കാറ്റേ നീ വീശരുതേ; ചങ്കിടിപ്പോടെ തീരദേശം
പൊന്നാനി: കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പൊന്നാനിയുടെ തീരദേശത്ത് താമസിക്കുന്നവരുടെ നെഞ്ചിടിപ്പു കൂടി. സുരക്ഷിതമായ കടല്‍ഭിത്തിയുടെ അഭാവമാണ് തീരവാസികളുടെ ആശങ്കയുടെ മുള്‍മുനയിലാക്കുന്നത്.
പാലപ്പെട്ടി കാപ്പിരിക്കാടു മുതല്‍ പൊന്നാനി അഴിമുഖം വരെയുള്ള ഭാഗങ്ങളിലെ കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്നനിലയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിര്‍മിച്ച കടല്‍ഭിത്തികള്‍ നേരത്തേതന്നെ തകര്‍ച്ചയിലായിരുന്നു. തകര്‍ന്ന കടല്‍ഭിത്തിയോടു ചേര്‍ന്നു താമസിക്കുന്ന നൂറിലേറെ കുടുംബങ്ങള്‍ ഏതു നിമിഷവും ഭവനരഹിതരാകുമെന്ന സ്ഥിതിയിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍മഴയെത്തുടര്‍ന്നു കടല്‍ പ്രക്ഷുബ്ധമായതു തീരത്തെ ഭീതിയിലാഴ്ത്തിയിരുന്നു.
11 കിലോമീറ്ററിലേറെ വരുന്ന പൊന്നാനിയുടെ തീരദേശത്തു പകുതിയില്‍ താഴെ മാത്രമാണ് അല്‍പ്പമെങ്കിലും സുരക്ഷിതമായ കടല്‍ഭിത്തിയുള്ളത്. തീരെ കടല്‍ഭിത്തിയില്ലാത്തതും തകര്‍ന്നടിഞ്ഞതുമായ ഭാഗത്തു നിരവധി വീടുകള്‍ ഉണ്ട് .
പാലപ്പെട്ടി മേഖലയിലെ അജ്മീര്‍നഗര്‍ , വെളിയങ്കോട് ഭാഗത്തെ പത്തുമുറി, പുതുപൊന്നാനി മേഖലയിലെ മുറിഞ്ഞഴി, പൊന്നാനി തിരഞ്ഞെ മരക്കടവ്, ലൈറ്റ് ഹൗസ് പരിസരം എന്നിവിടങ്ങളില്‍ കടല്‍ഭിത്തിയുടെ അഭാവം മൂലം കടലാക്രമണം പ്രതീക്ഷിക്കുകയാണ് . നിരവധി കുടുംബങ്ങളാണ് ഈ മേഖലയില്‍ തിങ്ങിപ്പാര്‍ക്കുന്നത് .
ഇടക്കിടെ കടല്‍ഭിത്തി നിര്‍മിക്കുമെങ്കിലും നിര്‍മിക്കാനെടുക്കുന്ന സമയത്തേക്കാള്‍ വേഗത്തില്‍ തകര്‍ന്നടിയുകയാണു പതിവ് . നിര്‍മാണത്തിലെ അശാസ്ത്രീയതയാണു കാരണം. ഒന്‍പതു കോടിരൂപ ചെലവില്‍ പൊന്നാനി തീരത്തു കടല്‍ഭിത്തി നിര്‍മിക്കുമെന്നു കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പായില്ല. തീരത്തെ പ്രതിരോധിക്കുന്നതിനായി സമ്പൂര്‍ണ കടല്‍ഭിത്തിക്കായി ജലസേചന വകുപ്പു വ്യത്യസ്ഥ പദ്ധതകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഇവയൊന്നും നടപ്പായില്ല .
കടല്‍ക്ഷോഭ സമയത്തു നഗരസഭയുടെ കിഴില്‍ പുനരധിവാസ കേന്ദ്രവും ഫിഷര്‍മെന്‍ കോളനിയും ഉണ്ടെങ്കിലും അവ വാസയോഗ്യമല്ലാതായിട്ടു കാലങ്ങളായി . ഇത്തവണത്തെ മഴയിലും തീരദേശത്തു കടുത്ത ദുരിതം വന്നെത്തുന്നതില്‍ യാതൊരു സംശയവുമില്ല . കടല്‍ഭിത്തിയുടെ കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ അടിയന്തിരമായി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണു തീരദേശവാസികള്‍ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."