഹൊസ്ദുര്‍ഗ് ഉപജില്ല 555 പോയന്റുകളുമായി മുന്നില്‍.
490 പോയന്റുമായി ചെറുവത്തൂരാണു തൊട്ടുപിന്നില്‍. യു.പി വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ 63 പോയിന്റ് നേടി ബേക്കല്‍ ഉപജില്ല ഓവറോള്‍ ചാംപ്യന്‍മാരായി. 61 പോയിന്റു നേടി ചെറുവത്തൂരും 60 പോയിന്റു നേടി കാസര്‍കോടും രണ്ടും മൂന്നും സ്ഥാനം നേടി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 93 പോയിന്റ് നേടി ബേക്കലും കാസര്‍കോടും ഒന്നാംസ്ഥാനം പങ്കിട്ടു. 87 പോയിന്റു നേടിയ ചെറുവത്തൂരിനാണു രണ്ടാം സ്ഥാനം.
സംസ്‌കൃതോത്സവം യു.പിയില്‍ മഞ്ചേശ്വരവും ചെറുവത്തൂരും 88 പോയിന്റ് നേടി ഓവറോള്‍ ചാംപ്യന്‍മാരായി. 86 പോയിന്റ് നേടിയ കാസര്‍കോട് കുമ്പള, ഹോസ്ദുര്‍ഗ് ഉപജില്ലകള്‍ രണ്ടാംസ്ഥാനം പങ്കിട്ടു.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 91 പോയിന്റ് നേടി ഹൊസ്ദുര്‍ഗ് ഒന്നാം സ്ഥാനം നേടി. 88 പോയിന്റ് നേടിയ ചെറുവത്തൂരും കാസര്‍കോടും രണ്ടാംസ്ഥാനം പങ്കിട്ടു.
കലയോ കലാപമോ
കലാപ്രതിഭ, തിലകപട്ടങ്ങള്‍ നിര്‍ത്തലാക്കിയതോടെ കലോത്സവ വേദികളിലെ കിടമത്സരങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ കഴിയുമെന്നു ചിന്തിച്ചവര്‍ക്കു തെറ്റി. കുട്ടികളുടെ സര്‍ഗവാസനകള്‍ പൂത്തുലയേണ്ട കലോത്സവ വേദികളില്‍ നിന്നു കേള്‍ക്കുന്നത് അപ്പീലുകളും ഹയര്‍ അപ്പീലുകളും സൃഷ്ടിക്കുന്ന കലാപത്തിന്റെ സ്വരങ്ങള്‍. ഒന്നാംസ്ഥാനം കിട്ടിയില്ലെങ്കില്‍ അപ്പീല്‍ എന്നതാണ് ഇപ്പോഴത്തെ കലോത്സവ 'സ്റ്റൈല്‍'. അപ്പീലും കോടതിവിധിയുമൊക്കെയായി എങ്ങനെയെങ്കിലും സംസ്ഥാനതലം വരെയെത്തുക. അവിടെ നിന്നു എ ഗ്രേഡ് സ്വന്തമാക്കി ഗ്രേസ് മാര്‍ക്ക് ഉറപ്പിക്കുക. ഇതിനുള്ള യുദ്ധമായി കലോത്സവവേദികള്‍ മാറുമ്പോള്‍ കലയെ സ്‌നേഹിക്കുന്നവര്‍ കടുത്ത നിരാശയിലാണ്.
തിരുവാതിരയില്‍
ഒന്നാം സ്ഥാനം മൂന്നുപേര്‍ക്ക്
വിധികര്‍ത്താക്കള്‍ കൂടിയിരുന്നുള്ള വിധിനിര്‍ണയം വേണ്ടെന്നു തീരുമാനിച്ചതോടെ തിരുവാതിരയില്‍ മൂന്നു പേര്‍ക്ക് ഒന്നാം സ്ഥാനം. മൂന്നുപേര്‍ക്കു സംസ്ഥാനതലത്തില്‍ പോകാന്‍ കഴിയില്ലല്ലോ.
പിന്നെന്തു ചെയ്യും എന്ന ചോദ്യമുയര്‍ന്നത്തോടെ ഡി.ഡി.ഇയുടെ സാന്നിധ്യത്തില്‍ മൂന്നുവിധികര്‍ത്താക്കളും കൂടിയിരുന്നു ഒരു ടീമിനെ വിജയിയായി പ്രഖ്യാപിച്ചു. ഇതോടെ മറ്റുരണ്ടു ടീമുകളും പരാതിയുമായി രംഗത്തെത്തി. ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിര മത്സര ഫലപ്രഖ്യാപനമാണു നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയത്. ആദ്യ ഫലപ്രഖ്യാപന പ്രകാരം കാടങ്കോട് ഗവ.ഹയര്‍സെക്കന്‍ഡറി, കാഞ്ഞങ്ങാട് ദുര്‍ഗ, ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി എന്നിവര്‍ക്കാണു തുല്യപോയന്റ് ലഭിച്ചത്.
ഒരാളെ തിരഞ്ഞെടുക്കണമെന്ന നിലവന്നതോടെ കാടങ്കോടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. മറ്റു രണ്ടു ടീമുകളും അപ്പീല്‍ നല്‍കിയിട്ടുണ്ട്
ആദ്യം കുച്ചുപ്പുടി പിന്നെ അടിപിടി
സമയക്രമം പാളിയപ്പോള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചുപ്പുടി മത്സരം അവസാനിച്ചത് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ. കുച്ചുപ്പുടി തീര്‍ന്നതോടെ ഫലപ്രഖ്യാപനത്തെ ചൊല്ലി കൈയാങ്കളിയും വെല്ലുവിളിയും. ഒടുവില്‍ പൊലിസെത്തിയാണു വിധികര്‍ത്താവിനെ രക്ഷപ്പെടുത്തിയത്.
ആസ്വാദകരാരും കാണാതെ വിധികര്‍ത്താക്കള്‍ക്കും വിരലിലെണ്ണാവുന്ന കാഴ്ചക്കാര്‍ക്കും മുന്നില്‍ നര്‍ത്തകിമാര്‍ കുച്ചുപ്പുടി ആടിതീര്‍ക്കുകയായിരുന്നു. ഉപജില്ലകളിലെ വിജയികള്‍ക്കു പുറമേ അപ്പീല്‍ വഴിയും നാലുപേര്‍ മത്സരത്തിനെത്തിയിരുന്നു. ഫലം വന്നതോടെ വിധി പ്രഖ്യാപിച്ച വിധികര്‍ത്താവിനെ മത്സരാര്‍ഥികളും രക്ഷിതാക്കളും പരിശീലകരും തടഞ്ഞുവച്ചു. മുക്കാല്‍ മണിക്കൂറോളം വാക്കേറ്റവും വെല്ലുവിളിയുമായിരുന്നു. ഈ ഇനത്തില്‍ അഞ്ച് അപ്പീലുകളാണു ലഭിച്ചിരിക്കുന്നത്. ഇന്നാണ് അപ്പീല്‍ കമ്മിറ്റി ചേരുന്നത്.
ലഭിക്കുന്ന അപ്പീലുകളില്‍ പത്തു ശതമാനം മാത്രമാണു പരിഗണിക്കുന്നത്. ഡി.ഡി.ഇ, സീനിയര്‍ അസിസ്റ്റന്റ്, സീനിയര്‍ സൂപ്രണ്ട് എന്നിവരടങ്ങുന്ന പാനലാണ് അപ്പീലുകള്‍ പരിശോധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."