ബാങ്കുകള്‍ വഴി കള്ളനോട്ട് മാറ്റിയെടുക്കല്‍ ജീവനക്കാര്‍ നിരീക്ഷണത്തില്‍
സുപ്രഭാതം ഇംപാക്ട്/ഫൈസല്‍ കോങ്ങാട്
പാലക്കാട് :നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരുക്കിയ സംവിധാനങ്ങളിലൂടെ കള്ളപ്പണവും കള്ളനോട്ടുകളും മാറ്റിയെടുത്തെന്ന വിവരം പുറത്തുവന്ന സാഹചര്യത്തില്‍ വന്‍ തുകകള്‍ കൈകാര്യം ചെയ്ത ബാങ്കുകളിലെ ജീവനക്കാര്‍ നിരീക്ഷണത്തിലാണെന്ന് ആദായനികുതി അന്വേഷണ വിഭാഗം. പത്താം തിയതി സുപ്രഭാതം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അന്വേഷണവിഭാഗത്തിലെ അംഗം. ജീവനക്കാര്‍ക്കൊപ്പം വന്‍ തുകകള്‍ നിക്ഷേപിച്ചവരും നിരീക്ഷണത്തിലാണ്.
നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 30 വരേയുള്ള കാലയളവിലെ ഫോണ്‍കോളുകളുടെ ലിസ്റ്റാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ന്യൂജനറേഷന്‍ ബാങ്കുകളിലെ ഒരു വിഭാഗം ജീവനക്കാരാണ് കള്ളപ്പണവും കള്ളനോട്ടും വെളുപ്പിക്കാന്‍ വ്യാപകമായി ഒത്താശ ചെയ്തിരിക്കുന്നതെന്ന് അന്വേഷണ വിഭാഗം സൂചിപ്പിക്കുന്നു. രണ്ടു പ്രമുഖ ദേശസാല്‍കൃത ബാങ്കുകള്‍ വഴിയും വന്‍ തുക വെളുപ്പിക്കല്‍ നടത്തിയിട്ടുണ്ട്. ഇതിനു കമ്മിഷനായി ലഭിച്ച പ്രതിഫലം കറന്‍സിയായി തന്നെ ജീവനക്കാരിലെത്താനാണ് സാധ്യതയെത്രെ.
വന്‍ തുകകള്‍ ബിനാമി അക്കൗണ്ടുകളില്‍ ബാങ്കുകളില്‍ തന്നെ സൂക്ഷിക്കാനുള്ള സാധ്യതയാണ് ആദായനികുതി വിഭാഗം പരിഗണിക്കുന്നത്. വീടുകളിലോ ബന്ധുവീടുകളിലോ റെയ്ഡിനുള്ള സാധ്യതയുള്ളതിനാല്‍ സുഹൃത്തുക്കളുടേയോ ബിനാമി അക്കൗണ്ടുകളിലോ നിക്ഷേപിക്കാനുള്ള സാധ്യതയാണ് കാണുന്നത്. എന്നാല്‍ കണക്കില്‍പ്പെടാത്ത പണം മറ്റുള്ളവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത് ഏഴു വര്‍ഷം വരെ കഠിനതടവു ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതര്‍ ഓര്‍മപ്പെടുത്തുന്നു.
മറ്റാരുടെയെങ്കിലും പണമാണ് നിക്ഷേപിച്ചതെന്ന് തെളിഞ്ഞാല്‍ 1988ലെ ബിനാമി പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷന്‍ ആക്ടു പ്രകാരം കേസെടുക്കും. തുക കണ്ടുകെട്ടാനും നിക്ഷേപകനും പണം നല്‍കിയ ആളിനുമെതിരേ കേസെടുക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മറ്റുള്ളവരുടെ അക്കൗണ്ടുകളില്‍ നോട്ടുകള്‍ നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടോയെന്ന കാര്യം സൂക്ഷ്മമായി ശ്രദ്ധിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിറ്റി) ആദായനികുതിവകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രദ്ധയില്‍പ്പെട്ട കേസുകളില്‍ ബിനാമി ആക്ടു പ്രകാരം നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും ആദായനികുതി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
രണ്ടര ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങളാണ് പ്രാഥമികമായി പരിശോധിക്കുക. സംശയമുള്ളവരുടെ അതിനുതാഴെയുള്ള നിക്ഷേപങ്ങളും പരിശോധിക്കാനാണ് തീരുമാനം.
മറ്റാരുടെയെങ്കിലും നോട്ടുകള്‍ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ ഇടപാടുകളെല്ലാം ബിനാമി വിനിമയത്തിന്റെ നിര്‍വചനത്തില്‍പെടുത്തുമെന്നതിനാല്‍ സഹായം ചെയ്തവരും കുടുങ്ങും. അയാളെ സ്വത്തിന്റെ അനുഭവാവകാശമുള്ള ഉടമയായും ആരുടെ അക്കൗണ്ടിലാണോ നിക്ഷേപിക്കുന്നത് അയാളെ ബിനാമി ദാറായും പരിഗണിച്ചാണ് കേസെടുക്കുക.
കുറ്റം തെളിഞ്ഞാല്‍ ഇത്തരക്കാര്‍ക്ക് ഒന്നു മുതല്‍ ഏഴുവര്‍ഷം വരെ കഠിനതടവാണ് ശിക്ഷ. ഈ തുക മുഴുവന്‍ കണ്ടുകെട്ടാനും കുറ്റക്കാരില്‍ 25 ശതമാനം പിഴ ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതേസമയം ബാങ്കുകള്‍ വഴി വെളുപ്പിച്ചെടുത്ത കള്ളനോട്ടിന്റെ ഉടമകളെ ഇനി കണ്ടെത്തുക പ്രയാസമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
നല്ലനോട്ടുകളും കള്ളനോട്ടുകളും ഒരുപോലെ ക്രഷ് ചെയ്ത് പുനരുല്‍പാദന പ്രക്രിയയിലൂടെ ഹാര്‍ഡ്‌ബോര്‍ഡ് ആയി കഴിഞ്ഞ സാഹചര്യത്തില്‍ ഇത് തെളിയിക്കാനുള്ള അവസരം ഇല്ലെന്നുതന്നെയാണ് ലഭിക്കുന്ന സൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."