ഏക സിവില്‍കോഡ്, എയര്‍ഇന്ത്യ നിരക്ക് വര്‍ധന: ബഹ്‌റൈന്‍ കെ.എം.സി.സി. കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കി
മനാമ: ഏക സിവില്‍കോഡ്, വിമാന നിരക്ക് വിഷയങ്ങളില്‍ ബഹ്‌റൈന്‍ കെ.എം.സി.സി. കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കി.
ബംഗളൂരുവില്‍ സമാപിച്ച പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ വെച്ചാണ് ബഹ്‌റൈന്‍ കെ.എം.സി.സി. പ്രതിനിധി സംഘം രണ്ട് നിവേദനങ്ങള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങിന് സമര്‍പ്പിച്ചത്.
സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ശംസുദ്ദീന്‍ വെള്ളികുളങ്ങര, കോഴിക്കോട് ജില്ല ജന. സെക്രട്ടറി ഫൈസല്‍ കോട്ടപ്പള്ളി എന്നിവരാണ് നിവേദനം സമര്‍പ്പിച്ചത്.
ഏക സിവില്‍ കോഡ് സംബന്ധിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ആശങ്കകള്‍ അകറ്റുക, പ്രവാസികളെ യാത്രാനിരക്കിന്റെ പേരില്‍ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നിവേദനങ്ങളാണ് സമര്‍പ്പിച്ചത്.
നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ അടിയുറച്ച് നില്‍ക്കുന്ന ഇന്ത്യയുടെ ശക്തി അതിന്റെ വൈവിധ്യമാണെന്നും വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് അവരുടെ വിശ്വാസാചാരങ്ങള്‍ പിന്തുടരാനുള്ള ഭരണഘടനാ അവകാശങ്ങള്‍ ചോദ്യംചെയ്യാനുള്ള നീക്കം അനുവദിക്കാന്‍ പാടില്ലെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
അവധിക്കാലത്ത് പ്രവാസികളെ കൊള്ളയടിക്കുന്ന തരത്തില്‍ വിമാന നിരക്ക് കുത്തനെ ഉയര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കാനും ഈ നീക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനും നടപടി സ്വീകരിക്കണമെന്നും മറ്റൊരു നിവേദത്തില്‍ ആവശ്യപ്പെട്ടു.
ഒരു ന്യായീകരണവുമില്ലാത്ത കൊള്ളയടിയാണ് ഗള്‍ഫ് സെക്ടറില്‍ നടക്കുന്നത്. ഗള്‍ഫ് മേഖലയില്‍ കൂലിത്തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളാണ് ഏറെയും. ഇത്തരക്കാരെ പോക്കറ്റടിക്കുന്ന പ്രവണതക്ക് അറുതി വരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
എയര്‍ഇന്ത്യ നിരക്ക് ഉയര്‍ത്തുന്നത് മറ്റ് വിമാനക്കമ്പനികളും അവസരമാക്കി മാറ്റുകയാണ്.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന സംഭാവനകള്‍ നല്‍കുന്ന ഗള്‍ഫ് പ്രവാസികള്‍ അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന അവസരങ്ങളിലാണ് ടിക്കറ്റ് നിരക്ക് പതിന്‍മടങ്ങായി ഉയര്‍ത്തുന്നതെന്നും നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."