കുട്ടികളെ കാത്ത് വിദ്യാലയങ്ങള്‍; അധ്യാപകരും തിരക്കിലാണ്
എടച്ചേരി: വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ചേരാന്‍ ഇനിയും വേണ്ടത്ര കുട്ടികള്‍ എത്തിയില്ല. ജൂണ്‍ ഒന്നിനാണ് ഈ വര്‍ഷം വിദ്യാലയങ്ങള്‍ തുറക്കുന്നത്. മിക്ക സ്‌കൂളുകളിലും ഒന്നാം ക്ലാസില്‍ ഇതുവരെ ചേര്‍ന്ന കുട്ടികളുടെ എണ്ണം പത്തില്‍ താഴെ മാത്രമാണ്. സ്‌കൂള്‍ തുറന്ന് ആറാം പ്രവൃത്തി ദിവസമാണ് ഓരോ വിദ്യാലയത്തിലെയും കൃത്യമായ കണക്കുകള്‍ ലഭിക്കുക. സാധാരണ സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ കുട്ടികള്‍ ചേരാറുണ്ട്.
അതേസമയം സ്‌കൂള്‍ തുറക്കുന്നതിന് തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ അധ്യാപകരും കുട്ടികളെ എത്തിക്കാനും മറ്റുമുള്ള തിരക്കിലാകും. എന്നാല്‍ അവധിക്കാല അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ബാച്ച് സംസ്ഥാന വ്യാപകമായി നടന്നു കൊണ്ടിരിക്കുന്നതിനാല്‍ അധ്യാപകരും തിരക്കിലാണ്. കഴിഞ്ഞ 23ന് തുടങ്ങിയ പരിശീലന പരിപാടി 27വരെ തുടരും. 30ന് പഞ്ചായത്ത്തലത്തിലും, 31ന് സ്‌കൂള്‍തലത്തിലും നടക്കുന്ന പരിപാടികളിലും ഇവര്‍ നിര്‍ബന്ധമായും പങ്കെടുക്കണം. ഇക്കാരണത്താല്‍ കുട്ടികളെ സ്‌കൂളിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ മിക്ക അധ്യാപകര്‍ക്കും സാധിക്കുന്നില്ല. മുന്‍വര്‍ഷങ്ങളില്‍ മെയ് പകുതിയോടെ പരിശീലന പരിപാടി അവസാനിക്കാറുണ്ട്. എന്നാല്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് കാരണം പരിശീലന പരിപാടി നീണ്ടുപോവുകയായിരുന്നു.
കുട്ടികളുടെ എണ്ണം തികക്കാനുള്ള പരക്കംപാച്ചിലിലാണ് അധ്യാപകര്‍. അറുപതില്‍ താഴെ കുട്ടികളുള്ള വിദ്യാലയങ്ങളെ സര്‍ക്കാര്‍ അനാദായകരമായാണ് കണക്കാക്കുന്നത്. നാദാപുരം സബ്ജില്ലയിലെ 71 പ്രൈമറി സ്‌കൂളുകളില്‍ പതിനഞ്ചോളം വിദ്യാലയങ്ങള്‍ ഇത്തരത്തില്‍പ്പെട്ടതാണ്. ഇത്തരം സ്‌കൂളുകളില്‍ നിലവിലുള്ള അധ്യാപകര്‍ വിരമിക്കുന്ന ഒഴിവിലേക്ക് ചേര്‍ക്കുന്ന അധ്യാപകരുടെ അംഗീകാരം സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."